Connect with us

Gulf

വലിയ അപകടസ്ഥലങ്ങളിലെ ശുശ്രൂഷക്കായി ആംബുലന്‍സ് ട്രക്കുകള്‍ സേവന സജ്ജം

Published

|

Last Updated

ദോഹ: വലിയ അപകടങ്ങളുണ്ടാകുന്ന ഘട്ടങ്ങളും കൂടുതല്‍ അളുകള്‍ തടിച്ചു കൂടുന്ന സ്ഥലങ്ങളിലെ സുരക്ഷക്കുമായി ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍ ആംബുലന്‍സ് സര്‍വീസ് വിഭാഗം സജ്ജമാക്കിയ ട്രക്ക് ആംബുലന്‍സുകള്‍ സേവന സന്നദ്ധമായി. കഴിഞ്ഞ ദിവസം നടന്ന എമര്‍ജന്‍സി മെഡിസിന്‍ ആന്‍ഡ് പബ്ലിക് കോണ്‍ഫറന്‍സില്‍ ആംബുലന്‍സുകള്‍ പ്രദര്‍ശിപ്പിച്ചു.
അപകടഘട്ടങ്ങളിലെ പ്രഥമ ശുശ്രൂഷക്കുവേണ്ട എല്ലാ സജ്ജീകരണങ്ങളോടെയുമാണ് ട്രക്ക് ആംബുലന്‍സുകള്‍ തയാറാക്കിയിരിക്കുന്നത്. മെഡിക്കല്‍ സഹായം, ശുചീകരണം, സേവനം എന്നിവയാണ് ആംബുലന്‍സുകളുടെ പ്രധാന ദൗത്യം. വലിയ അപകടങ്ങളുണ്ടാകുമ്പോള്‍ നിയോഗിക്കപ്പെടുന്ന ഈ ആംബുലന്‍സുകള്‍ ഉടന്‍ സംഭവസ്ഥലത്തെത്തി അടിയന്തര മെഡിക്കല്‍ സേവനം നല്‍കും. പ്രദേശത്ത് താത്കാലിക ക്ലിനിക്ക് പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള സജ്ജീകരണങ്ങളെല്ലാം വാഹനത്തിലുണ്ട്. ശീതീകരിച്ച ടെന്റ് സജ്ജമാക്കിയാണ് ക്ലിനിക്ക് പ്രവര്‍ത്തിക്കുക. പരിശീലനം സിദ്ധിച്ച ആരോഗ്യ സേവകര്‍ പ്രഥമ ശുശ്രൂഷ നല്‍കി വിദഗ്ധ പരിചരണം ആവശ്യമുള്ളവരെ ഹമദ് ആശുപത്രി അത്യാഹിത വിഭാഗത്തിലേക്ക് അയക്കും.
25000ലധികം ആളുകള്‍ ഒരുമിച്ചു കൂടുന്ന സ്ഥലത്തെ സേവനങ്ങള്‍ക്ക് അനുയോജ്യമായ രീതിയിലാണ് ആംബുലന്‍സ് ട്രക്കുകള്‍ തയാറാക്കിയിരിക്കുന്നത്. ഒരു സെറ്റ് ആംബുലന്‍സ് ട്രക്ക് ഹമദ് രാജ്യാന്തര വിമാനത്താവളത്തിലാണ് നിര്‍ത്തിയിടുക. വലിയ വിമാനങ്ങള്‍ അടിയന്തര ലാന്‍ഡിംഗ് നടത്തുകയോ അപകടത്തില്‍ പെടുകയോ ചെയ്താല്‍ സേവനത്തിന് ഈ ആംബുലന്‍സുകളുണ്ടാകും. മറ്റു യൂനിറ്റുകള്‍ വിവിധ ഭാഗങ്ങളിലായി വിന്യസിക്കും. ഇത്തരമൊരു സംവിധാനം സജ്ജമാക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും അപകടഘട്ടങ്ങളില്‍ അടിയന്തര സേവനമെത്തിക്കാന്‍ കഴിയുന്നുവെന്നതാണ് ട്രക്കുകളുടെ സവിശേഷതയെന്നും ആംബുലന്‍സ് സര്‍വീസ് എക്‌സി. ഡയറക്ടര്‍ ബ്രിന്‍ഡന്‍ മൊറീസ് പറഞ്ഞു.

Latest