Connect with us

Gulf

കായിക ദിനത്തില്‍ അറുപതിലേറെ പരിപാടികളുമായി ഖത്വര്‍ ഫൗണ്ടേഷന്‍

Published

|

Last Updated

ദോഹ: അറുപതിലേറെ കായിക പരിപാടികളുമായി ദേശീയ കായിക ദിനം കൊഴുപ്പിക്കാന്‍ ഖത്വര്‍ ഫൗണ്ടേഷന്‍ ഫോര്‍ എജുക്കേഷന്‍, സയന്‍സ് ആന്‍ഡ് കമ്യൂനിറ്റി ഡെവലപ്‌മെന്റ് (ക്യു എഫ്). എജുക്കേഷന്‍ സിറ്റിയില്‍ അന്നേ ദിവസം നിരവധി മത്സരങ്ങളും ടൂര്‍ണമെന്റുകളും നടക്കും. സിദ്‌റ മെഡിക്കല്‍ ആന്‍ഡ് റിസര്‍ച്ച് സെന്ററിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന മൂന്ന് കിലോമീറ്റര്‍ വാക്കത്തോണ്‍ ആണ് പരിപാടികളിലെ പ്രധാന ആകര്‍ഷണം.
ഖത്വര്‍ ഫൗണ്ടേഷന്റെ പുതിയ ഓക്‌സിജന്‍ പാര്‍ക്കിലാണ് ഈ വര്‍ഷത്തെ പരിപാടികള്‍. 1.30 ലക്ഷം ചതുരശ്ര മീറ്ററില്‍ 117 വ്യത്യസ്ത മരങ്ങളും ചെടികളും നിറഞ്ഞ ഓക്‌സിജന്‍ പാര്‍ക്കില്‍ നടപ്പാത, ഓട്ടത്തിനുള്ള ട്രാക്ക്, പൂന്തോട്ടം, കുതിരച്ചാട്ട ട്രാക്ക് തുടങ്ങിയവയുണ്ട്. ദേശീയ കായിക ദിനത്തില്‍ ഇവിടെ അല്‍ ശബഖ്, ക്രോസ്സ്ഫിറ്റ്, സുംബ, ബോക്‌സര്‍സൈസ് എന്നിവ സംഘടിപ്പിക്കുന്ന കുതിരയോട്ടവും ബിച്ച് വോളിബോള്‍ ടൂര്‍ണമെന്റും ഉണ്ടാകും. “നിങ്ങളിലെ കായികതാരത്തെ തുറന്നുവിടൂ” എന്ന പ്രമേയത്തില്‍ സംഘടിപ്പിക്കുന്ന ഈ വര്‍ഷത്തെ ദേശീയ കായികദിനം കുട്ടികളടക്കമുള്ള എല്ലാവരെയും ആരോഗ്യകരമായ ജീവിത ശൈലിയുടെ ഭാഗമാക്കാന്‍ കൂടി ലക്ഷ്യമിട്ടുള്ളതാണ്.
ബൗളിംഗ്, ടേബിള്‍ ടെന്നീസ്, വോളിബോള്‍, പരമ്പരാഗത കളികള്‍ അടക്കം നിരവധി കായികയിനങ്ങളാണ് ഹമദ് ബിന്‍ ഖലീഫ യൂനിവേഴ്‌സിറ്റിയിലെ സ്റ്റുഡന്റ്‌സ് സെന്റര്‍ സംഘടിപ്പിക്കുന്നത്. ഖത്വര്‍ ഫൗണ്ടേഷനിലെ ഭിന്നശേഷിക്കാരായ ജീവനക്കാര്‍ക്കും സ്ത്രീകള്‍ക്കും പ്രത്യേകം മത്സരങ്ങളുണ്ടാകും. വിവിധ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളിലും പൊതുജനങ്ങളെ പങ്കെടുപ്പിക്കാനും ലക്ഷ്യമുണ്ട്. “ആദ്യം നിങ്ങളുടെ ആരോഗ്യം” എന്ന ഒരു വര്‍ഷം നീളുന്ന ക്യാംപയിനിന് വീല്‍ കോര്‍ണല്‍ മെഡിസിന്‍ ഖത്വര്‍ രൂപം നല്‍കിയിട്ടുണ്ട്. ആരോഗ്യകരമായ ജീവിതശൈലി രൂപപ്പെടുത്തിയെടുക്കാന്‍ യുവതലമുറയെ പ്രേരിപ്പിക്കുന്ന പദ്ധതിയാണിത്.

---- facebook comment plugin here -----

Latest