Connect with us

Malappuram

കാലിക്കറ്റിലെ വിദ്യാര്‍ഥിനികള്‍ സിന്‍ഡിക്കേറ്റിനെതിരെ വീണ്ടും ഗവര്‍ണറെ സമീപിക്കുന്നു

Published

|

Last Updated

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല ക്യാമ്പസിലെ വിദ്യാര്‍ഥിനികള്‍ സിന്‍ഡിക്കേറ്റ് ഉപസമിതിക്കെതിരെ ഗവര്‍ണറെ സമീപിക്കാന്‍ ഒരുങ്ങുന്നു.
സ്ത്രീ സുരക്ഷാ വിഷയത്തില്‍ സിന്‍ഡിക്കേറ്റ് ഉപസമിതി കൈക്കൊണ്ട തീരുമാനങ്ങള്‍ പരാതിക്കാരായ വിദ്യാര്‍ഥിനികളുടെ അറിവോടെയല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് വീണ്ടും ഗവര്‍ണര്‍ക്ക് പരാതി നല്‍കുന്നത്. വിദ്യാര്‍ഥിനികളെ സര്‍വകലാശാല ക്യാമ്പസില്‍ തന്നെ പഠിക്കുന്ന കായിക വിഭാഗം വിദ്യാര്‍ഥികള്‍ അക്രമിച്ചെന്ന പരാതിയെ തുടര്‍ന്ന് പഠനവിഭാഗം തലവന്‍മാരും ഏതാനും അധ്യാപകരും ഉള്‍പ്പെട്ട അന്വേഷണ സമിതി സിന്‍ഡിക്കേറ്റ് ഉപസമിതിയ്ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പലവിധ തീരുമാനങ്ങളെടുത്ത സിന്‍ഡിക്കേറ്റ് ഉപസമിതി കേസില്‍ ആരോപണവിധേയനായ കായിക വിഭാഗം വിദ്യാര്‍ഥിയുടെ സസ്‌പെന്‍ഷന്‍ പിന്‍വലിക്കുകയും ഇരു വിഭാഗം വിദ്യാര്‍ഥികള്‍ക്കും താക്കീത് നല്‍കി പ്രശ്‌നങ്ങള്‍ അവസാനിപ്പിക്കാനും തീരുമാനിച്ചിരുന്നു. എന്നാല്‍ ഈ തീരുമാനങ്ങളൊന്നും പരാതിക്കാരായ വിദ്യാര്‍ഥിനികളോട് കൂടിയാലോചിക്കാതെയാണ് കൈക്കൊണ്ടതെന്നാണ് പരാതി ഉയര്‍ന്നിരിക്കുന്നത്.
ഇക്കാര്യം ചൂണ്ടിക്കാട്ടി സര്‍വകലാശാല ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ക്ക് വരും ദിവസങ്ങളില്‍ പരാതി നല്‍കുമെന്ന് വിദ്യാര്‍ഥികള്‍ വ്യക്തമാക്കി. ക്യാമ്പസിലെ വിദ്യാര്‍ഥിനികള്‍ക്ക് നേരെ അക്രമമുണ്ടായതിന്റെ പശ്ചാത്തലത്തില്‍ സ്ത്രീ സുരക്ഷാ കാര്യങ്ങളില്‍ സര്‍വകലാശാല തികഞ്ഞ അനാസ്ഥയാണ് കാട്ടുന്നതെന്ന് ആരോപിച്ച് 556 വിദ്യാര്‍ഥികള്‍ ഒപ്പിട്ട ഭീമന്‍ ഹരജി ഗവര്‍ണര്‍ക്കും യു ജി സി ചെയര്‍മാനും നേരത്തെ നല്‍കിയിരുന്നു. ഈ വിഷയത്തിലാണ് വിദ്യാര്‍ഥിനികള്‍ വീണ്ടും ഗവര്‍ണറെ സമീപിക്കുന്നത്.

Latest