മാസപ്പടിക്കാലവും കടന്ന് അഴിമതി ഡിജിറ്റലാകുമ്പോള്‍

മാസപ്പടിക്കേസില്‍ ആരോപണവിധേയരായവര്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയാല്‍ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലോ പാര്‍ട്ടിയിലോ ഉണ്ടാകില്ലെന്ന് അന്ന് ഇടതു മുന്നണി കണ്‍വീനറായിരുന്ന വി എസ് അച്യുതാനന്ദനും കോണ്‍ഗ്രസ് നേതാവായിരുന്ന കെ കരുണാകരനും പ്രസ്താവിച്ചിരുന്നു. എന്നാല്‍, മാസപ്പടിക്കണക്ക് സി ഡിയിലും പെന്‍ഡ്രൈവിലും ഫോണ്‍ കോളുകളുടെ പട്ടികയിലുമൊക്കെയാകുന്ന കാലത്ത്, ആരോപണങ്ങളെെയാക്കെ തള്ളിക്കളയുന്ന നേതൃത്വം, അന്വേഷണത്തില്‍ കുറ്റം തെളിഞ്ഞാല്‍ നടപടിയുണ്ടാകുമെന്ന് പറയാന്‍ പോലും മടിക്കുന്നു. അന്വേഷണത്തെ ഏത് വിധത്തിലും അട്ടിമറിക്കാന്‍ മറയില്ലാതെ ശ്രമിക്കുന്നുണ്ട് ഭരണ നേതൃത്വം. അതിനെ പിന്താങ്ങുകയല്ലാതെ പോംവഴികളില്ലെന്ന സ്ഥിതിയിലേക്ക് പാര്‍ട്ടി നേതൃത്വം പരിമിതപ്പെട്ടിരിക്കുന്നു. ആരോപണങ്ങള്‍ പുറത്തേക്ക് വരുന്നതില്‍ ഗ്രൂപ്പ് വൈരം വലിയ പങ്ക് വഹിച്ചുവെങ്കിലും പുറത്തേക്കുവന്ന ആരോപണങ്ങള്‍ ഗ്രൂപ്പ് ഭേദമില്ലാതെ ഏവരെയും വരിഞ്ഞുവെന്നതും ഈ അവസ്ഥക്ക് കാരണമാണ്.
Posted on: February 8, 2016 5:20 am | Last updated: February 7, 2016 at 11:23 pm

currency1996 മാര്‍ച്ച് 31ന് അര്‍ധരാത്രി, ചാരായനിരോധം പ്രാബല്യത്തിലായതിന് ശേഷമാണ് അന്ന് അധികാരത്തിലിരുന്ന എ കെ ആന്റണി സര്‍ക്കാര്‍ തിരഞ്ഞെടുപ്പിനെ നേരിട്ടത്. പാമൊലിന്‍ ഇറക്കുമതിയില്‍ അഴിമതിയുണ്ടെന്ന ആരോപണവും ദശകങ്ങളായി തുടരുന്ന കേസും, ഇല്ലാത്ത ചാരപ്രവൃത്തി മെനഞ്ഞെടുത്തതിനെത്തുടര്‍ന്ന് ഒരു ശാസ്ത്രജ്ഞനടക്കം നിരവധി പേര്‍ അനുഭവിക്കേണ്ടിവന്ന പീഡനങ്ങള്‍, അപകടത്തില്‍ പെട്ട കരുണാകരന്‍ അധികാരത്തിന്റെയും ഗ്രൂപ്പിന്റെയും കടിഞ്ഞാണേറ്റെടുക്കാന്‍ വരില്ലെന്ന് പ്രതീക്ഷിച്ച് അന്നോളം ലീഡര്‍ എന്ന് മുഴുവന്‍ വിളിക്കാത്ത ആശ്രിതര്‍, സ്വന്തം ഗ്രൂപ്പുണ്ടാക്കി ശക്തരാകാന്‍ ശ്രമിച്ചത്, കോണ്‍ഗ്രസിലെ ഗ്രൂപ്പുപോരില്‍ ചാരക്കേസ് ആയുധമാക്കപ്പെട്ടപ്പോള്‍ കെ കരുണാകരന് സ്ഥാനമൊഴിയേണ്ടി വന്നത് എന്നിങ്ങനെ ഇപ്പോഴും പ്രകമ്പനങ്ങള്‍ ശേഷിപ്പിക്കുന്ന ഭൂകമ്പങ്ങള്‍ അരങ്ങേറിയ അഞ്ച് വര്‍ഷം അധികാരത്തില്‍ തിരിച്ചെത്തിക്കില്ലെന്ന് ഉറപ്പുണ്ടായിരുന്നപ്പോള്‍ എ കെ ആന്റണി പുറത്തെടുത്ത ആയുധമായിരുന്നു ചാരായ നിരോധം. തിരഞ്ഞെടുപ്പില്‍ യു ഡി എഫ് നല്ലതുപോലെ തോറ്റു.
ചാരായ നിരോധം അനധികൃത മദ്യവില്‍പ്പനയുടെ വലിയ അവസരം കേരളത്തില്‍ തുറന്നുകൊടുത്തു. അത് മുതലെടുക്കാന്‍ നിരവധിയാളുകള്‍ രംഗത്തുവന്നു. അത് വലിയ ദുരന്തം വിതച്ചത് കല്ലുവാതുക്കലും കൊട്ടാരക്കരയിലുമായിരുന്നു. വിഷമദ്യം കഴിച്ച് 32 പേര്‍ മരിച്ചു. ജീവച്ഛവമായവര്‍ കുറവല്ല. പിന്നീടുമുണ്ടായി ചെറുതും വലുതുമായ മദ്യദുരന്തങ്ങള്‍. അതിലേറ്റവും വലുത് മലപ്പുറം ജില്ലയിലായിരുന്നു. കുറ്റിപ്പുറം റെയില്‍വേ സ്റ്റേഷനില്‍ രണ്ട് പേരെ മരിച്ചനിലയില്‍ കണ്ടെത്തിയതോടെ ആരംഭിച്ച എണ്ണല്‍ 26 ജീവനുകളൊടുങ്ങിയപ്പോഴാണ് അവസാനിച്ചത്. ചാരായം സുലഭമായിരുന്ന കാലത്തുതന്നെ കേരളത്തിലേക്ക് സ്പിരിറ്റിന്റെ കള്ളക്കടത്തുണ്ടായിരുന്നു. ചാരായക്കടകള്‍ ലേലത്തിനെടുക്കുന്നവര്‍ സര്‍ക്കാര്‍ വിതരണം ചെയ്യുന്ന ചാരായത്തിന് പുറമെ, കടത്തിക്കൊണ്ടുവരുന്ന സ്പിരിറ്റ് നേര്‍പ്പിച്ച് വിറ്റ് ലാഭമുണ്ടാക്കി. ചാരായം നിരോധിച്ചതോടെ കടത്തിക്കൊണ്ടുവരുന്ന സ്പിരിറ്റിന്റെ വിപണന സാധ്യത വര്‍ധിച്ചു. ഈ അപകടം മുന്നില്‍ക്കണ്ട് ആദ്യഘട്ടങ്ങളില്‍ വലിയ കരുതല്‍ സര്‍ക്കാറിന്റെ ഭാഗത്തുനിന്നുണ്ടായി.
മദ്യമുതലാളിമാര്‍, കടത്തുകാര്‍, ഏക്‌സൈസ് – പോലീസ് ഉദ്യോഗസ്ഥര്‍, അവരുടെ മേലാളന്‍മാരായ രാഷ്ട്രീയ നേതാക്കള്‍ എന്നിവരുടെ സഖ്യം വൈകാതെ രൂപപ്പെടുകയും കേരളത്തിലേക്കുള്ള സ്പിരിറ്റ് കടത്ത് ഊര്‍ജിതമാകുകയും ചെയ്തു. അതിന്റെ ഫലമായിരുന്നു രണ്ടായിരത്തില്‍ കല്ലുവാതുക്കലും കൊട്ടാരക്കരയിലും കണ്ടത്. 2010ല്‍ കുറ്റിപ്പുറത്തും പരിസര പ്രദേശങ്ങളിലും അരങ്ങേറിയതിന്റെ പിന്നാമ്പുറക്കഥയും മറ്റൊന്നല്ല. കല്ലുവാതുക്കല്‍ ദുരന്തക്കേസിലെ പ്രതി മണിച്ചന്റെ വസതിയില്‍ നിന്ന് പിടിച്ചെടുത്ത ഡയറിയില്‍ പോലീസ് – എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്കും രാഷ്ട്രീയ നേതാക്കള്‍ക്കും നല്‍കിവന്നിരുന്ന കോഴയുടെ കണക്കുണ്ടായിരുന്നു. എല്ലാവര്‍ക്കും മാസം തോറും നിശ്ചിത തുക നല്‍കിക്കൊണ്ടാണ് മണിച്ചന്‍, തന്റെ അനധികൃത മദ്യവ്യാപാരം തടസ്സങ്ങളില്ലാതെ മുന്നോട്ടുകൊണ്ടുപോയിരുന്നത്. കുറ്റിപ്പുറത്തെയും വാണിയമ്പലത്തെയും കള്ളുഷാപ്പുകളുടെ ലൈസന്‍സ് എടുത്തിരുന്ന ദ്രവ്യന്റെ പക്കലുമുണ്ടായിരുന്നു ഇതുപോലൊരു ഡയറി. മാസം തോറും ഉദ്യോഗസ്ഥര്‍ക്കും നേതാക്കള്‍ക്കും നല്‍കിവന്ന പണത്തിന്റെ കണക്ക് അതില്‍ രേഖപ്പെടുത്തിയിരുന്നു.
മണിച്ചന്റെ ഡയറിയിലെ പേരുകള്‍ വലിയ തര്‍ക്കങ്ങള്‍ക്ക് വഴിവെച്ചു. നിലവില്‍ സി പി എമ്മിന്റെ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായ കടകംപള്ളി സുരേന്ദ്രനുള്‍പ്പെടെ നേതാക്കളെയും ഉദ്യോഗസ്ഥരെയും ആരോപണവിധേയരാക്കി കേസെടുക്കുകയും അന്വേഷണം നടത്തുകയും ചെയ്തു. തെളിവില്ലെന്ന് കണ്ട് കടകംപിള്ളിയെ പിന്നീട് കോടതി കുറ്റവിമുക്തനാക്കി. മാസപ്പടി എന്ന് പ്രസിദ്ധമോ കുപ്രസിദ്ധമോ ആയ ഈ കേസുകള്‍ ഏതാണ്ടെല്ലാം തെളിവില്ലാത്തതിനാലോ അന്വേഷണം അട്ടിമറിക്കപ്പെട്ടതിനാലോ ഇല്ലാതായി. ദ്രവ്യന്റെ കാര്യത്തിലും ദ്രവ്യം പ്രധാനമാകയാല്‍ ഉയര്‍ന്ന ഉദ്യോഗസ്ഥരുടെയോ അവര്‍ക്ക് പിറകില്‍ നിന്ന രാഷ്ട്രീയ നേതാക്കളുടെയോ പങ്ക് പുറത്തുവന്നതേയില്ല.
അനധികൃതമായ വ്യവസായത്തിന് ഭരണത്തിന്റെ വിവിധ തലങ്ങളിലുള്ളവര്‍ അരുനിന്നതിന്റെ ഫലങ്ങളായിരുന്നു കല്ലുവാതുക്കലും കുറ്റിപ്പുറവും. അധികൃതമായിരുന്ന വ്യവസായം തുടര്‍ന്നുകൊണ്ടുപോകാന്‍ ശ്രമിച്ചതിന്റെ തുടര്‍ചലനങ്ങളാണ് ബാര്‍ കോഴ ആരോപണങ്ങള്‍. വാങ്ങിയവര്‍ക്കും കൊടുത്തവര്‍ക്കും പരസ്പരം അറിയാമെങ്കിലും രണ്ട് കൂട്ടര്‍ക്കും പ്രയാസമേതുമില്ലാതെ നിഷേധിക്കാവുന്നതും ഏതന്വേഷണം വന്നാലും വ്യക്തമായ തെളിവ് ഹാജരാക്കാന്‍ സാധിക്കാത്തതുമായ ഇടപാട്. അല്ലെങ്കില്‍ ആരോപണവിധേയരായ (കൊണ്ടവരും കൊടുത്തവരും) ആളുകള്‍ക്ക് പ്രായപൂര്‍ത്തിയായപ്പോള്‍ മുതലുള്ള വരുമാനത്തിന്റെ കണക്ക് പരിശോധിക്കണം. അവരുടെ ബന്ധുക്കളുടെ സ്വത്ത് വിവരം ശേഖരിക്കണം. ബിനാമികള്‍ ആരൊക്കെ എന്ന് കണ്ടെത്തണം. ബിനാമികളാണെന്ന് കോടതിക്ക് ബോധ്യപ്പെടും വിധത്തിലുള്ള തെളിവുകള്‍ ഹാജരാക്കണം. ഇതൊന്നും നടപ്പ് ജനാധിപത്യരീതിയിലോ ഭരണ സമ്പ്രദായത്തിലോ നടക്കുമെന്ന് തോന്നുന്നില്ല. അപവാദമായി അതിനൊരു മുന്‍കൈയുണ്ടായാല്‍ തടയിടാന്‍ പല അവസരങ്ങള്‍ തുറന്നുനല്‍കുന്നുണ്ട് നമ്മുടെ നിയമ വ്യവസ്ഥയും അതിനെ വ്യാഖ്യാനിക്കുന്ന നീതിന്യായ സംവിധാനത്തെ നയിക്കുന്നവരും. സാങ്കേതികമായി അതൊക്കെ ശരിയായിരിക്കുകയും ചെയ്യും.
സോളാര്‍ എന്നത് ഒരു തട്ടിപ്പു കേസും അതിന് അകമ്പടിയായുള്ള ലൈംഗികാപവാദങ്ങളുമായിരുന്നു ഇതുവരെ. കൃത്യമായി പറഞ്ഞാല്‍ സരിത നായര്‍, സോളാര്‍ കമ്മീഷന് മുന്നില്‍ ഹാജരായി മൊഴിനല്‍കും വരെ. അന്യന്റെ കാര്യങ്ങളിലേക്ക് ഒളിഞ്ഞുനോക്കുക എന്നത് ഹരമായിക്കൊണ്ടുനടക്കുന്ന മലയാളികളെ ഉദ്വേഗത്തിന്റെ മുള്‍മുനയില്‍ നിര്‍ത്താന്‍ പാകത്തില്‍ അപവാദ കഥകളെ നിലനിര്‍ത്തുന്നുണ്ട് സരിത. എങ്കിലും അധികൃതമായ ഒരു വ്യവസായ സ്ഥാപനം ആരംഭിക്കാനിറങ്ങിപ്പുറപ്പെട്ടതിന്റെ ബാക്കിയാണ് ഇതൊക്കെ എന്ന് കരുതേണ്ടിവരുന്നു.
ഊര്‍ജാവശ്യം വര്‍ധിക്കുന്നതിന് അനുസരിച്ച് നിലവിലുള്ള വൈദ്യുത പദ്ധതികളില്‍ ഉത്പാദനം കൂട്ടാന്‍ സാധിക്കാത്ത സ്ഥിതി. പുതിയ ജലവൈദ്യുത പദ്ധതികളോ താപ – ആണവ നിലയങ്ങളോ ആരംഭിക്കാന്‍ സാധിക്കാത്ത അവസ്ഥ. ഈ ഘട്ടത്തില്‍ പാരമ്പര്യേതര ഉര്‍ജ സ്രോതസ്സുകളെ പ്രോത്സാഹിപ്പിക്കണമെന്ന നിലപാട് കേന്ദ്ര – സംസ്ഥാന സര്‍ക്കാറുകള്‍ നേരത്തെ തന്നെ എടുത്തിട്ടുണ്ട്. പക്ഷേ, പാരമ്പര്യേതര ഊര്‍ജ സ്രോതസ്സുകളെ വിനിയോഗിക്കാന്‍ പാകത്തിലുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുക എന്നത് നിര്‍ബന്ധമല്ല തന്നെ. അത് നിര്‍ബന്ധമാക്കിക്കൊണ്ടൊരു നയം സ്വീകരിച്ചാല്‍, സൗരോര്‍ജ പാനലുകളുടെയും മറ്റും വിപണനം വര്‍ധിക്കും. അത്തരമൊരു തീരുമാനമെടുക്കാമെന്ന വാഗ്ദാനം ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാറോ ഉമ്മന്‍ ചാണ്ടി തന്നെയോ അല്ലെങ്കില്‍ ഉമ്മന്‍ ചാണ്ടി മന്ത്രിസഭയിലെ അംഗങ്ങളോ സരിതക്ക് നല്‍കിയിരുന്നോ? ഉണ്ടെന്നാണ് അവര്‍ പറയുന്നത്. ഇല്ലെന്ന് ഉറപ്പിച്ച് പറയാന്‍ ഉമ്മന്‍ ചാണ്ടിക്കും കൂട്ടര്‍ക്കും സാധിക്കില്ല.
നയപരമായ തീരുമാനം എടുക്കുന്നതിനായി മന്ത്രിമാര്‍ക്കും മുഖ്യമന്ത്രി പറഞ്ഞതിനുസരിച്ച് ഒരു വ്യക്തിക്കും പണം നല്‍കിയെന്ന് സരിത ആരോപിക്കുന്നു. സോളാര്‍ പാനലുകള്‍ സ്ഥാപിച്ചുകൊടുക്കാമെന്ന് പറഞ്ഞ് വിവിധ വ്യക്തികളില്‍ നിന്ന് ശേഖരിച്ച പണമാണ് മന്ത്രിമാര്‍ക്കും മുഖ്യമന്ത്രി പറഞ്ഞ വ്യക്തിക്കും കോഴയായി നല്‍കിയതെന്നും അവര്‍ കൂട്ടിച്ചേര്‍ക്കുന്നു. സോളാര്‍ പാനല്‍ സ്ഥാപിച്ചു നല്‍കാമെന്ന് പറഞ്ഞ് വിവിധ വ്യക്തികളില്‍ നിന്ന് പണം തട്ടിയ സംഘത്തിന്റെ നേതാവ് എന്നാണ് സരിത നായരെ കേരളം ആദ്യം പരിചയപ്പെടുന്നത്. ആ പണം യഥാര്‍ഥത്തില്‍ തട്ടിയെടുത്തത് മന്ത്രിമാരും മുഖ്യമന്ത്രി പറഞ്ഞ വ്യക്തിയുമായിരുന്നോ? അങ്ങനെയെങ്കില്‍ സരിത നായരെയും കൂട്ടരെയും മാത്രം തട്ടിപ്പുകാരെന്ന് ആക്ഷേപിക്കുന്നതില്‍ വിവേചനമുണ്ട്.
സര്‍ക്കാര്‍ ആവിഷ്‌കരിക്കുകയും പ്രഖ്യാപിക്കാതിരിക്കുകയും ചെയ്ത സാളാര്‍ നയം നടപ്പാക്കപ്പെടുകയും സരിത നായരുടെ സംരംഭം വിജയിക്കുകയും ചെയ്തിരുന്നുവെങ്കില്‍ രാജ്യം കണ്ട മുന്‍നിര വ്യവസായികളുടെ നിരയിലേക്ക് അവര്‍ ഇതിനകം എത്തിപ്പെടുമായിരുന്നു. ടീം സോളാറില്‍ ഓഹരിയെടുക്കാന്‍ ആളുകള്‍ വരിനിന്നേനേ. ആ വ്യവസായത്തിലെ രാഷ്ട്രീയ നേതാക്കളുടെ ബിനാമി നിക്ഷേപത്തെക്കുറിച്ച് ആരും പരാതിപ്പെടുമായിരുന്നില്ല.
കല്ലുവാതുക്കലും കുറ്റിപ്പുറവും ഉണ്ടാകുന്നതിന് മുമ്പും ഉണ്ടായതിന് ശേഷവും മാസപ്പടി ഉണ്ടായിരുന്നു. ചെറിയ ഉലച്ചിലുകളിലൊന്നും പൊട്ടിച്ചിതറാത്തവിധം ഭദ്രമായ ശൃംഖലയായി അത് നിലനിന്നു. 32 പേരുടെ ജീവനെടുത്ത ദുരന്തം, അതേക്കുറിച്ച് അന്വേഷിച്ചെന്ന് വരുത്തേണ്ട സര്‍ക്കാറിന്റെ ബാധ്യത ഇതൊക്കെയാണ് മണിച്ചന്റെ മാസപ്പടിയിലേക്ക് കാര്യങ്ങളെക്കൊണ്ടെത്തിച്ചത്. പേരിനെങ്കിലും ഒരന്വേഷണം അതിലുണ്ടായതും. മാസപ്പടിക്കേസില്‍ ആരോപണവിധേയരായവര്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയാല്‍ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലോ പാര്‍ട്ടിയിലോ ഉണ്ടാകില്ലെന്ന് അന്ന് ഇടതു മുന്നണി കണ്‍വീനറായിരുന്ന വി എസ് അച്യുതാനന്ദനും കോണ്‍ഗ്രസ് നേതാവായിരുന്ന കെ കരുണാകരനും പ്രസ്താവിച്ചത് ഓര്‍മയിലുണ്ട്. അത്തരം പ്രസ്താവനകള്‍ നടത്താനെങ്കിലുമുള്ള ബാധ്യത അന്ന് അവര്‍ക്കുണ്ടായിരുന്നുവെന്ന് ചുരുക്കം.
മാസപ്പടിക്കണക്ക് സി ഡിയിലും പെന്‍ഡ്രൈവിലും ഫോണ്‍ കോളുകളുടെ പട്ടികയിലുമൊക്കെയാകുന്ന കാലത്ത്, ആരോപണങ്ങളെയൊക്കെ തള്ളിക്കളയുന്ന നേതൃത്വം അന്വേഷണത്തില്‍ കുറ്റം തെളിഞ്ഞാല്‍ നടപടിയുണ്ടാകുമെന്ന് പറയാന്‍ പോലും മടിക്കുന്നു. അന്വേഷണത്തെ ഏത് വിധത്തിലും അട്ടിമറിക്കാന്‍ മറയില്ലാതെ ശ്രമിക്കുന്നുണ്ട് ഭരണ നേതൃത്വം. അതിനെ പിന്താങ്ങുകയല്ലാതെ പോംവഴികളില്ലെന്ന സ്ഥിതിയിലേക്ക് പാര്‍ട്ടി നേതൃത്വം പരിമിതപ്പെട്ടിരിക്കുന്നു. ആരോപണങ്ങള്‍ പുറത്തേക്ക് വരുന്നതില്‍ ഗ്രൂപ്പ് വൈരം വലിയ പങ്ക് വഹിച്ചുവെങ്കിലും പുറത്തേക്കുവന്ന ആരോപണങ്ങള്‍ ഗ്രൂപ്പ് ഭേദമില്ലാതെ ഏവരെയും വരിഞ്ഞുവെന്നതും ഈ അവസ്ഥക്ക് കാരണമാണ്.
മണിച്ചന്റെയും ദ്രവ്യന്റെയും മാസപ്പടിക്കണക്ക് പുറത്തുവരുമ്പോള്‍ കേരളം ഭരിച്ചിരുന്നത് ഇ കെ നായനാരുടെയും വി എസ് അച്യുതാനന്ദന്റെയും നേതൃത്വത്തിലുള്ള സര്‍ക്കാറുകളാണ്. വിഷമദ്യമൊഴുക്കാന്‍ മടിയില്ലാത്ത ക്രിമിനലുകളുടെ അനുചരന്‍മാരായി ഉദ്യോഗസ്ഥരും രാഷ്ട്രീയ നേതാക്കളും മാറിയെന്ന ആരോപണത്തില്‍ കാര്യക്ഷമമായ അന്വേഷണം അന്ന് നടന്നോ? കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാനായോ? ഇപ്പോഴുയരുന്ന ആരോപണങ്ങളില്‍ കാര്യക്ഷമമായ അന്വേഷണം നടത്തി, കുറ്റക്കാരെ ശിക്ഷിക്കുമെന്ന് ഉറപ്പിച്ച് പറയാന്‍ നിയമസഭാ മന്ദിരത്തിന് മുന്നില്‍ കുത്തിയിരിക്കുന്ന വി എസ് അച്യുതാനന്ദനും കോടിയേരി ബാലകൃഷ്ണനും സാധിക്കുമോ?
ഭരണത്തിന് സമാന്തരമായുള്ള ഈ അധോതല വ്യവഹാര ശ്രേണി എക്കാലത്തും തുടരുന്നുണ്ട്. ഇടപാടുകളുടെ എണ്ണവും വലുപ്പവും വര്‍ധിക്കുക യു ഡി എഫ് ഭരണത്തിലിരിക്കെയാണെന്ന് മാത്രം. ചില ഘട്ടങ്ങളില്‍ ചിലതൊക്കെ പുറത്തേക്ക് വരുമ്പോഴുണ്ടാകുന്ന കോളിളക്കങ്ങളൊഴിച്ചാല്‍ ഈ ശ്രേണിയെ ഒഴിവാക്കാനോ ഇല്ലാതാക്കാനോ ഇച്ഛാശക്തിയോടെയുള്ള ശ്രമം ഉണ്ടാകാറില്ല. ഭരണം കൂടുതല്‍ വ്യാപാരാധിഷ്ഠിതമാകയാല്‍, ഈ ശ്രേണി അത്രത്തോളം അപ്രസക്തവുമല്ല, ഇനിയുള്ള കാലത്ത്.