നാഗ്ജി ഫുട്‌ബോള്‍: വോളിന്‍ ലുസ്‌ക്-ബുക്കാറസ്റ്റ് മല്‍സരം സമനിലയില്‍

Posted on: February 7, 2016 9:26 pm | Last updated: February 7, 2016 at 11:48 pm
SHARE

nagjiകോഴിക്കോട്: യൂറോപ്യന്‍ ടീമുകളായ ഉക്രൈന്റെയും റുമേനിയയുടെയും തുല്യ ശക്തികള്‍ കളത്തില്‍ ഇഞ്ചോടിച്ച് പോരടിച്ച മത്സരത്തില്‍ ഫലം സമനില. കളിയുടെ അവസാന മിനുട്ട് വരെ നിറഞ്ഞ ആകാംക്ഷക്കൊടുവിലാണ് പോരാട്ടം സമനിലയില്‍ അവസാനിച്ചത്. ഉക്രൈന്‍ പ്രീമിയര്‍ ലീഗ് ടീമായ എഫ് സി വോളിന്‍ ലറ്റ്‌സ്‌കും റുമേനിയന്‍ ടോപ് ഡിവിഷന്‍ ടീമായ എഫ് സി റാപിഡ് ബുക്കാറസ്റ്റുമാണ് 1-1 എന്ന സ്‌കോറില്‍ സമനിലയില്‍ പിരിഞ്ഞത്.
ഒരു കാലത്ത് ഉക്രൈനിലെയും റുമേനിയയിലെയും ചാമ്പ്യന്‍മാരായ ടീമുകള്‍ മാറ്റുരച്ച മത്സരമായിരുന്നു ഇന്നലത്തേത്. ഒത്തിണക്കത്തോടെ കുറിയ പാസുകളുമായി ഇരു ടീമുകളും കളിക്കളം വാണപ്പോള്‍ ആരാധകര്‍ നെഞ്ചിടിപ്പോടെയാണ് കളിയുടെ ഓരോ നിമിഷത്തെയും വരവേറ്റത്. രണ്ട് തവണ കൈയാങ്കളിയിലേക്കെത്തിയ മത്സരത്തില്‍ ഏഴ് മഞ്ഞക്കാര്‍ഡാണ് റഫറിക്ക് പുറത്തെടുക്കേണ്ടി വന്നത്. റുമേനിയന്‍ ടീമായ എഫ് സി റാപിഡ് ബുക്കാറസ്റ്റിന് വേണ്ടി ടുഡോറാന്‍ ജോര്‍ജാണ് 12ാം മിനുട്ടില്‍ ആദ്യ ഗോളടിച്ചത്.രണ്ടാം പകുതിയുടെ 57ാം മിനുട്ടില്‍ മെമഷേവ് റെഡ്വാന്‍ യുക്രെനു വേണ്ടി സ്‌കോര്‍ ചെയ്തു.
മത്സരത്തിന്റെ തുടക്കത്തില്‍ പന്ത് കൈയടക്കി കളം നിറഞ്ഞ് കളിച്ച ഉക്രൈന്‍ ടീമിനെ ഞെട്ടിച്ചു കൊണ്ട് മാര്‍ട്ടിന്‍ മഡ്‌ലിന്റെ തകര്‍പ്പന്‍ പാസില്‍ ടുഡോറാന്‍ ജോര്‍ജിന്റെ ഇടങ്കാല്‍ ഷോട്ട് യുക്രൈന്‍ ഗോളി ഷസ്റ്റ് ബോധാനെ മറികടന്ന് പോസ്റ്റിന്റെ വലതുമൂലയിലേക്ക് തുളച്ചുകയറി. സ്‌കോര്‍: 0-1. ഇതോടെ കളിയുടെ ഗതി മാറി. തുടര്‍ന്ന് ഇരു ടീമുകളും കളം നിറഞ്ഞ് ഒത്തിണക്കത്തോടെ പന്തിനായി പോരടിച്ചുകൊണ്ടിരുന്നു. വിംഗുകളിലൂടെയുള്ള കുറിയ പാസുകളും ഇടക്ക് ഇരു ടീമുകളും ഉയര്‍ത്തി നല്‍കിയ ഹൈ ബോളുകളുമായി ഇരുവരും ഗോള്‍ മുഖങ്ങള്‍ വിറപ്പിച്ച് കൊണ്ടിരുന്നു. 27ാം മിനുട്ടില്‍ ഉഗ്രന്‍ മുന്നേറ്റത്തോടെ റുമേനിയന്‍ ടീമിന്റെ മാര്‍ട്ടിന്‍ മഡാലിന്റെ അപകടകരമായ ക്രോസ് യുക്രൈന്‍ പ്രതിരോധ താരം സുനിക് ഇവിക്കാ ബോക്‌സിനുള്ളില്‍ വെച്ച് ക്ലിയര്‍ ചെയ്തു.
ഉക്രൈന്‍ ഗോള്‍ മടക്കാനുള്ള ശ്രമത്തിനിടെ ഫൗളിനെത്തുടര്‍ന്ന് ലഭിച്ച ഫ്രീകിക്കില്‍ ജോറോപെവ്‌സ്‌കിയുടെ ഗോളെന്നുറപ്പിച്ച കിടിലന്‍ ഷോട്ട് റുമേനിയന്‍ ഗോളി ബോധാന്‍ കൈപ്പിടിയിലൊതുക്കി.വീണ്ടും വലത് വിംഗിലൂടെ 33ാം മിനുട്ടില്‍ പന്തുമായി മുന്നേറിയ ഉക്രൈയിന്റെ പെട്രോവിന്റെ ഷോട്ട് നിര്‍ഭാഗ്യവശാല്‍ ബാറിന്റെ വലത് മൂലയില്‍ തട്ടിത്തെറിച്ചതോടെ ആദ്യ പകുതിയിലെ അവരുടെ ഗോളിലേക്കുള്ള എടുത്തുപറയാനുള്ള പോരാട്ടം അവസാനിച്ചു.
രണ്ടാം പകുതിയില്‍ ഗോള്‍ മടക്കാന്‍ വേണ്ടി ഉക്രൈന്‍ ടീമും പ്രതിരോധത്തില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിച്ച് റുമേനിയയും തകര്‍ത്തു കളിച്ചപ്പോള്‍ ഫുട്‌ബോളിന്റെ യഥാര്‍ഥ സൗന്ദര്യം മൈതാനത്ത് നിറഞ്ഞൊഴുകി. വ്യക്തമായ ഗെയിം പ്ലാനിലൂടെ ഇരു ടീമുകളും തന്ത്രങ്ങള്‍ മാറ്റിക്കൊണ്ടിരുന്നു. കൃത്യതയാര്‍ന്ന കുറിയ പാസ്സുകളുമായി വീണ്ടും ഇരു ടീമുകളും മുന്നേറിയപ്പോള്‍ റുമേനിയന്‍ താരങ്ങള്‍ ഉക്രൈന്റെ ഗോള്‍മുഖം വിറപ്പിച്ച് കൊണ്ടിരുന്നു .57ാം മിനുട്ടില്‍ ഗോള്‍ തിരിച്ചടിക്കാനുള്ള ഉക്രൈന്റെ ശ്രമങ്ങള്‍ക്ക് ഫലം കണ്ടു. ക്യാപ്റ്റന്‍ ക്രെവ്‌ഷെങ്കോ സെര്‍ജിയുടെ മനോഹരമായ പാസ്സില്‍ മെമഷേവ് റെഡ്വാന്‍ റുമേനിയയുടെ ഗോള്‍ പോസ്റ്റിന്റെ വലതുമൂലയിലേക്ക് പന്ത് മനോഹരമായി ഹെഡ്ഡ് ചെയ്തു. സ്‌കോര്‍: 1-1.തുടര്‍ന്ന് ഉണര്‍ന്ന് കളിച്ച ഇരു ടീമുകളും പ്രതിരോധവും അക്രമണവും കോര്‍ത്തിണക്കിയാണ് മുന്നേറ്റങ്ങള്‍ നടത്തിയത്. 70ാം മിനുട്ടില്‍ റുമേനിയയുടെ പോപയുടെ പാസ്സില്‍ ഗോളെന്നുറപ്പിച്ച മോറാറിന്റെ ഷോട്ട് ഗോളി തട്ടിയകറ്റി. മത്സരത്തിന് ഫൈനല്‍ വിസില്‍ മുഴങ്ങിയതോടെ വാശിയേറിയ പോരാട്ടം 1-1 എന്ന സ്‌കോറില്‍ അവസാനിച്ചു. കളിയില്‍ രണ്ടു തവണയായി നടന്ന കൈയാങ്കളിയില്‍ റഫറി സി ആര്‍ ശ്രീകൃഷ്ണക്ക് ഏഴ് തവണ മഞ്ഞക്കാര്‍ഡ് പുറത്തെടുക്കേണ്ടി വന്നു. ഉക്രൈന് രണ്ടും റുമേനിയക്ക് അഞ്ച് കാര്‍ഡുമാണ് കിട്ടിയത്. മഞ്ഞക്കാര്‍ഡ് കണ്ടതില്‍ ഗോള്‍കീപ്പറും ഉള്‍പ്പെടും. റാപിഡ് ക്ലബ്ബിന്റെ പോപ യുലിയന്‍, ട്രന്റു റസ്വാന്‍, കോസ്റ്റിന്‍ റൗള്‍, ഗോള്‍കീപ്പര്‍ ദ്രാഖിയ വര്‍ജില്‍, റോബസ്റ്റെ കോളോമര്‍, ലറ്റ്‌സ്‌ക് താരങ്ങളായ പോളോവി വോളോഡൈമര്‍, ഗോറോപെവ്‌സെക് മിഹ എന്നിവര്‍ക്കാണ് മഞ്ഞക്കാര്‍ഡ് ലഭിച്ചത്.
ക്ലബ്ബിന്റെ ഒന്നാം നമ്പര്‍ താരങ്ങളുമായാണ് റാപിഡ് എത്തിയത്. 92 വര്‍ഷം പഴക്കമുള്ള ക്ലബ്ബായ റുമേനിയന്‍ ടോപ് ഡിവിഷന്‍ സംഘം എഫ് സി റാപിഡ് ബുക്കാറെസ്റ്റും നിലവില്‍ 2006 യുവേഫ കപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനലിസ്റ്റുകളും, റുമേനിയന്‍ പ്രീമിയര്‍ ലീഗില്‍ മൂന്ന് തവണ ചാമ്പ്യന്‍മാരും 14 തവണ റണ്ണറപ്പുമായ ടീമാണ്. പരിചയ സമ്പന്നരായ സീനിയര്‍ താരങ്ങളെയും യുവനിരയെയും അണിനിരത്തിയാണ് മത്സരത്തിനിറങ്ങിയത്.
റുമേനിയന്‍ മുന്‍താരം ഡാന്‍ അലക്‌സാണ് പരിശീലകന്‍. 1960ല്‍ രൂപവത്കൃതമായ എഫ് സി വോളിന്‍ ലറ്റ്‌സ്‌ക് ക്യാപ്റ്റന്‍ സെര്‍ഷ് ക്രാവ്‌ചെങ്കോയുടെ നേതൃത്വത്തിലായിരുന്നു കളത്തിറങ്ങിയത്.

LEAVE A REPLY

Please enter your comment!
Please enter your name here