വിവാഹ രജിസ്‌ട്രേഷന് വധൂവരന്മാര്‍ സമ്മാനപ്പട്ടിക സമര്‍പ്പിക്കണം

Posted on: February 7, 2016 11:57 pm | Last updated: February 7, 2016 at 11:57 pm
SHARE

marriageതിരുവനന്തപുരം: വിവാഹം രജിസ്റ്റര്‍ ചെയ്യണമെങ്കില്‍ വധൂവരന്മാര്‍ക്ക് കിട്ടിയ സമ്മാനങ്ങളുടെ പട്ടിക സമര്‍പ്പിക്കണമെന്ന വ്യവസ്ഥ സര്‍ക്കാര്‍ കര്‍ശനമാക്കുന്നു. ഇത് സംബന്ധിച്ച ഉത്തരവ് സാമൂഹിക ക്ഷേമ വകുപ്പ് അധികം വൈകാതെ പുറത്തിറക്കും. ഉത്തരവ് പുറത്തിറക്കുന്നതിന് മുമ്പ് തന്നെ ഇതു സംബന്ധിച്ച് സാമൂഹ്യക്ഷേമ വകുപ്പ് പ്രചാരണങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. എല്ലാ കെ എസ് ആര്‍ ടി സി ബസുകളിലും ഇത് സംബന്ധിച്ച് സ്റ്റിക്കര്‍ പതിപ്പിച്ചിട്ടുണ്ട്. കോളജുകള്‍ കേന്ദ്രീകരിച്ച് ക്ലാസുകളും തുടങ്ങിയിട്ടുണ്ട്.
വിവാഹ മോചന കേസുകള്‍ കോടതിയില്‍ എത്തുമ്പോള്‍ ഏറ്റവും വലിയ തര്‍ക്കം നടക്കുന്നത് വിവാഹ സമ്മാനങ്ങളെക്കുറിച്ചാണ്. ഈ പശ്ചാത്തലത്തിലാണ് സര്‍ക്കാറിന്റെ പുതിയ നീക്കം. വിവാഹ ധൂര്‍ത്ത് തടയാന്‍ നിയമം കൊണ്ടുവരണമെന്ന് സംസ്ഥാന വനിതാ കമ്മീഷനും നേരത്തെ സര്‍ക്കാറിനോട് ആവശ്യപ്പെട്ടിരുന്നു. വധുവിന് പത്ത് പവനില്‍ കൂടുതല്‍ സ്വര്‍ണം പാടില്ല, വിവാഹത്തിന് മുമ്പും ശേഷവുമുള്ള ചടങ്ങുകള്‍ വേണ്ട, ക്ഷണിക്കപ്പെടുന്ന അതിഥികളുടെ എണ്ണം ചുരുക്കണം തുടങ്ങി പത്തിലധികം നിര്‍ദേശങ്ങളാണ് വനിതാ കമ്മീഷന്‍ സര്‍ക്കാറിന് സമര്‍പ്പിച്ചത്. 1961 ലെ സ്ത്രീധന നിരോധന നിയമമാണ് നിലവിലുള്ളത്. വധൂവരന്മാര്‍ക്ക് കിട്ടുന്ന സമ്മാനങ്ങള്‍ സ്ത്രീധനത്തില്‍നിന്ന് സര്‍ക്കാര്‍ ഒഴിവാക്കിയിരുന്നു.
1985ല്‍ കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന ഭേദഗതിയിലൂടെയായിരുന്നു ഇത്. പക്ഷേ, വിവാഹ സമ്മാനങ്ങളുടെ പട്ടിക നല്‍കണമെന്ന വ്യവസ്ഥ പാലിക്കണമെന്ന് നിര്‍ദേശിച്ചിരുന്നു. ഇനിമുതല്‍ സംസ്ഥാനത്ത് ഇത് കര്‍ശനമായി നടപ്പാക്കാനാണ് തീരുമാനം. വധൂവരന്മാര്‍ക്ക് വിവാഹത്തിന് തൊട്ടുമുമ്പും പിമ്പും ലഭിക്കുന്ന സമ്മാനങ്ങളാണ് പട്ടികയില്‍പ്പെടുത്തേണ്ടത്. സമ്മാനങ്ങളുടെ പട്ടിക നല്‍കേണ്ടത് സാമൂഹിക നീതീ വകുപ്പിന്റെ നിശ്ചിത ഫോറത്തിലാണ്.
സമ്മാനങ്ങളുടെ എണ്ണം, സമ്മാനം നല്‍കിയ ആളിന്റെ പേര്, സമ്മാനത്തിന്റെ പേര്, സമ്മാനം നല്‍കിയ ആളുമായുള്ള ബന്ധം, അതിന്റെ കമ്പോളവില എന്നിവ നിര്‍ബന്ധമായും ചേര്‍ക്കണം. സ്വര്‍ണവും വാഹനവും വസ്ത്രവുമെല്ലാം ഇതില്‍പ്പെടും. സാമൂഹിക നീതി വകുപ്പിന്റെ വെബ്‌സൈറ്റില്‍നിന്ന് ഈ ഫോറം ലഭിക്കും. സമ്മാനപ്പട്ടികയില്‍ വധൂവരന്മാര്‍ ഒപ്പിടണം. മൂന്ന് പകര്‍പ്പില്‍ ഒരെണ്ണം അതത് മേഖലാ സത്രീധന നിരോധന ഓഫീസര്‍ക്ക് കൈമാറണം.
കോഴിക്കോട്, എറണാകുളം, തിരുവനന്തപുരം എന്നിവിടങ്ങളിലാണ് മേഖലാ ഓഫീസര്‍മാരുള്ളത്. രണ്ട് കോപ്പികള്‍ വധൂവരന്മാര്‍ വെവ്വേറെ സൂക്ഷിക്കണം.

LEAVE A REPLY

Please enter your comment!
Please enter your name here