Connect with us

Editorial

ആശ്വാസവും ഇടിത്തീയും

Published

|

Last Updated

മരുന്ന് രോഗകാരണമാകുന്ന അത്യന്തം ഗുരുതരമായ സ്ഥിതിവിശേഷമാണ് നമ്മുടെ ആരോഗ്യരംഗത്ത് നിലനില്‍ക്കുന്നത്. എന്താണ് താന്‍ കഴിക്കുന്ന മരുന്നില്‍ അടങ്ങിയിരിക്കുന്നതെന്നോ അത് എന്തെന്ത് ഫലങ്ങളും പാര്‍ശ്വഫലങ്ങളുമാണ് ശരീരത്തില്‍ ഉണ്ടാക്കുന്നതെന്നോ, പറയുന്ന വില കൊടുത്ത് മരുന്ന് വാങ്ങിക്കഴിക്കുന്ന ഒരാള്‍ക്കും അറിയില്ല. ആരോഗ്യരംഗത്തെ അവബോധങ്ങളും സജീവ ശ്രദ്ധയുമൊന്നും അജ്ഞതയുടെ ഈ ഇരുട്ടിന് പരിഹാരമാകുന്നില്ല. എല്ലാ ബോധവത്കരണങ്ങളും ആരോഗ്യ ഉത്കണ്ഠകളെ കൂടുതല്‍ മാരകമാക്കുകയാണ് ചെയ്യുന്നത്. ഈ വൈരുധ്യത്തിന്റെ ഏറ്റവും നല്ല നിദര്‍ശനം കേരളമാണ്. രോഗം വരും മുമ്പേ തന്നെ ചികിത്സ തേടുന്നവരാണ് ഇവിടെയുള്ളത്. ഡോക്ടര്‍ കുറിച്ചുതരുന്ന മരുന്ന് ഒരു മുടക്കവും കൂടാതെ, ഒരു കുറവും വരുത്താതെ കഴിച്ചുതീര്‍ക്കുന്നു. ആരോഗ്യരംഗത്ത് മനുഷ്യന്‍ എത്ര കണ്ട് ബോധവാനാകുന്നുവോ അത്ര കണ്ട് മരുന്ന് കമ്പനികളുടെ ചൂഷണത്തിന് വിധേയരാകുന്നുവെന്നതാണ് യാഥാര്‍ഥ്യം. മരുന്നു വിപണിയില്‍ ഒരു വിലപേശലും നടക്കുന്നില്ല. പതിവ് സാമ്പത്തിക ശാസ്ത്ര തത്വങ്ങളൊന്നും ഈ വിപണിക്ക് ബാധകമല്ല. കാരണം, ഇവിടെ മരുന്നുകളുടെ വിപണനം ഏറ്റെടുത്തിരിക്കുന്നത് ഡോക്ടര്‍മാര്‍ തന്നെയാണ്. അവരുടെ വിശ്വാസ്യതയാണ് കമ്പനികളുടെ മൂലധനം. ഡോക്ടര്‍മാരെ വിലക്കെടുക്കാന്‍ കമ്പനികള്‍ എന്തും നല്‍കും. മുതല്‍മുടക്കിന്റെ ഒരു വകഭേദമാണിത്. പ്രശസ്തിയുടെ കൊടുമുടിയില്‍ നില്‍ക്കുന്ന മിക്ക ഡോക്ടര്‍മാരും ഏതെങ്കിലും കമ്പനിയുമായി ധാരണയുണ്ടാക്കിയിരിക്കും. ഡോക്ടര്‍മാര്‍ ചെയ്യേണ്ടതിത്ര മാത്രം. “സ്വന്തം കമ്പനി”യുടെ മരുന്നുകള്‍ മാത്രം കുറിച്ച് നല്‍കുക. ആവശ്യത്തിനും അനാവശ്യത്തിനും. രോഗിക്കോ അവരുടെ ബന്ധുക്കള്‍ക്കോ അവരെ സഹായിക്കാന്‍ വിയര്‍ക്കുന്ന നാട്ടുകാര്‍ക്കോ ഒന്നും കച്ചവടം പൊളിക്കാന്‍ സാധിക്കില്ല. ഡോക്ടര്‍മാര്‍ക്ക് നല്‍കുന്ന സൗജന്യങ്ങളുടെയും സമ്മാനങ്ങളുടെയും ചെലവ് വഹിക്കുന്ന കമ്പനികള്‍ മരുന്നുകളുടെ വില ഇരട്ടിയിലധികം വര്‍ധിപ്പിച്ച് രോഗികളില്‍ നിന്നാണ് ഇവ തിരിച്ചുപിടിക്കുന്നത്.
ഈ ദുരവസ്ഥക്ക് പരിഹാരം കാണാന്‍ കര്‍ശന നടപടികളുമായി മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ രംഗത്തുവരുന്നുവെന്നത് ഏറെ ആശ്വാസകരവും സ്വാഗതാര്‍ഹവുമാണ്. എം സി ഐ മുന്നോട്ട് വെക്കുന്ന പുതിയ മാര്‍ഗനിര്‍ദേശ പ്രകാരം മരുന്ന് കമ്പനികളുടെ സൗജന്യങ്ങളും സമ്മാനങ്ങളുമുള്‍പ്പെടെ പാരിതോഷികങ്ങള്‍ സ്വീകരിക്കുന്ന ഡോക്ടര്‍മാര്‍ക്കെതിരെ കര്‍ശന നടപടി കൈക്കൊള്ളും. മരുന്ന് കമ്പനികളില്‍ നിന്ന് സമ്മാനങ്ങളും വിദേശയാത്രകളും ഉള്‍പ്പെടെ ആനുകൂല്യങ്ങള്‍ കൈപ്പറ്റുന്ന ഡോക്ടര്‍മാരുടെ റജിസ്‌ട്രേഷന്‍ റദ്ദാക്കുന്നതടക്കമുള്ള നടപടികള്‍ക്ക് ശിപാര്‍ശ ചെയ്യുന്ന പുതിയ മാര്‍ഗരേഖ ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ ഉടന്‍ പുറത്തിറക്കും. കമ്പനികളില്‍ നിന്ന് പാരിതോഷികമോ ആനുകൂല്യമോ പറ്റുന്ന ഡോക്ടര്‍മാരെ എം സി ഐ പ്രത്യേകം നിരീക്ഷിക്കും.
പുതിയ മാര്‍ഗനിര്‍ദേശ പ്രകാരം അയ്യായിരം രൂപക്ക് മുകളിലുള്ള സൗജന്യങ്ങള്‍ സ്വീകരിക്കുന്നവര്‍ക്ക് ഈ തുകക്കനുസരിച്ചുള്ള ശിക്ഷാ നടപടികള്‍ നേരിടേണ്ടിവരും. അയ്യായിരം മുതല്‍ പതിനായിരം രൂപ വരെയുള്ള സൗജന്യങ്ങള്‍ സ്വീകരിക്കുന്ന ഡോക്ടര്‍മാരുടെ രജിസ്‌ട്രേഷന്‍ മൂന്ന് മാസത്തേക്ക് റദ്ദാക്കും. അത് പതിനായിരം രൂപ മുതല്‍ അമ്പതിനായിരം രൂപ വരെയാണെങ്കില്‍ രജിസ്‌ട്രേഷന്‍ ആറ് മാസത്തേക്കും അമ്പതിനായിരം മുതല്‍ ഒരു ലക്ഷം രൂപ വരെയാണെങ്കില്‍ രജിസ്‌ട്രേഷന്‍ ഒരു വര്‍ഷത്തേക്കും ഒരു ലക്ഷം രൂപക്കുമേല്‍ സൗജന്യങ്ങള്‍ സ്വീകരിക്കുന്നവരുടെ രജിസ്‌ട്രേഷന്‍ ഒരു വര്‍ഷത്തില്‍ കൂടുതലും റദ്ദാക്കാനാണ് ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ ആലോചിക്കുന്നത്. ഡോക്ടര്‍മാര്‍ രണ്ടാം തവണയും പിടിക്കപ്പെട്ടാല്‍ ആജീവനകാലം വിലക്ക് നേരിടേണ്ടിവരും. ഈ നിര്‍ദേശങ്ങള്‍ ഏട്ടിലെ പശുവാകാതിരിക്കുകയും ഡോക്ടര്‍മാരുടെ സംഘടിത ശക്തിക്ക് മുന്നില്‍ കൗണ്‍സില്‍ മുട്ടുമടക്കാതിരിക്കുകയും ആത്മാര്‍ഥമായ നടപടികളിലേക്ക് നീങ്ങാന്‍ കൗണ്‍സിലിന് രാഷ്ട്രീയ പിന്തുണ ലഭിക്കുകയും ചെയ്താല്‍ കാര്യങ്ങള്‍ക്ക് വലിയ മാറ്റമുണ്ടാകുമെന്ന് തന്നെയാണ് വിലയിരുത്തേണ്ടത്.
എം സി ഐ തീരുമാനം ആശ്വാസകരമാണെങ്കില്‍ കേന്ദ്ര വാണിജ്യ മന്ത്രാലയത്തിന്റെ തീരുമാനം ആശങ്കയുടെ ഇടിത്തീയാണ്. കസ്റ്റംസ് തീരുവ ഇളവ് നല്‍കുന്ന പട്ടികയില്‍ നിന്ന് 74 ജീവന്‍രക്ഷാ മരുന്നുകളെ ഒഴിവാക്കിയെന്നതാണ് പകല്‍ക്കൊള്ളക്ക് വഴിയൊരുക്കുന്നത്. ഇതോടെ ഈ മരുന്നുകളുടെ വില കുത്തനെ കൂടും. ഹീമോഫീലിയ, അര്‍ബുദം തുടങ്ങിയ രോഗങ്ങള്‍ക്കുള്ള മരുന്നുകളെയാണ് കസ്റ്റംസ് തീരുവ ഇളവ് നല്‍കുന്ന പട്ടികയില്‍ നിന്ന് ഒഴിവാക്കിയത്. ഇവക്ക് 22 ശതമാനം കസ്റ്റംസ് തീരുവയാണ് ഇനി ചുമത്തുക. കഴിഞ്ഞ മാസം 28നാണ് കേന്ദ്ര സര്‍ക്കാര്‍ ഇതുസംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിച്ചതെങ്കിലും രഹസ്യമായി വെച്ചിരിക്കുകയായിരുന്നു. വിദേശത്തു നിന്നുള്ള മരുന്ന് വരവ് കുറക്കാനും ഇന്ത്യയില്‍ തന്നെ അവ ഉത്പാദിപ്പിക്കുന്നത് പ്രോത്സാഹിപ്പിക്കാനുമാണത്രേ നടപടി. മേക് ഇന്‍ ഇന്ത്യയുടെ രൂപാന്തരം. എന്നാല്‍ ഈ നയത്തിന്റെ അനന്തരഫലം എന്തായിരിക്കുമെന്ന് സര്‍ക്കാര്‍ ചിന്തിച്ചിട്ടുണ്ടോ? ബഹുരാഷ്ട്ര കമ്പനികളുടെ മത്സരത്തെ മറികടന്ന് തദ്ദേശീയമായി മരുന്നുകള്‍ ഉത്പാദിപ്പിച്ചു വരാന്‍ എത്ര കാലമെടുക്കും? അതുവരെ ഈ കൊള്ള വില ഈടാക്കിക്കോട്ടേയെന്നാണോ സര്‍ക്കാറിന്റെ തീരുമാനം? ആഭ്യന്തരമായി ഉത്പാദിപ്പിക്കുന്ന മരുന്നുകളുടെ വില വര്‍ധിക്കാന്‍ ഈ തീരുവ വര്‍ധനവ് കാരണമാകുമെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.