Connect with us

National

പണമില്ലാത്ത കാരണത്താല്‍ വിചാരണാ തടവുകാര്‍ക്ക് ജാമ്യം നിഷേധിക്കരുതെന്ന് സുപ്രീം കോടതി

Published

|

Last Updated

ന്യൂഡല്‍ഹി: ജാമ്യ ബോണ്ട് നല്‍കാന്‍ പണമില്ലാത്തതുകൊണ്ട് വിചാരണാ തടവുകാര്‍ക്ക് ജാമ്യം ലഭിക്കാത്ത സാഹചര്യം ഉണ്ടാകരുതെന്ന് സുപ്രീം കോടതി. രാജ്യത്തെ ജയിലുകളില്‍ കഴിയുന്ന നിര്‍ധനരായ വിചാരണാ തടവുകാര്‍ക്ക് പണമില്ലാത്തതിന്റെ പേരില്‍ ജാമ്യം നിഷേധിക്കുന്നതിനോട് യോജിപ്പില്ലെന്നും കോടതി വ്യക്തമാക്കി. തടവുകാരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നത് സംബന്ധിച്ച് പുറത്തിറക്കിയ മാര്‍ഗരേഖയിലാണ് പരമോന്നത കോടതി ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. രാജ്യത്തെ വിവിധ ജയിലുകളിലെ വിചാരണാ തടവുകാരുടെ മോചനത്തിനായി സുപ്രീം കോടതി ഇടപെടല്‍ നടത്തണമെന്ന് ആവശ്യപ്പെട്ടുള്ള പൊതുതാത്പര്യ ഹരജി അംഗീകരിച്ചാണ് പുതിയ മാര്‍ഗരേഖ ഇറക്കിയത്. രാജ്യത്തെ വിവിധ ജയിലുകളില്‍ കഴിയുന്ന 3.61 ലക്ഷം തടവുകാരില്‍ 65 ശതമാനവും വിചാരണാ തടവുകാരാണ്. എന്നാല്‍, സെന്‍ട്രല്‍ ജയിലുകളിലെ വിചാരണാ തടവുകാരുടെ എണ്ണം 121 ശതമാനത്തിലേറെ വരുമെന്നാണ് സുപ്രീം കോടതിയുടെ നിരീക്ഷണം.
വിചാരണാ തടവുകാരെ വിട്ടയക്കുന്നതും തടവുകാലത്ത് അവരെ മാന്യതയോടെ കാണുന്നതും സംബന്ധിച്ച നിര്‍ദേശങ്ങളടങ്ങിയതാണ് സുപ്രീം കോടതിയുടെ പുതിയ മാര്‍ഗരേഖ. മൂന്ന് മാസം കൂടുമ്പോള്‍ വിചാരണ തടവുകാരുടെ നില അവലോകനം ചെയ്യുന്നതിനായി ജില്ലാതല സമിതികള്‍ യോഗം ചേരണം. ഈ വര്‍ഷത്തെ ആദ്യപാദയോഗം മാര്‍ച്ച് 31നകം ചേര്‍ന്ന് നിലവിലെ വിചാരണാ തടവുകാരെ വിട്ടയക്കുന്നതിനുള്ള നിയമ നടപടികള്‍ പരിശോധിക്കണം. തുടര്‍ന്ന് ആവശ്യമായ നടപടികള്‍ സ്വീകരിക്കണം. ആവശ്യത്തിന് അഭിഭാഷകരെ നിയമിക്കാന്‍ ജില്ലാ ലീഗല്‍ സര്‍വീസ് കമ്മിറ്റികള്‍ തയ്യാറാകണം. തടവുകാരുടെ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാനുള്ള ഫണ്ട് ജയില്‍ മേധാവികള്‍ കൃത്യമായി വിതരണം ചെയ്യണം. സംസ്ഥാന സര്‍ക്കാറുകള്‍ക്കും പ്രാദേശിക കോടതികള്‍ക്കും രാജിയാക്കാവുന്ന ചെറിയ തെറ്റ് ചെയ്ത തടവുകാരുടെ മോചനം സാധ്യമാക്കുന്നതിന് കേരളമുള്‍പ്പെടെ 12 സംസ്ഥാനങ്ങള്‍ ഫലപ്രദമായ നടപടി ഇതുവരെ സ്വീകരിച്ചിട്ടില്ലെന്ന് ഉത്തരവില്‍ കുറ്റപ്പെടുത്തുന്നുണ്ട്. മാതൃകാ ജയില്‍ മാന്വല്‍ കൃത്യമായി നടപ്പാക്കപ്പെടുന്നുണ്ടെന്ന് ആഭ്യന്തര മന്ത്രാലയം പൊതുസമൂഹത്തിന്റെ കൂടി പങ്കാളിത്തതോടെ ഉറപ്പുവരുത്തണമെന്നും മാര്‍ഗരേഖയില്‍ നിഷ്‌കര്‍ഷിക്കുന്നുണ്ട്.