Connect with us

Gulf

ആര്‍ ടി എ പരിസ്ഥിതി സൗഹൃദ വഴിയില്‍;2021 ഓടെ ടാക്‌സികള്‍ പകുതിയും 'ഹൈബ്രിഡ്' ആകും

Published

|

Last Updated

ദുബൈ:2021 ഓടെ ദുബൈയിലെ ടാക്‌സികളില്‍ 50 ശതമാനം പരിസ്ഥിതി സൗഹൃദ (ഹൈബ്രിഡ്) വാഹനങ്ങള്‍ ആയിരിക്കുമെന്ന് മതര്‍ അല്‍തായര്‍ അറിയിച്ചു. 4,750 ടാക്‌സികളാണ് ഏര്‍പ്പെടുത്തുന്നത്. ഹരിതഗൃഹ വാതകം (കാര്‍ബണ്‍) പുറംതള്ളുന്നത് 34 ശതമാനം കുറക്കാന്‍ കഴിയും.
ബൃഹത്തായ പദ്ധതിയുടെ ഭാഗമാണിത്. ഊര്‍ജ, ഹരിത സാമ്പത്തിക വൈരുദ്ധ്യ വത്കരണത്തിന്റെ ഭാഗമായി ദുബൈ പരമോന്നത സമിതി ഇത്തരത്തില്‍ മാര്‍ഗനിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇന്ധനവില ക്രമീകരിച്ചത് ഇതിന്റെ ഭാഗമാണ്. സാധാരണ വാഹനങ്ങളെക്കാള്‍ ശേഷിയുള്ളതായിരിക്കും പരിസ്ഥിതി സൗഹൃദ വാഹനങ്ങള്‍. 2015ല്‍ ആണ് ഇത്തരത്തിലുള്ള ടാക്‌സികള്‍ ഏര്‍പെടുത്താന്‍ തുടങ്ങിയത്. കഴിഞ്ഞ വര്‍ഷം 147 ഹൈബ്രിഡ് ടാക്‌സികള്‍ നിരത്തിലിറക്കി. 2016ല്‍ 791 ആയി വര്‍ധിപ്പിക്കും. അടുത്തവര്‍ഷം 1,582 ആകും.
ദുബൈ ടാക്‌സി കോര്‍പറേഷനാണ് കൂടുതലായും ഹൈബ്രിഡ് ടാക്‌സികള്‍ നിരത്തിലിറക്കുക. കാര്‍സ് ടാക്‌സി 900, നാഷനല്‍ ടാക്‌സി 812, അറേബ്യ ടാക്‌സി 463, മെട്രോ ടാക്‌സി 377, സിറ്റി ടാക്‌സി 18 എന്നിങ്ങനെയാണ് ഹൈബ്രിഡ് ടാക്‌സികള്‍ ഏര്‍പെടുത്തുക.
2008ലാണ് ഇത്തരം ടാക്‌സികള്‍ പരീക്ഷണാര്‍ഥം ഓടിച്ചത്. സാധാരണ ടാക്‌സി വാഹനങ്ങള്‍ 100 കിലോമീറ്റര്‍ ഓടാന്‍ 12.5 ലിറ്റര്‍ പെട്രോള്‍ ഉപയോഗിക്കുമ്പോള്‍ ഹൈബ്രിഡ് ടാക്‌സികള്‍ക്ക് 8.25 ലിറ്റര്‍ മാത്രമേ ആവശ്യമായി വരുന്നുള്ളു. പ്രതിദിനം 182 കിലോ ആണ് ഹരിതഗൃഹ വാതകം പുറംതള്ളപ്പെടുന്നത്. ഇത് 121 കിലോ ആയി കുറക്കാന്‍ കഴിയും. ഒരു വര്‍ഷം 17 കോടി ദിര്‍ഹം ലാഭിക്കാനും കഴിയും.
ദുബൈ മെട്രോയില്‍ പരിസ്ഥിതി സൗഹൃദ വഴികള്‍ ഏര്‍പെടുത്തുന്നുണ്ട്. ബസുകളിലും ഏര്‍പെടുത്തിയിട്ടുണ്ട്. സെലക്ടീവ് കാറ്റലിറ്റിക് റിഡക്ഷന്‍, എക്‌സ്‌ഹോസ്റ്റ് ഗ്യാസ് റീ സര്‍ക്കുലേഷന്‍ എന്നിങ്ങനെയുള്ള സാങ്കേതിക വിദ്യകള്‍ ഉപയോഗിക്കുന്നു. ഇലക്ട്രിക് ബസുകളുടെ പരീക്ഷണ ഓട്ടം തുടങ്ങിയിട്ടുണ്ട്.
30 മിനുട്ട് ചാര്‍ജ് ചെയ്താല്‍ 200 കിലോമീറ്റര്‍ വരെ ഓടാന്‍ കഴിയുമെന്ന് ഇത്തരം ബസുകള്‍ തെളിയിക്കുന്നുണ്ട്. പ്രകൃതി വാതകം ഉപയോഗിച്ചുള്ള അബ്രകളും രംഗത്തിറക്കി. പ്രതിവര്‍ഷം 3,000 ടണ്‍ ഹരിത ഗൃഹ വാതകം ഇല്ലാതാക്കാന്‍ കഴിയുമെന്ന് മതര്‍ അല്‍തായര്‍ അറിയിച്ചു.

Latest