ഗുരുതര കുറ്റകൃത്യങ്ങള്‍ കുറഞ്ഞു; സൈബര്‍ കുറ്റങ്ങളില്‍ വര്‍ധന

Posted on: February 7, 2016 7:14 pm | Last updated: February 7, 2016 at 7:14 pm
SHARE

safeqatar_infographic_enദോഹ: രാജ്യത്ത് ഗുരുതമായ കുറ്റകൃത്യങ്ങളില്‍ പോയ വര്‍ഷം ഗണ്യമായ കുറവ്. രജിസ്റ്റര്‍ ചെയ്യപ്പെടുന്ന കുറ്റകൃത്യങ്ങളില്‍ ലോക ശരാശരിക്കും താഴെയാണ് ഖത്വര്‍. അതേസമയം, സൈബര്‍ കുറ്റകൃത്യങ്ങളില്‍ നേരിയ വര്‍ധന രേഖപ്പെടുത്തി. ആഭ്യന്തര മന്ത്രാലയം പ്രസിദ്ധപ്പെടുത്തിയ സെക്യൂരിറ്റി ആന്‍ഡ് സര്‍വീസസ് സ്റ്റാറ്റിസ്റ്റിക്‌സ് റിപ്പോര്‍ട്ടിലാണ് വിവരങ്ങള്‍.
വലിയ കുറ്റകൃത്യങ്ങള്‍ സംബന്ധിച്ചുള്ള പരാതികളില്‍ 2014നെ അപേക്ഷിച്ച് 49.2 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയത്. സ്റ്റേറ്റ് സെക്യൂരിറ്റി ഏജന്‍സിക്കു ലഭിക്കുന്ന പരാതികളില്‍ 3.5 ശതമാനത്തിന്റെ കുറവുമുണ്ടായി. യാചനക്കുറ്റം ചെയ്തതിന്റെ പേരില്‍ സ്ത്രീകളും പുരുഷന്‍മാരുമുള്‍പ്പെടെ 590 പേരെയാണ് കഴിഞ്ഞ വര്‍ഷം അറസ്റ്റു ചെയ്തത്. സാങ്കേതിക വിദ്യയുടെ ഉപയോഗം വലിയ തോതില്‍ വര്‍ധച്ചതാണ് സൈബര്‍ കുറ്റകൃത്യങ്ങള്‍ ഉയരാന്‍ കാരണമായതെന്ന് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. രാജ്യാന്തര ഏജന്‍സികളുമായും അതോറിറ്റികളുമായും ചേര്‍ന്ന് പ്രവര്‍ത്തിച്ചതിന്റെ ഫലമായി മയക്കുമരുന്നു കടത്തും ഉപയോഗവും നിയന്ത്രിക്കാന്‍ കഴിഞ്ഞു. തീപ്പിടിത്തമുള്‍പ്പെടെ പൊതുജന സുരക്ഷാ രംഗത്തും കഴിഞ്ഞ വര്‍ഷം മികച്ച ഫലമുണ്ടാക്കാന്‍ കഴിഞ്ഞു.
ഗതാഗത സുരക്ഷാ രംഗത്ത് നിയമലംഘനങ്ങള്‍ കുറച്ചു കൊണ്ടു വരാന്‍ സാധിച്ചതായി റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു. റോഡപകടങ്ങളും മരണനിരക്കും കുറഞ്ഞു. ഗതാഗത സുരക്ഷിക്കുവേണ്ടി ആഭ്യന്തര മന്ത്രാലയം ഒരു മിനിറ്റില്‍ 103 സേവനങ്ങളാണ് നല്‍കുന്നത്. വിവിധ സര്‍വീസ് പോര്‍ട്ടലുകള്‍ വഴിയാണിത്. കഴിഞ്ഞ വര്‍ഷം 53 ദശലക്ഷം ഇടപാടുകളാണ് ഗതാഗത മേഖലയില്‍ മന്ത്രാലയം നടത്തിയത്. ഇതില്‍ നാലായിരിത്തലധികം സേവനങ്ങള്‍ പ്രത്യേക പരിചരണം ആവശ്യമുള്ളവര്‍ക്കായിരുന്നു.
ജനങ്ങളുമായുള്ള സമ്പര്‍ക്കം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ആറു ഭാഷകളിലാണ് മന്ത്രാലയം ആശയവിനിമയം നടത്തുന്നത്. സാമൂഹിക മാധ്യമങ്ങളിലൂടെയുള്ള സുരക്ഷാ, സേവന ബോധവത്കരണം 18 ദശലക്ഷം പേരിലേക്കെത്തിക്കാന്‍ സാധിച്ചു. മനുഷ്യാവകാശ സംരക്ഷണ രംഗത്തും മന്ത്രാലയം ശ്രദ്ധ പതിപ്പിച്ചു. സേവനങ്ങള്‍ സംബന്ധിച്ച് പൊതുജനങ്ങളില്‍നിന്നുള്ള ഹിതപരിശോധന നിരന്തരമായി നടത്തി. സ്‌പോണ്‍സര്‍ഷിപ്പുമായി ബന്ധപ്പെട്ട് കഴിഞ്ഞ വര്‍ഷം 1600 പരാതികളാണ് മന്ത്രാലയത്തിനു ലഭിച്ചത്. രാജ്യത്ത് തടങ്കലിലാക്കപ്പെട്ടവരെ രാജ്യാന്തര നിയമാനുസൃതം സ്വദേശങ്ങളിലേക്ക് കയറ്റി അയക്കുന്നതിന് നടപടികള്‍ സ്വീകരിച്ചു. പതിനായിരത്തിലധികം ആളുകളെയാണ് കഴിഞ്ഞ വര്‍ഷം ട്രാവല്‍ ടിക്കറ്റ് നല്‍കി അയച്ചത്. കുറ്റകൃത്യങ്ങളും സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്തതിന് നഷനല്‍ കമാന്‍ഡ് സെന്റര്‍ 35,000ലധികം അഭിനന്ദന സന്ദേശങ്ങള്‍ നല്‍കിയതായും റിപ്പോര്‍ട്ട് പറയുന്നു. ഗ്ലോബല്‍ പീസ് ഇന്‍ഡക്‌സില്‍ ഖത്വര്‍ മിഡില്‍ ഈസ്റ്റില്‍ മുന്നിലാണെന്ന് റിപ്പോര്‍ട്ടിന്റെ ആമുഖത്തില്‍ ആഭ്യന്തര മന്ത്രാലയം പറയുന്നു. ലോകത്തെ മികച്ച സുരക്ഷിത രാജ്യങ്ങളിലും ഖത്വറുണ്ട്.
സൈബര്‍ കുറ്റകൃത്യങ്ങളില്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 52 ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. സോഷ്യല്‍ മീഡിയയുടെ വ്യാപനമാണ് സൈബര്‍ കുറ്റകൃത്യങ്ങളെ ഉയര്‍ത്തുന്നത്. മനുഷ്യാവകാശ മേഖലയില്‍ ആഭ്യന്തര മന്ത്രാലയം ജാഗ്രതയോടെ ഇടപെട്ടു. 1686 പരാതികളാണ് കഴിഞ്ഞ വര്‍ഷം പരിഹരിച്ചത്. രാജ്യത്തെ മനുഷ്യാവകാശസ്ഥിതി രാജ്യാന്തര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങളാണ് നടന്നു വരുന്നത്. പൊതുജനങ്ങള്‍ക്ക് അടിയന്തര സേവനങ്ങള്‍ നല്‍കുന്നതിലും ശ്രദ്ധ പുലര്‍ത്തി. കഴിഞ്ഞ വര്‍ഷം 999ല്‍ 1,943,653 വിളികളാണ് വന്നത്. ട്രാഫിക്, അസുഖം, അപകടം, പരാതികള്‍, തീപിടിത്തം തുടങ്ങിയ ആവശ്യങ്ങള്‍ക്കായിരുന്നു വിളികള്‍.

LEAVE A REPLY

Please enter your comment!
Please enter your name here