റെയില്‍വേ യാത്രക്കാര്‍ക്ക് ഇനി ബ്ലാങ്കറ്റും ബെഡ്‌റോളും വീട്ടില്‍ കൊണ്ടുപോകാം

Posted on: February 7, 2016 11:59 pm | Last updated: February 7, 2016 at 11:59 pm
SHARE

railwayതിരുവനന്തപുരം: ആവശ്യക്കാര്‍ക്ക് ഉപയോഗാനന്തരം സ്വന്തമാക്കാവുന്ന ഇ-ബെഡ്‌റോള്‍ പദ്ധതിയുമായി ഐ ആര്‍ ടി സി. ഒരു തലയിണയും രണ്ട് ബ്ലാങ്കറ്റുകളും ഉള്‍പ്പെടുന്നതാണ് ബെഡ്‌റോള്‍. ടിക്കറ്റ് ബുക്ക് ചെയ്ത് പി എന്‍ ആര്‍ നമ്പര്‍ ലഭിക്കുന്നവര്‍ക്ക് ഓണ്‍ലൈന്‍ മുഖേനയോ തിരുവനന്തപുരം സ്റ്റേഷനില്‍ നിന്നോ ബെഡ് റോള്‍ ബുക്ക് ചെയ്യാം. ബ്ലാങ്കറ്റിന് ഒന്നിന് 110 രൂപയും രണ്ട് ബ്ലാങ്കറ്റും ഒരു തലണയും കൂടി 140 രൂപക്കുമാണ് ലഭ്യമാകുക. www. irctctoursim.com എന്ന വെബ് അഡ്രസ്സിലൂടെയാണ് ബെഡ്‌റോളുകള്‍ ഓണ്‍ലൈനായി ബുക്ക് ചെയ്യേണ്ടത്.
ഇന്നലെ ഉച്ചക്ക് 12ന് സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ കേന്ദ്ര റെയില്‍വേ മന്ത്രി സുരേഷ് പ്രഭു വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ പദ്ധതി ഉദ്ഘാടനം ചെയ്തു. റെയില്‍വേയുടെ ചുമതലയുള്ള മന്ത്രി ആര്യാടന്‍ മുഹമ്മദ്, സ്ഥലം എം എല്‍ എയും ആരോഗ്യ മന്ത്രിയുമായ വി എസ് ശിവകുമാര്‍, എം പിമാരായ ശശി തരൂര്‍, സി പി നാരായണന്‍, ടി എന്‍ സീമ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി കെ മധു എന്നിവര്‍ പരിപാടിയില്‍ പങ്കെടുക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും ആരും എത്തിയില്ല.
കേന്ദ്ര മന്ത്രിയുടെ ഉദ്ഘാടന പ്രസംഗം വീഡിയോകോണ്‍ഫറന്‍സിംഗിലൂടെ നടന്ന ശേഷം ഡിവിഷണല്‍ മാനേജര്‍ സുനില്‍ ബാജ്പയ് യാത്രക്കാരനായ പ്രദീപിന് ബെഡ്‌റോള്‍ നല്‍കി ചടങ്ങ് നടത്തുകയായിരുന്നു. സതേണ്‍ റയില്‍വേ ഡിവിഷനല്‍ കൊമേഴ്‌സ്യല്‍ മാനേജര്‍ ശ്രീകുമാര്‍, ഐ ആര്‍ ടിസ് റീജിയനല്‍ മാനേജര്‍ പ്രമോദ് ഷേണായി, സ്റ്റേഷന്‍ മാനേജര്‍ പ്രമോദ് ഷേണായി, ചീഫ് മെഡിക്കല്‍ സൂപ്രണ്ട് മേരിമാത്യു പങ്കെടുത്തു.