ജഡ്ജിമാര്‍ക്കെതിരായ പരാതികളുടെ അന്വേഷണം: പുതിയ നിയമം വരുന്നു

Posted on: February 8, 2016 4:44 am | Last updated: February 7, 2016 at 11:45 pm
SHARE

court-hammerന്യൂഡല്‍ഹി: രാജ്യത്തെ ഉന്നത നീതിപീഠങ്ങളിലെ ന്യായാധിപര്‍ക്കെതിരായ പരാതികള്‍ അന്വേഷിക്കുന്നതിന് പുതിയ നിയമം കൊണ്ടുവരാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം തുടങ്ങി. ഇതിന്റെ ഭാഗമായി നിയമ മന്ത്രാലയം ബില്‍ തയ്യാറാക്കുന്നു. ഈ മാസം നടക്കുന്ന നാഷനല്‍ മിഷന്‍ ഫോര്‍ ജസ്റ്റിസ് ഡെലിവിറി ആന്‍ഡ് ലീഗല്‍ റിഫോംസിന്റെ ഒമ്പതാമത് ഉപദേശക സമിതി യോഗത്തില്‍ ഈ ബില്‍ അവതരിപ്പിക്കാനാണ് നിയമ മന്ത്രാലയം ആലോചിക്കുന്നത്.
ന്യായാധിപരുടെ യോഗ്യത, ദുര്‍നടപ്പ് തുടങ്ങിയവയെ കുറിച്ചുള്ള പരാതി അന്വേഷിക്കുന്നതിന് നിലവിലെ നിയമങ്ങള്‍ പര്യാപ്തമല്ലെന്ന യാഥാര്‍ഥ്യം നിലനില്‍ക്കെയാണ് പുതിയ ബില്‍ കൊണ്ടുവരാന്‍ കേന്ദ്ര നിയമ മന്ത്രാലയം ആലോചിക്കുന്നത്.
സുപ്രീം കോടതി, ഹൈക്കോടതി എന്നീ ഉന്നത നീതിപീഠങ്ങളിലെ ജഡ്ജിമാര്‍ക്കെതിരായ പരാതികള്‍ അന്വേഷിക്കുന്നതിന് പുതിയ സമിതി രൂപവത്കരിക്കാനാണ് ബില്‍ നിര്‍ദേശിക്കുന്നത്. കേന്ദ്ര നിയമമന്ത്രി അധ്യക്ഷനായ നാഷനല്‍ മിഷന്‍ ഫോര്‍ ജസ്റ്റിസ് ഡെലിവിറി ആന്‍ഡ് ലീഗല്‍ റിഫോംസിന്റെ ഉപദേശക സമിതിയില്‍ അറ്റോര്‍ണി ജനറല്‍, ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ പ്രതിനിധി, ദേശീയ നിയമ കമ്മീഷന്‍ അധ്യക്ഷന്‍, സുപ്രീം കോടതി രജിസ്ട്രാര്‍ എന്നിവരും അംഗങ്ങളാണ്. നേരത്തെയുള്ള ബില്ലിനെക്കാള്‍ ശക്തവും സുതാര്യവുമായിരിക്കും പുതിയ ബില്ലെന്നും ഇതുസംബന്ധിച്ച നിയമ മന്ത്രാലയത്തിന്റെ കുറിപ്പില്‍ പറയുന്നു. ജഡ്ജിമാരുടെ സ്വാതന്ത്ര്യവും നിഷ്പക്ഷതയും അവര്‍ക്കിടയില്‍ ഉത്തരവാദിത്വബോധം ഊട്ടിയുറപ്പിക്കുന്ന രീതിയിലുമാണ് പുതിയ ബില്‍ ആവിഷ്‌കരിക്കുന്നത്. ജഡ്ജിമാരുടെ സ്വത്തും മറ്റു ബാധ്യതകളും ഉള്‍പ്പെടെ പരസ്യമാക്കാനും ബില്ലില്‍ വ്യവസ്ഥയുണ്ട്.
അതേസമയം, ജഡ്ജിമാര്‍ക്കെതിരായ അന്വേഷണത്തിന്റെ നടപടിക്രമങ്ങളും ആരോപണം ശരിയെന്ന് ബോധ്യപ്പെട്ടാല്‍ ശിക്ഷ വിധിക്കാനുള്ള അധികാരം ആര്‍ക്ക് എന്നതുള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ഇപ്പോഴും തര്‍ക്കം നിലനില്‍ക്കുന്നുണ്ട്. ജഡ്ജിമാര്‍ക്കെതിരായ പരാതി പരിശോധിക്കുന്ന സമിതിയില്‍ അതേ കോടതിയിലെ ജഡ്ജിമാരെ ഉള്‍പ്പെടുത്തണോ നിയമവൃത്തങ്ങള്‍ക്ക് പുറത്തുള്ളവരെ സമിതിയില്‍ അംഗമാക്കുന്നതിനോട് ജുഡീഷ്യറിക്ക് യോജിപ്പുണ്ടോ അനാവശ്യ പരാതികള്‍ നല്‍കുന്നവരെ ശിക്ഷിക്കാന്‍ വ്യവസ്ഥയുണ്ടോ തുടങ്ങിയ കാര്യങ്ങളില്‍ വ്യക്തത വരുത്തിയിട്ടില്ല.
ഇതേയാവശ്യത്തിനായി യു പി എ സര്‍ക്കാര്‍ ജുഡീഷ്യല്‍ സ്റ്റാന്‍ഡേഡ്‌സ് ആന്‍ഡ് അക്കൗണ്ടബിലിറ്റി ബില്‍ കൊണ്ടുവന്നിരുന്നുവെങ്കിലും 2014ല്‍ ആ സര്‍ക്കാറിന്റെ കാലാവധി കഴിഞ്ഞതോടെ ബില്‍ ലാപ്‌സാകുകയായിരുന്നു. 2012ല്‍ ലോക്‌സഭയില്‍ പാസ്സായ ബില്‍ നിയമവൃത്തങ്ങളില്‍ നിന്ന് ശക്തമായ എതിര്‍പ്പുയര്‍ന്നതിനെ തുടര്‍ന്ന് ഭേദഗതിയോടെയാണ് രാജ്യസഭയില്‍ പാസ്സായത്. അന്ന് ജുഡീഷ്യല്‍ അക്കൗണ്ടബിലിറ്റി ബില്ലിനോട് ദേശീയ നിയമ കമ്മീഷനും വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു. ജുഡീഷ്യറിക്ക് കൂടുതല്‍ സ്വാതന്ത്ര്യവും നിഷ്പക്ഷതയും ഉറപ്പുവരുത്തുന്ന വിധത്തിലുള്ള ബില്ലാണ് വേണ്ടതെന്നായിരുന്നു കമ്മീഷന്റെ അഭിപ്രായം. ഇത്തരത്തിലുള്ള ബില്ലിനെ കുറിച്ച് ആലോചിക്കുന്നുണ്ടെന്നും ബന്ധപ്പെട്ടവരുമായി കൂടിയാലോചന നടത്തിവരികയാണെന്നും ഡിസംബറില്‍ നിയമന്ത്രി ഡി വി സദാനന്ദ ഗൗഡ പാര്‍ലിമെന്റില്‍ പറഞ്ഞിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here