ജൈവകൃഷിയില്‍ മാതൃകയാകാന്‍ കാരശ്ശേരി;കൃഷിയൊരുക്കുന്നത് 150 ഏക്കറില്‍

Posted on: February 7, 2016 12:20 pm | Last updated: February 7, 2016 at 12:20 pm
SHARE
KARASHERY
കാരശ്ശേരി ഗ്രാമപഞ്ചായത്ത് നടപ്പിലാക്കുന്ന നാട്ടുപച്ച കാര്‍ഷിക പദ്ധതി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി ഉദ്ഘാടനം ചെയ്യുന്നു

മുക്കം: വിഷരഹിത പച്ചക്കറിയുടെ ഉത്പാദനത്തില്‍ സ്വയംപര്യാപ്തത കൈവരിക്കുക എന്ന ലക്ഷ്യവുമായി കാരശ്ശേരി ഗ്രാമപഞ്ചായത്ത് നടപ്പിലാക്കുന്ന നാട്ടുപച്ച ശ്രദ്ധേയമാകുന്നു. ഗ്രാമ പഞ്ചായത്തിലെ മുഴുവന്‍ വീടുകളെയും അണിനിരത്തിയാണ് ജൈവകൃഷിയില്‍ പുതിയ ചരിത്രം രചിക്കാനൊരുങ്ങുന്നത്. പുരയിട കൃഷിയും കൂട്ടുകൃഷിയുമായി 150 ഏക്കറിലാണ് കൃഷിക്ക് നിലമൊരുക്കുന്നത്.
പഞ്ചായത്തിലെ അയ ല്‍ സഭകളിലൂടെയും ഗ്രാമ പഞ്ചായത്തംഗങ്ങളിലൂടെയുമാണ് ഗുണഭോക്താക്കളെ കണ്ടെത്തുന്നത്. വീടിന് മുകളിലും വീടിനോട് ചേര്‍ന്നും കൃഷിയിടങ്ങളിലും നിലങ്ങളൊരുക്കിയിട്ടുണ്ട്. നാലാം വാര്‍ഡില്‍ ആരംഭിച്ച മാതൃക പദ്ധതിക്ക് വന്‍ പ്രതികരണം ലഭിച്ചതോടെയാണ് പദ്ധതി ഓരോ വീടുകളും കേന്ദ്രീകരിക്കാന്‍ പദ്ധതിയാവിഷ്‌കരിച്ചത്.
കൃഷിക്കാവശ്യമുള്ള വിത്തുകളും ജൈവവളവും മാര്‍ഗനിര്‍ദേശങ്ങളും ഗ്രാമപഞ്ചായത്ത് നല്‍കും.
സൗത്ത് കാരശ്ശേരിയിലെ നവധ്വനി സ്വാശ്രയ സംഘം ഒരുക്കിയ ഒന്നര ഏക്കര്‍ സ്ഥലത്ത് നടീല്‍ നടത്തി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി പദ്ധതി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി കെ വിനോദ് ഉദ്ഘാടനം ചെയ്തു.
ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ മുക്കം മുഹമ്മദ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വി പി ജമീല, അംഗങ്ങളായ അബ്ദുല്ല കുമാരനെല്ലൂര്‍, ലിസി സ്‌കറിയ, സജി തോമസ്, ജി അബ്ദുല്‍ അക്ബര്‍, സുഹ്‌റ കരുവോട്ട്, വിവിധ കക്ഷി നേതാക്കളായ ടി വിശ്വനാഥന്‍, എം പി അസൈന്‍ മാസ്റ്റര്‍, പി കെ കണ്ണന്‍, കെ സി അബ്ദുല്‍ മജീദ്, യൂനുസ് പുത്തലത്ത്, തുടങ്ങിയവര്‍ പ്രസംഗിച്ചു. കൃഷി ഓഫീസര്‍ സി വി ശുഭ സ്വാഗതവും സെക്രട്ടറി സി ഇ സുരേഷ് ബാബു നന്ദിയും പറഞ്ഞു.