വാണിജ്യാവശ്യങ്ങള്‍ക്കല്ലാതെ ഭക്ഷ്യവസ്തുക്കള്‍ കൊണ്ടുവരുന്നതിന് നിയന്ത്രണം

Posted on: February 7, 2016 3:54 pm | Last updated: February 7, 2016 at 3:54 pm
SHARE

airportഅബുദാബി: വാണിജ്യാവശ്യങ്ങള്‍ക്കല്ലാതെ യു എ ഇയിലക്ക് ഭക്ഷ്യവസ്തുക്കള്‍ കൊണ്ടുവരുന്നതിന് നിയന്ത്രണം ഏര്‍പെടുത്തിയതായി പരിസ്ഥിതി ജല മന്ത്രി ഡോ. റാശിദ് അഹ്മദ് ബിന്‍ ഫഹദ് അറിയിച്ചു. നാട്ടില്‍ നിന്ന് വരുമ്പോള്‍ ഭക്ഷ്യവസ്തുക്കള്‍ വന്‍തോതില്‍ കൊണ്ടുവരുന്നത് പ്രയാസകരമായിരിക്കും. ആരോഗ്യസംരക്ഷണത്തിന് വേണ്ടിയും രോഗങ്ങള്‍ പടരാതിരിക്കാന്‍ വേണ്ടിയുമാണ് നടപടി. അതിര്‍ത്തികളിലെല്ലാം ഇനിമുതല്‍ പരിശോധന കര്‍ശനമായിരിക്കും. പരമാവധി 20 കിലോ തൈര്, 50 ലിറ്റര്‍ എണ്ണ, 10 കിലോ പഴം പച്ചക്കറി, 100 കിലോ ഈന്തപ്പഴം, 10 കിലോ മധുര പലഹാരങ്ങള്‍ 30 കിലോ ഇറച്ചി, 10 കിലോ മത്സ്യം, 500 ഗ്രാം കാവ്യാര്‍ എന്നിവയാണ് അനുവദനീയം. മുട്ട 11 കിലോ, തേനും പഞ്ചസാരയും 20 കിലോ, പച്ചമരുന്ന്, സുഗന്ധ ദ്രവ്യങ്ങള്‍ അഞ്ച് കിലോ, കുങ്കുമപ്പൂവ് 500 ഗ്രാം എന്നിവ അനുവദിക്കും. അതേസമയം, കുട്ടികളുടെ ആവശ്യത്തിനാണെങ്കില്‍ പ്രത്യേകതരം ഭക്ഷണങ്ങള്‍ 10 കിലോ അനുവദിക്കും. ശീതള പാനീയങ്ങള്‍, വെള്ളം എന്നിവ 20 കിലോയും പഴച്ചാറുകള്‍ അഞ്ച് കിലോയും ടിന്നിലടച്ച ഭക്ഷ്യവസ്തു 25 കിലോയും അനുവദിക്കും. അതോടൊപ്പംതന്നെ ഇത്തരത്തില്‍ ഭക്ഷ്യവസ്തുക്കള്‍ കൊണ്ടുവരുമ്പോള്‍ രേഖകളുമുണ്ടായിരിക്കണം. എന്തൊക്കെ ഭക്ഷ്യവസ്തുക്കളാണ് ഉള്ളതെന്ന് വ്യക്തമാക്കണം. ആഘോഷങ്ങള്‍ക്കും ചന്തകള്‍ക്കും ആണ് കൊണ്ടുവരുന്നതെങ്കില്‍ പ്രത്യേക അനുമതി വേണമെന്നും മന്ത്രി വ്യക്തമാക്കി.