Connect with us

Kasargod

സഅദിയ്യ സനദ്ദാന സമ്മേളനത്തിന് ഇന്ന് കൊടിയുയരും

Published

|

Last Updated

കാസര്‍കോട്: ദേളി ജാമിഅ സഅദിയ്യ: അറബിയ്യയുടെ 46-ാം വാര്‍ഷിക സനദ്ദാന മഹാസമ്മേളനത്തിനും നാല് പതിറ്റാണ്ടുകാലം സഅദിയ്യയെ മുന്നില്‍ നിന്ന് നയിച്ച താജുല്‍ ഉലമ ഉള്ളാള്‍ തങ്ങള്‍, നൂറുല്‍ ഉലമ എം എ ഉസ്താദ് എന്നിവരുടെ ഉറൂസിനും ഇന്ന് സഅദാബാദില്‍ തുടക്കമാകും. രാവിലെ 9.30ന് സ്വാഗതസംഘം ചെയര്‍മാന്‍ സയ്യിദ് ജഅ്ഫര്‍ സ്വാദിഖ് തങ്ങള്‍ കുമ്പോല്‍ പതാക ഉയര്‍ത്തുന്നതോടെ സഅദാബാദ് ഉറൂസിന് സജ്ജമാകും. പത്ത് മണിക്ക് നൂറുല്‍ ഉലമാ മഖാമില്‍ ഖത്മുല്‍ ഖുര്‍ആന്‍ ആരംഭിക്കും. എം അലികുഞ്ഞി മുസ്‌ലിയാര്‍ ഷിറിയ നേതൃത്വം നല്‍കും. രാവിലെ 10.30ന് പ്രവാസി കുടുംബസംഗമവും നാളെ രാവിലെ 10 മണിക്ക് പാരന്റ്‌സ് കോണ്‍ഫറന്‍സും നടക്കും.
12ന് വെള്ളിയാഴ്ച വൈകിട്ട് നാലിന് ഉദ്ഘാടന സമ്മേളനം സയ്യിദ് അസ്‌ലം ജിഫ്രി തങ്ങളുടെ പ്രാര്‍ഥനയോടെ ആരംഭിക്കും. സയ്യിദ് ജഅ്ഫര്‍ സ്വാദിഖ് തങ്ങള്‍ കുമ്പോലിന്റെ അധ്യക്ഷതയില്‍ കര്‍ണാടക മൈനോറിറ്റി ഡവലപ്‌മെന്റ് കോര്‍പറേഷന്‍ ചെയര്‍മാന്‍ സയ്യിദ് മശ്ഹൂദ് ഫൗജ്ദാര്‍ ഉദ്ഘാടനം ചെയ്യും. ഡോക്യുമെന്ററി, സുവനീര്‍, പുസ്തകം എന്നിവയുടെ പ്രകാശനം പി കരുണാകരന്‍ എം പി, എ ജി സി ബശീര്‍, മുഹ്‌യിദ്ദീന്‍ ബാവ എം എല്‍ എ, ഡോ. എന്‍ എ മുഹമ്മദ്, മാഹിന്‍ ഹാജി കല്ലട്ര, സി ടി അഹ്മദ് അലി എന്നിവര്‍ നിര്‍വഹിക്കും. യുഡോകിയാ എക്‌സ്‌പോ ജില്ലാ കലക്ടര്‍ പി എസ് മുഹമ്മദ് സഗീര്‍ ഐ എ എസും ബുക് ഫെയര്‍ സെന്‍ട്രല്‍ യൂനിവേഴ്‌സിറ്റി വി സി ഡോ. ഗോപകുമാറും ഉദ്ഘാടനം ചെയ്യും. രാത്രി ഏഴിന് മൗലീദ്, ഖത്തം ദുആ, ജലാലിയ്യ സദസ്സിന് പ്രമുഖര്‍ നേതൃത്വം നല്‍കും.
13ന് ശനിയാഴ്ച രാവിലെ 9.30ന് മുസ്‌ലിം ജമാഅത്ത് സമ്മേളനം സംസ്ഥാന ന്യൂനപക്ഷ മന്ത്രി മഞ്ഞളാംകുഴി അലി ഉദ്ഘാടനം ചെയ്യും. ഉച്ചക്ക് രണ്ട് മണിക്ക് ദഅ്‌വാ കോണ്‍ഫറന്‍സും, വൈകിട്ട് നാലിന് താജുല്‍ ഉലമ, നൂറുല്‍ ഉലമ, പൊസോട്ട് തങ്ങള്‍ അനുസ്മരണം നടക്കും. വൈകിട്ട് 6.30ന് അറബി-ഉറുദു നാഷനല്‍ കോണ്‍ഫറന്‍സ്, രാത്രി 8.30ന് ബുര്‍ദ മജ്‌ലിസ് നടക്കും.
സമാപന ദിവസമായ ഞായറാഴ്ച രാവിലെ എട്ടിന് സഅദി സംഗമം ഒമ്പത് മണിക്ക് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ അലുമ്‌നി മീറ്റ് എന്നിവ നടക്കും. താജുല്‍ ഉലമയുടെ സ്മാരകമായി ഒന്നരക്കോടി രൂപ ചെലവില്‍ നിര്‍മാണം പൂര്‍ത്തിയായ അഡ്മിനിസ്‌ട്രേഷന്‍ ബ്ലോക്ക് ഡോ. സയ്യിദ് മാസിന്‍ മഹ്ദി അല്‍ ജിഫ്‌രി ഉദ്ഘാടനം ചെയ്യും. 10.30ന് വിദ്യാഭ്യാസ വികസന സെമിനാര്‍ മന്ത്രി കെ സി ജോസഫ് ഉദ്ഘാടനം ചെയ്യും. യതീംഖാന അഡ്മിനിസ്‌ട്രേഷന്‍ ബ്ലോക്കിന്റെ ഉദ്ഘാടനവും മന്ത്രി നിര്‍വഹിക്കും. ബിരുദധാരികള്‍ക്കുള്ള സ്ഥാനവസ്ത്ര വിതരണവും മുല്‍ത്തഖല്‍ ഉലമ- പണ്ഡിത സമ്മേളനവും ഉച്ചക്ക് രണ്ട് മണിക്ക് നടക്കും.
14ന് ഞായറാഴ്ച സമാപന സനദ്ദാന മഹാസമ്മേളനം വൈകിട്ട് 4.30ന് ആരംഭിക്കും. സഅദിയ്യ പ്രസിഡന്റ് സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങളുടെ അധ്യക്ഷതയില്‍ ഡോ. സൈഫ് റാശിദ് അല്‍ ജാബിരി ദുബൈ ഉദ്ഘാടനം ചെയ്യും. സമസ്ത പ്രസിഡന്റ് ഇ സുലൈമാന്‍ മുസ്‌ലിയാര്‍ സനദ് ദാനം നിര്‍വഹിക്കും. സഅദിയ്യ ഉപാധ്യക്ഷന്‍ കെ പി ഹംസ മുസ്‌ലിയാര്‍ ചിത്താരി സനദ്ദാന പ്രഭാഷണവും സമസ്ത ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ മുഖ്യ പ്രഭാഷണവും നടത്തും. സയ്യിദ് മൗലാനാ മുഫ്തി മശ്ഹൂദ് ചെന്നൈ മുഖ്യാതിഥിയായിരിക്കും. സഅദി, അഫഌല്‍ സഅദി, ഹാഫിള് തുടങ്ങി 247 പേര്‍ ഈ സമ്മേളനത്തില്‍ സനദ് സ്വീകരിക്കും.
സഅദിയ്യ പ്രിന്‍സിപ്പാള്‍ എ കെ അബ്ദുര്‍റഹ്മാന്‍ മുസ്‌ലിയാര്‍, സയ്യിദ് ഇബ്‌റാഹീം ഖലീല്‍ ബുഖാരി, സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ കുറാ, എം അലിക്കുഞ്ഞി മുസ്‌ലിയാര്‍ ഷിറിയ, ബേക്കല്‍ ഇബ്‌റാഹീം മുസ്‌ലിയാര്‍, പേരോട് അബ്ദുറഹ്മാന്‍ സഖാഫി, അബ്ബാസ് മുസ്‌ലിയാര്‍ മഞ്ഞനാടി, എ പി അബ്ദുല്ല മുസ്‌ലിയാര്‍ മാണിക്കോത്ത്, മുന്‍ കേന്ദ്ര മന്ത്രി സി എം ഇബ്‌റാഹീം, കര്‍ണാടക മന്ത്രി യു ടി ഖാദിര്‍, എന്‍ വി അബ്ദുറസാഖ് സഖാഫി, അബ്ദു ലത്തീഫ് പഴശ്ശി തുടങ്ങിയവര്‍ പ്രസംഗിക്കും. വൈ അബ്ദുല്ലക്കുഞ്ഞി ഹാജി, എ പി അബ്ദുല്‍ കരീം ഹാജി ചാലിയം, മന്‍സൂര്‍ ഹാജി ചെന്നൈ, എസ് കെ ഖാദര്‍ ഹാജി ബാംഗ്ലൂര്‍ അവാര്‍ഡ്ദാനം നിര്‍വ്വഹിക്കും.
വിദേശ രാഷ്ട്ര പ്രതിനിധികള്‍ ഉള്‍പ്പെടെ പ്രമുഖ പണ്ഡിതര്‍, സയ്യിദുമാര്‍, രാഷ്ട്രീയ-സാംസ്‌കാരിക നേതാക്കള്‍ സംബന്ധിക്കും. വിവിധ പരിപാടികളിലായി അഞ്ചുലക്ഷത്തിലേറെ വിശ്വാസികള്‍ സഅദിയ്യയിലെത്തും. വിശ്വാസി ലക്ഷങ്ങളെ വരവേല്‍ക്കാന്‍ അതിവിപുലമായ സജ്ജീകരണങ്ങളാണ് സഅദാബാദില്‍ ഒരുക്കിയിട്ടുള്ളത്.

Latest