മഞ്ചേരി മെഡിക്കല്‍ കോളജില്‍ 24 മണിക്കൂര്‍ ഡയാലിസിസ്

Posted on: February 7, 2016 12:45 pm | Last updated: February 7, 2016 at 12:45 pm
SHARE

dialysisമഞ്ചേരി: ഗവണ്‍മെന്റ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഡയാലിസിസ് യൂനിറ്റ് 24 മണിക്കൂര്‍ പ്രവര്‍ത്തിപ്പിക്കാനാവശ്യമായ നടപടി സ്വീകരിക്കാന്‍ ഹോസ്പിറ്റല്‍ ഡവലപ്‌മെന്റ് സൊസൈറ്റി യോഗം തീരുമാനിച്ചു. നിലവില്‍ രണ്ട് ഡയാലിസിസ് യൂനിറ്റുകളാണ് പ്രവര്‍ത്തിച്ചു വരുന്നത്.

വൃക്ക രോഗികളുടെ ആധിക്യം ഡയാലിസിസ് യൂനിറ്റുകളുടെ എണ്ണം വര്‍ധിപ്പിക്കേണ്ടതായി വന്നിട്ടുണ്ട്. ഇതിനായി പുതിയ ആറ് യൂനിറ്റുകള്‍ കൂടി ലഭ്യമാക്കാനും ടെക്‌നീഷ്യന്മാരെ നിയമിക്കാനും തീരുമാനിച്ചു. യൂനിറ്റ് സ്ഥാപിക്കുന്നതിനായി പഴയ ആശുപത്രി കെട്ടിടത്തിലെ ഐ സി യൂ സജ്ജമാക്കും. ആശുപത്രിയിലേക്ക് 10 ഡയാലിസിസ് യൂനിറ്റുകള്‍ മഞ്ചേരി നഗരസഭ വാഗ്ദാനം ചെയ്തിരുന്നു.
ആശുപത്രിയിലേക്ക് ഈയിടെ ലഭ്യമായ ടി എം ടി മെഷ്യന്‍ പ്രവര്‍ത്തിപ്പിക്കുന്നതിന് ടെക്‌നീഷ്യന്മാരെ നിയമിക്കും. ഇതിനായി ഇക്കഴിഞ്ഞ ദിവസം ഇന്റര്‍വ്യൂ നടന്നിരുന്നു. പുറമെ സ്റ്റാഫ് നഴ്‌സടക്കം ആശുപത്രിയില്‍ ഒഴിവുള്ള നിരവധി തസ്തികകളിലേക്ക് ഉടന്‍ നിയമനം നടത്തും.
ആശുപത്രിയിലേക്ക് നല്‍കി വരുന്ന ത്രൈമാസ മരുന്ന് ക്വാട്ട വര്‍ധിപ്പിക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടും.
ഹോസ്പിറ്റല്‍ ഡെവലപ്‌മെന്റ് സൊസൈറ്റി രജിസ്റ്റര്‍ ചെയ്യുന്നതിനു മുന്നോടിയായി തയ്യാറാക്കിയ ബൈലോ യോഗം അംഗീകരിച്ചു. അടുത്ത ജനറല്‍ ബോഡിക്ക് ശേഷം സൊസൈറ്റീസ് ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്യുന്നതിന് ബൈലോ ജില്ലാ രജിസ്ട്രാര്‍ക്ക് സമര്‍പ്പിക്കും. സൊസൈറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ മോണിറ്റര്‍ ചെയ്യുന്നതിനായി പ്രത്യേക ഉദ്യോഗസ്ഥനെ നിയമിക്കും. യോഗത്തില്‍ അഡ്വ. എം ഉമ്മര്‍ എം എല്‍ എ, ജില്ലാ കലക്ടര്‍ ടി ഭാസ്‌കരന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ പി ഉണ്ണികൃഷ്ണന്‍, പ്രിന്‍സിപ്പല്‍ ഡോ. വി പി ശശിധരന്‍, സൂപ്രണ്ട് ഡോ. കെ വി നന്ദകുമാര്‍, മംഗലം ഗോപിനാഥ്, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍, ജന പ്രതിനിധികള്‍ പങ്കെടുത്തു.