ഓക്‌സിജന്‍ പാര്‍ക്ക് അടുത്ത മാസം തുറക്കും

Posted on: February 7, 2016 7:11 pm | Last updated: February 7, 2016 at 7:11 pm
SHARE

ദോഹ: നിര്‍മാണം പൂര്‍ത്തിയാകുന്ന ഖത്വര്‍ ഫൗണ്ടേന്‍ പാര്‍ക്ക് അടുത്ത മാസം തുറന്നു കൊടുക്കും. ഖത്വര്‍ ഫൗണ്ടേഷന്‍ കമ്യൂണിറ്റിക്കും വിദ്യാര്‍ഥികള്‍ക്കും ഉപയോഗിക്കാവുന്ന ഓക്‌സിജന്‍ പാര്‍ക്ക് പൊതുജനങ്ങള്‍ക്കും പ്രവേശമുണ്ടാകും. ലോകോത്തര നിലവാരത്തില്‍ രൂപകല്‍പ്പന നടത്തിയിട്ടുള്ള പാര്‍ക്കില്‍ വിവിധ സൗകര്യങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. നിറയെ മരങ്ങളും ചെടികളുമുള്ള ഉദ്യാനമായാണ് പാര്‍ക്ക് സ്ഥാപിക്കുന്നത്.
ഓക്‌സിജന്‍ ഗാര്‍ഡന്‍ എന്നും അറിയപ്പെടുന്ന പാര്‍ക്ക് കായിക പരിപാടികള്‍ക്കുവേണ്ടിയാണ് ഇപ്പോള്‍ പ്രധാനമായും ഉപയോഗിച്ചു വരുന്നത്. 130,000 ചതുരശ്രമീറ്റര്‍ വിസ്തൃതിയില്‍ നിര്‍മിക്കുന്ന ഉദ്യാനത്തില്‍ വിവിധ കായിക, ഉല്ലാസ സൗകര്യങ്ങളുണ്ടാകും. ഹരിതവത്കരണത്തിനു പ്രാധാന്യം നല്‍കിയാണ് പാര്‍ക്കിന്റെ നിര്‍മാണം. പരിപാടികള്‍ സംഘടിപ്പിക്കുന്നതിനുള്ള ഓപണ്‍ എയര്‍ സ്റ്റേജ്, നടപ്പാത, വ്യായാമ സ്ഥാനം തുടങ്ങിയവയും ഉണ്ടാകും. വിദ്യാര്‍ഥികള്‍ക്ക് വിവിധ പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുന്നതിനുള്ള സൗകര്യവും പാര്‍ക്ക് സൃഷ്ടിക്കും.
വിദ്യാര്‍ഥികള്‍ക്ക് അനൗപചാരിക ഒത്തു ചേരലുകള്‍ക്ക് അനുയോജ്യമായ രീതിയിലാണ് ഉദ്യോനത്തിന്റെ നിര്‍മാണം. വിശ്രമിക്കുന്നതിനും വിനോദത്തിലേര്‍പ്പെടുന്നതിനും ഇവിടെ അവസരമൊരുങ്ങും. പ്രകൃതി സൗഹൃദവും ആരോഗ്യ സുരക്ഷയും ഉദ്യാനം പ്രാധാന്യപൂര്‍വം പരിഗണിക്കുന്നു.