പതിനായിരക്കണക്കിന് അഭയാര്‍ഥികള്‍ തുര്‍ക്കി അതിര്‍ത്തിയില്‍ കാത്തുകെട്ടി കിടക്കുന്നു

Posted on: February 7, 2016 11:28 pm | Last updated: February 7, 2016 at 11:28 pm
SHARE

refugeesബെയ്‌റൂത്ത്: റഷ്യയും സിറിയന്‍ സര്‍ക്കാറും സിറിയന്‍ നഗരമായ അലപ്പോക്ക് ചുറ്റുമുള്ള വിമത പ്രദേശങ്ങള്‍ ലക്ഷ്യമിട്ട് ആക്രമണം വര്‍ധിപ്പിച്ചതിനെത്തുടര്‍ന്ന് പാലായനം ചെയ്ത പതിനായിരക്കണക്കിന് പേര്‍ തുര്‍ക്കി അതിര്‍ത്തിയില്‍ കാത്തുകെട്ടി നില്‍ക്കുന്നു. കഴിഞ്ഞ 48 മണിക്കൂറിനുള്ളില്‍ 35,000ത്തോളം സിറിയക്കാര്‍ കിലിസ് നഗരത്തിന് സമീപത്തെ അതിര്‍ത്തിയായ ഓണ്‍കുപിനാറില്‍ എത്തിയിട്ടുണ്ടെന്ന് തുര്‍ക്കി അതിര്‍ത്തി ഭാഗത്തെ പ്രാദേശിക ഗവര്‍ണര്‍ സുലൈമാന്‍ തപാസിസ് പറഞ്ഞു.
2.5 ദശലക്ഷം സിറിയക്കാരെ ഇതുവരെ ഉള്‍ക്കൊണ്ടിട്ടുണ്ടെന്നും 55,000 പേര്‍ അഭയാര്‍ഥിത്വം അന്വേഷിച്ച് അതിര്‍ത്തിയിലേക്ക് പലായനം ചെയ്തിട്ടുണ്ടെന്നും ഇവര്‍ സിറിയന്‍ ഭാഗത്തെ ക്യാമ്പുകളില്‍ കഴിയുകയാണെന്നും തുര്‍ക്കി വിദേശകാര്യ മന്ത്രി മിവഌറ്റ് കാവുസോഗ്ലു പറഞ്ഞു. തങ്ങള്‍ അതിര്‍ത്തി അടച്ചിട്ടില്ല. അതേ സമയം ഇത്രയധികം ആളുകളെ തങ്ങളുടെ രാജ്യത്ത് പ്രവേശിപ്പിക്കേണ്ട ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു. സിറിയന്‍ ഭാഗത്തുള്ള അഭയാര്‍ഥികള്‍ സുരക്ഷിതരാണെന്നും ഇവര്‍ക്ക് ഭക്ഷണം ലഭ്യമാകുന്നുണ്ടെന്നും ഒരു തുര്‍ക്കി സന്നദ്ധ ഉദ്യോഗസ്ഥന്‍ പറഞ്ഞു. തങ്ങള്‍ സിറിയയിലെ സാധാരണ ജനങ്ങളെ ആക്രമിക്കുന്നില്ലെന്നും തങ്ങളുടെ സൈനിക നടപടി തീവ്രവാദത്തിനെതിരും സിറിയന്‍ സര്‍ക്കാറിനെ പിന്തുണക്കാനുമാണെന്ന് റഷ്യ വ്യക്തമാക്കിയിട്ടുണ്ട്. അലപ്പോക്ക് ചുറ്റും നടന്ന ആക്രമണം ഈ ആഴ്ച ജനീവയില്‍ നന്ന സിറിയന്‍ സമാധാന ചര്‍ച്ചകള്‍ തകരാന്‍ കാരണമായെന്ന് സന്നദ്ധപ്രവര്‍ത്തകര്‍ പറയുന്നു. നഗരത്തിലെ വിമതര്‍ കൈയടക്കിയ മേഖലകളെ ഒറ്റപ്പെടുത്തുമെന്ന് മുന്നേറ്റം നടത്തിക്കൊണ്ടിരിക്കുന്ന സിറിയന്‍ സൈന്യവും ഇറാനിയന്‍ പോരാളികളുള്‍പ്പെടെയുള്ള സഖ്യ പോരാളികള്‍ ഭീഷണിപ്പെടുത്തുന്നുണ്ട്.
വിമതരുമായുള്ള പോരാട്ടം അവസാനിപ്പിക്കാന്‍ സാധ്യമല്ലെന്ന് അസദ് സര്‍ക്കാറിലെ വിദേശ കാര്യ മന്ത്രി വ്യക്തമാക്കിയതോടെ വെടിനിര്‍ത്തല്‍ പ്രതീക്ഷകള്‍ ആസ്ഥാനത്തായിരിക്കുകയാണ്. ആഭ്യന്തര യുദ്ധം തുടങ്ങി അഞ്ച് വര്‍ഷത്തിന് ശേഷം രാജ്യത്തെ വലിയ നഗരമായ അലപ്പോയുടെ പൂര്‍ണനിയന്ത്രണം ഏറ്റെടുക്കാനായാല്‍ അസദ് സര്‍ക്കാറിന്റെ തന്ത്രപ്രധാന നേട്ടമാകും.

LEAVE A REPLY

Please enter your comment!
Please enter your name here