‘സമര’കലാ വിദ്യാര്‍ഥികള്‍ കലോത്സവവേദി കൈയടക്കിയപ്പോള്‍

Posted on: February 8, 2016 4:18 am | Last updated: February 7, 2016 at 11:20 pm
SHARE

school-kalolsavam-logo-2016തിരുവനന്തപുരത്ത് കഴിഞ്ഞ ആഴ്ച സമാപിച്ച സംസ്ഥാന സ്‌കൂള്‍ കലോല്‍സവ വേദി കലാ വിദ്യാഭ്യാസ അവകാശത്തിനുവേണ്ടി വിശേഷപ്പെട്ട ഒരു സമരത്തിന് സാക്ഷ്യം വഹിച്ചു. ക്ലാസുമുറികളില്‍ കലാപഠനം അഥവാ സര്‍ഗാത്മക പഠനം പുനഃസ്ഥാപിക്കുക എന്നതായിരുന്നു ആ സമരത്തില്‍ അണിനിരന്ന കലാകാരന്മാരും കലാകാരികളും ആവശ്യപ്പെട്ടത്. ആ കലാ സമരം മനോഹരമായ ഒരു കലാനുഭവമായി മാറി.
കലോത്സവത്തിന്റെ ഉദ്ഘാടനത്തിനായി അണിഞ്ഞൊരുങ്ങി വന്ന വിദ്യാര്‍ഥികളുടെ ഘോഷയാത്ര നടക്കുമ്പോള്‍, അതിനെക്കാള്‍ ആകര്‍ഷകമായ കലാസമരം കാണാന്‍ പുത്തരിക്കണ്ടം മൈതാനിക്കു മുന്നില്‍ ആളുകള്‍ തടിച്ചുകൂടി. രൂപവും ഭാവവും സവിശേഷമായി അനുഭവപ്പെട്ട ആ സമരം ഉയര്‍ത്തിയ പ്രശ്‌നങ്ങള്‍ കലോത്സവ പകിട്ടില്‍ മങ്ങിപ്പോയി. എങ്കിലുമത്, വിദ്യാഭ്യാസ ലോകം ചര്‍ച്ച ചെയ്യാതെ പോകരുത്.
കേരളത്തിലെ സ്‌കൂളുകളില്‍ കലാ പഠനത്തെ സര്‍ക്കാര്‍ ഇപ്പോള്‍ പ്രോത്സാഹിപ്പിക്കുന്നില്ല; അവഗണിക്കുന്നുവെന്ന കേന്ദ്രപ്രശ്‌നമാണ് സമരം ഉയര്‍ത്തിക്കാട്ടിയത്. കലാപഠന ക്ലാസുകള്‍ എടുക്കാന്‍ കായികാധ്യാപകരേയും ബയോളജി അധ്യാപകരെയും മറ്റും നിയോഗിച്ച സംഭവങ്ങള്‍ ചില സ്‌കൂളുകളില്‍ ഇതിനകം നടന്നുവത്രെ! പണ്ട്, നമുക്കുണ്ടായിരുന്ന സ്‌പെഷ്യലിസ്റ്റ് അധ്യാപകര്‍ ഇപ്പോള്‍ നിയമിക്കപ്പെടുന്നില്ല. ബി എഫ് എ പാസ്സായ വിദ്യാര്‍ഥികള്‍, സ്‌കൂള്‍ ഒഫ് ഡ്രാമയില്‍ നിന്ന് ബിരുദം എടുത്തവര്‍, സംഗീതകോളജുകളില്‍ നിന്ന് പരിശീലനം നേടിയവര്‍ ആയിരക്കണക്കിനുണ്ട്. അവര്‍ക്കാര്‍ക്കും അധ്യാപകരാകാന്‍ കഴിയാത്തവിധത്തില്‍ കലാധ്യാപക നിയമനങ്ങള്‍ അവസാനിക്കുന്ന വഴിയിലാണ് സമരം ആരംഭിച്ചത്.
നാടകം, സംഗീതം, നൃത്തം, ചിത്രകല എന്നിവയൊക്കെ സിലബസ്സിന്റെ ഭാഗമാക്കിയെന്ന പ്രഖ്യാപനം പലപ്പോഴായി നടന്നു. വിദ്യാഭ്യാസ മന്ത്രി അധ്യക്ഷനായ കരിക്കുലം കമ്മിറ്റിയുടെ പ്രഖ്യാപനമനുസരിച്ച് എല്‍ പി, യു പി സ്‌കൂളുകളിലേക്കു ആഴ്ചയില്‍ മൂന്ന് പിരീഡും 8, 9 ക്ലാസുകളില്‍ രണ്ട് പിരീഡും 10-ാം ക്ലാസില്‍ ഒരു പിരീഡുമാണ് കലാപഠനങ്ങള്‍ക്കായി ക്രമീകരിച്ചത്. സ്വാഗതാര്‍ഹമായ തീരുമാനം. എന്നാല്‍, അതൊന്നും നടപ്പായില്ലെന്ന് മാത്രമല്ല അന്വേഷണത്തില്‍ കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച കോടികള്‍ കാണാനില്ലെന്ന് കണ്ടെത്തുകയുണ്ടായി. 270 കോടി രൂപയാണ് ഇക്കാലയളവില്‍ കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച ഫണ്ട്. 2014-2015 വര്‍ഷത്തേക്ക് 82 കോടിരൂപയും അനുവദിക്കപ്പെട്ടു. എന്നാല്‍, അതില്‍ ഒരു രൂപയെങ്കിലും കലാവിദ്യാഭ്യാസത്തിനായി ചെലവഴിച്ചതായി രേഖകളില്ല. ഫണ്ടില്ലാത്തതിനാലാണ് കലാധ്യാപകരെ സ്‌കൂളുകളില്‍ നിയമിക്കാത്തത് എന്ന വാദം തെറ്റാണെന്ന് ഇതോടെ തെളിഞ്ഞു.
സര്‍ഗാത്മക പഠനം, പ്രവര്‍ത്തനാധിഷ്ഠിതപഠനം എന്നൊക്കെയാണല്ലോ പുതിയ പാഠ്യപദ്ധതിയുടെ പരസ്യവാചകങ്ങള്‍. എന്നാല്‍, അതൊക്കെ വെറും വാചാടോപം മാത്രമാണെന്ന് പറയേണ്ടിയിരിക്കുന്നു. സഹവൈജ്ഞാനിക മേഖലയുടെ വികസനം ഉറപ്പാക്കാന്‍ എന്നൊക്കെയുള്ള എസ് എസ് എയുടെ അവകാശവാദങ്ങളും ആത്മാര്‍ഥമല്ലാത്തതു കൊണ്ടാണ് വലിയ പ്രചാരണങ്ങള്‍ക്കിടയിലും കലാവിദ്യാഭ്യാസം രണ്ടാം തരമായി തുടരുന്നത്. നിവൃത്തികേട് എന്ന സാഹചര്യം സംജാതമായപ്പോള്‍ കലാവിദ്യാര്‍ഥികള്‍ അവരുടെ അധ്യാപകരുടെ സഹായത്തോടെ ഒരു കലാവിദ്യാര്‍ഥി സമര സമിതിക്കു രൂപം നല്‍കി. തൃശൂരിലെ സ്‌കൂള്‍ ഒഫ് ഡ്രാമാ വിദ്യാര്‍ഥികള്‍ തെരുവില്‍ കലാപരിശീലനം ഒരു സമരമുറയായി പരീക്ഷിച്ചു. പാതയോര സമരം സിനിമാ സംവിധായകന്‍ പ്രിയനന്ദനന്‍ ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന്, ആ സമരമുറ വൈറലായി. നവം. 17 ന് തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റ് നടയില്‍ വലിയ കലാപരിശീലന സംഗമം തന്നെ സംഘടിപ്പിക്കുകയും സിനിമാസംവിധായകന്‍ ശ്യാമപ്രസാദുള്‍പ്പെടെയുള്ളവര്‍ അതില്‍ പങ്കെടുക്കുകയുമുണ്ടായി. നൃത്തമായിരുന്നു വേദിയില്‍ അരങ്ങേറിയ സമരരൂപം. നൃത്തത്തെ എങ്ങനെ സമരമാക്കി മാറ്റാമെന്ന് കലാവിദ്യാര്‍ഥികള്‍ അക്ഷരകേരളത്തിന് കാണിച്ചു കൊടുത്തു.
അതിനു ശേഷമാണ് സംസ്ഥാന സ്‌കൂള്‍ കലോത്സവവേദി സമര കലോത്സവവേദിയായി പരിണമിച്ചതും കാണികളുടെ ഹൃദയം കീഴടക്കിയതും. നോണ്‍സ്റ്റോപ്പ് കലാപരിപാടികള്‍ സമര സന്ദേശം പ്രചരിപ്പിക്കാന്‍ വിദ്യാര്‍ഥികള്‍ നടത്തിക്കൊണ്ടിരുന്നു. നാടകവും സംഗീതവും കഥാപ്രസംഗവും ഇടകലര്‍ന്നൊഴുകിയ സമര പ്രവാഹത്തില്‍ പങ്കെടുത്ത കലാകാരന്മാരുടെ കണ്ണീരുമുണ്ടായിരുന്നു. കലാവിദ്യാര്‍ഥി സമര സമിതി സംസ്ഥാന പ്രസിഡന്റ് എം പ്രദീപന്റെ നേതൃത്വത്തില്‍ ഉപരോധസമരങ്ങളും ഇടക്കിടെ അരങ്ങേറി. എല്ലാറ്റിനും ഒരു കലാസ്പര്‍ശമുണ്ടായിരുന്നു.
പത്തൊമ്പതാം നൂറ്റാണ്ടില്‍ തിരുവിതാംകൂര്‍ ഭരിച്ച റാണി ലക്ഷ്മി പാര്‍വതിഭായിയുടെ കാലത്താണ് കേരളത്തില്‍ ആദ്യമായി കലാപഠനം സ്‌കൂള്‍ ക്ലാസുകളില്‍ ആരംഭിക്കുന്നത്. എന്നാല്‍, ജനായത്തം വന്നതിന് ശേഷം രാജാക്കന്മാര്‍ക്കുണ്ടായിരുന്ന കലാസ്‌നേഹം ക്രമേണ ചോര്‍ന്നു പോകുന്നതാണ് കണ്ടത്. സ്വാതിതിരുനാള്‍ സംഗീത കോളജും ചെമ്പൈ സംഗീത കോളജും രവിവര്‍മ ഫൈന്‍ ആര്‍ട്‌സ് കോളജും മറ്റുമൊക്കെ രാജാക്കന്മാര്‍ സ്ഥാപിച്ചവയാണ്. ആധുനിക ഭരണാധികാരികള്‍ക്ക് ‘കലാഹൃദയം’ വേണ്ടത്രയുണ്ടാകാത്തതുകൊണ്ടാകാം, കലാവിദ്യാഭ്യാസം രണ്ടാംതരം എന്ന മട്ടില്‍ അവഗണിക്കുന്നത്. കല മനുഷ്യഹൃദയത്തെ വിമലീകരിക്കുന്നുവെന്നതിനാല്‍, കുട്ടികളില്‍ കലാഭിരുചി വളര്‍ത്തിയെടുക്കുക എന്നത് സുപ്രധാനമായ വിദ്യാഭ്യാസ പ്രക്രിയയാണ്. കലയും സംസ്‌കാരവും അഭേദ്യമായി ബന്ധപ്പെട്ട രണ്ട് കാര്യങ്ങളാണ്. സമൂഹത്തിന്റെ സാംസ്‌കാരികാഭ്യുന്നതിക്കു കല ഒഴിച്ചുകൂടാനാവാത്ത കാര്യമാണെന്ന് നമ്മുടെ ഭരണാധികാരികളെ ഏത് ഭാഷയിലാണ് പറഞ്ഞു ബോധിപ്പിക്കുക?
കലാധ്യാപകര്‍ ഉണര്‍ന്നാല്‍ സമൂഹം ഉണര്‍വിന്റെ പാതയിലേക്ക് വരുമെന്ന കാര്യം നിസ്തര്‍ക്കമാണ്. മാനവമുന്നേറ്റത്തില്‍, എക്കാലവും കല നിര്‍ണായകമായ സ്വാധീനം ചെലുത്തിയിട്ടുണ്ടെന്ന് ചരിത്രം പറയുന്നു. ടോള്‍സ്റ്റോയി റഷ്യന്‍ വിപ്ലവത്തിന്റെ കണ്ണാടിയായിരുന്നുവെന്ന് ലെനിന്‍ പലവട്ടം പറഞ്ഞിട്ടുണ്ട്. മനുഷ്യ മനസ്സിനെ മാറ്റിമറിക്കാന്‍ കലക്കും സാഹിത്യത്തിനുമുള്ള കഴിവ് മനസ്സിലാക്കിയതുകൊണ്ടാണോ ഭരണാധികാരികള്‍ കലാവിദ്യാഭ്യാസത്തെ ഭയപ്പെടുന്നത്? എന്തായാലും കലാവിദ്യാര്‍ഥി പ്രക്ഷോഭത്തെ സര്‍ക്കാറിന് ഇനി കണ്ടില്ലെന്ന് നടിക്കാനാകില്ല. കലാപഠനത്തിന് നീക്കിവച്ച തുക അതിന് വേണ്ടി തന്നെ വിനിയോഗിക്കണം. വകമാറ്റി ചെലവഴിച്ചിട്ടുണ്ടെങ്കില്‍ അതൊരു കുറ്റകൃത്യമാണ്. കലാവിദ്യാഭ്യാസം ചെയ്യുന്നവര്‍ക്ക് മറ്റു ജോലികള്‍ ചെയ്യാനാകില്ല. അവര്‍ക്ക് സമൂഹത്തെ കലാപരമായി വാര്‍ത്തെടുക്കാനുള്ള എല്ലാ സ്വാതന്ത്ര്യവും അവകാശവുമുണ്ടായിരിക്കണം.
എന്നാല്‍, ഈ കലാ കേരളത്തില്‍, കലാ വിദ്യാഭ്യാസം നേടിയതിന്റെ പേരില്‍ തെരുവില്‍ കലാപം നടത്തേണ്ടി വരുന്ന സാഹചര്യം ഒഴിവാക്കാനെങ്കിലും സര്‍ക്കാര്‍ ചെറുവിരല്‍ അനക്കുന്നത് ഒരു സാമാന്യ മര്യാദയായിരിക്കുമെന്ന് മാത്രമേ വൈകിയ വേളയില്‍ ബോധിപ്പിക്കാനുള്ളു.

LEAVE A REPLY

Please enter your comment!
Please enter your name here