യു ഡി എഫിലുറച്ച് ജനതാദള്‍- യു; വീരന്‍ രാജ്യസഭയിലേക്ക്

Posted on: February 8, 2016 12:03 am | Last updated: February 8, 2016 at 12:03 am
SHARE

oomen chandy and veerendra kumarതിരുവനന്തപുരം: യു ഡി എഫ് വിടാനുള്ള നീക്കത്തില്‍ നിന്ന് ജനതാദള്‍- യു പിന്മാറുന്നു. പാര്‍ട്ടി പിളരുമെന്ന ഭീതിയും വീരേന്ദ്രകുമാറിന് രാജ്യസഭാ സീറ്റ് നല്‍കാമെന്ന യു ഡി എഫ് വാഗ്ദാനവും പരിഗണിച്ചാണ് നിലപാട് മാറ്റം. മുന്നണി മാറ്റം ചര്‍ച്ച ചെയ്യാന്‍ വിളിച്ചു ചേര്‍ത്ത സംസ്ഥാന കൗണ്‍സില്‍ യോഗം പുതിയ സാഹചര്യത്തില്‍ വീണ്ടും മാറ്റിവെച്ചു. ജില്ലാ കൗണ്‍സിലുകളില്‍ ഭൂരിഭാഗവും എല്‍ ഡി എഫിലേക്ക് പോകണമെന്ന് നിര്‍ദേശിച്ചെങ്കിലും പാര്‍ട്ടിയുടെ ശക്തികേന്ദ്രങ്ങളായി കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ നിന്ന് ഉയര്‍ന്ന ശക്തമായ എതിര്‍പ്പാണ് പുനര്‍വിചിന്തനത്തിന് പ്രേരിപ്പിച്ചത്. മാത്രമല്ല, മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും കെ പി സി സി പ്രസിഡന്റ് വി എം സുധീരനും പാര്‍ട്ടിക്ക് രാജ്യസഭാസീറ്റ് നല്‍കുമെന്ന വാഗ്ദാനവും മുന്നോട്ടുവെച്ചു. ഏപ്രില്‍ മാസം ഒഴിവുവരുന്ന മൂന്ന് രാജ്യസഭാ സീറ്റുകളിലൊന്ന് ജനതാദള്‍ യു വിന് നല്‍കാനാണ് കോണ്‍ഗ്രസിലെ ധാരണ. ഇതനുസരിച്ച് എം പി വീരേന്ദ്രകുമാര്‍ രാജ്യസഭയിലെത്തും.
പിണറായി വിജയനും എം പി വീരേന്ദ്രകുമാറിനുമിടയില്‍ നിന്നിരുന്ന അകല്‍ച്ച മാറിയതോടെയാണ് ജനതാദള്‍ യു വിന്റെ മുന്നണി മാറ്റം സജീവ ചര്‍ച്ചയായത്. ചിന്താ പബ്ലിക്കേഷന്‍ പ്രസിദ്ധീകരിച്ച വീരേന്ദ്രകുമാറിന്റെ പുസ്തകം പ്രകാശനം ചെയ്യാന്‍ പിണറായി വിജയന്‍ നേരിട്ടെത്തിയതോടെ ഇരുവര്‍ക്കുമിടയിലെ അകല്‍ച്ച അടുപ്പമായി മാറി. ജനതാദള്‍ എസിന്റെ എതിര്‍പ്പ് അവഗണിച്ച് പിണറായിയും കോടിയേരിയും വീരേന്ദ്രകുമാറിനെ എല്‍ ഡി എഫിലേക്ക് പരസ്യമായി ക്ഷണിച്ചു. മുന്നണി മാറ്റ ചര്‍ച്ചകളിലേക്ക് ജനതാദള്‍- യു നീങ്ങുക കൂടി ചെയ്തതോടെയാണ് കോണ്‍ഗ്രസ് നേതൃത്വം ഇടപെട്ടത്.
വീരേന്ദ്രകുമാറിന്റെ പാലക്കാട് തോല്‍വി അന്വേഷിച്ച യു ഡി എഫ് ഉപസമിതി റിപ്പോര്‍ട്ട് നടപ്പാക്കിയില്ലെന്നും തദ്ദേശ തിരഞ്ഞെടുപ്പില്‍ മത്സരിച്ച സ്ഥലങ്ങളില്‍ പാര്‍ട്ടിയെ കാലുവാരിയെന്നുമായിരുന്നു ജനതാദള്‍-യുവിന്റെ പരാതി. യു ഡി എഫ് യോഗങ്ങളില്‍ പാര്‍ട്ടി പ്രതിനിധികള്‍ ഇക്കാര്യം നിരന്തരം ഉന്നയിച്ചെങ്കിലും നടപടിയുണ്ടായില്ല. ഇതിനിടെയാണ് വീരേന്ദ്രകുമാറിനെ എല്‍ ഡി എഫിലേക്ക് സി പി എം നേതാക്കള്‍ നിരന്തരം സ്വാഗതം ചെയ്തത്. മുന്നണി മാറ്റം സംബന്ധിച്ച അഭിപ്രായം ആരാഞ്ഞ് എല്ലാ ജില്ലകളിലും ജനതാദള്‍- യു കൗണ്‍സില്‍ യോഗം വിളിച്ചു. കണ്ണൂര്‍, കോഴിക്കോട് ജില്ലാ കമ്മറ്റികള്‍ ഒഴികെ 12 ജില്ലാ ഘടകവും എല്‍ ഡി എഫിലേക്ക് പോകണമെന്ന നിര്‍ദേശം മുന്നോട്ടുവെച്ചു. ഇതിനിടെയാണ് മന്ത്രി കെ പി മോഹനന്റെ നേതൃത്വത്തില്‍ ഒരു വിഭാഗം യു ഡി എഫില്‍ തുടരുമെന്ന് പ്രഖ്യാപിച്ചത്. ഇത് വീണ്ടുമൊരു പിളര്‍പ്പിലേക്ക് നയിക്കുമെന്ന സ്ഥിതി വന്നു.
പാര്‍ട്ടിക്ക് സ്വാധീനമുള്ള കണ്ണൂര്‍ ജില്ലയിലെ പാനൂര്‍, കോഴിക്കോട് ജില്ലയിലെ വടകര, ഏറമല മേഖലയില്‍ നിന്ന് ശക്തമായ എതിര്‍പ്പാണ് ഉയര്‍ന്നത്. വീണ്ടുമൊരു മാറ്റം വന്നാല്‍ അണികള്‍ ബി ജെ പിയിലേക്ക് നീങ്ങുമെന്ന ആശങ്കപോലും ഒരു വിഭാഗം ഉയര്‍ത്തി. ഇതോടൊപ്പം രാജ്യസഭാ സീറ്റ് വാഗ്ദാനം കൂടിയെത്തിയതോടെയാണ് ജനതാദള്‍- യുവിനെ മനസ്സ് മാറ്റുന്നത്.
അതേസമയം, മുന്നണി മാറണമെന്ന നിലപാടുള്ളവര്‍ അവരുടെ താത്പര്യത്തിന് അനുസൃതമായ തീരുമാനം വന്നില്ലെങ്കില്‍ ജനതാദള്‍ എസിലേക്ക് മടങ്ങുമോയെന്ന ആശങ്കയും നേതൃത്വത്തിനുണ്ട്. രാജ്യസഭയില്‍ എ കെ ആന്റണി, കെ എന്‍ ബാലഗോപാല്‍, ടി എന്‍ സീമ എന്നിവരുടെ കാലാവധിയാണ് ഏപ്രില്‍ രണ്ടിന് അവസാനിക്കുന്നത്. ഈ മൂന്ന് സീറ്റുകളിലെ തിരഞ്ഞെടുപ്പ് തീയതിയും വിജ്ഞാപനവും മാര്‍ച്ചില്‍ പ്രഖ്യാപിക്കും.
നിലവില്‍ നിയമസഭയിലെ കക്ഷിനിലയനുസരിച്ച് യു ഡി എഫിന് രണ്ട് സീറ്റും എല്‍ ഡി എഫിന് ഒരു സീറ്റിലുമാണ് ജയിക്കാന്‍ കഴിയുക. ഇതില്‍ ആന്റണി കോണ്‍ഗ്രസിന്റെ ദേശീയ നേതൃനിരയില്‍ അനിവാര്യനായതിനാല്‍ അദ്ദേഹത്തെ വീണ്ടും പാര്‍ട്ടി രാജ്യസഭയിലേക്ക് കൊണ്ടുവരും. യു ഡി എഫിന് ലഭിക്കുന്ന രണ്ടാമത്തെ സീറ്റാകും വീരേന്ദ്രകുമാറിന് നല്‍കുക. യു ഡി എഫ് ഘടക കക്ഷികളില്‍ കേരളാ കോണ്‍ഗ്രസ്- എമ്മിനും മുസ്‌ലിം ലീഗിനും നിലവില്‍ രാജ്യസഭയില്‍ പ്രാതിനിധ്യമുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here