മെഡിക്കല്‍ പ്രവേശനം:ഏകീകൃത പരീക്ഷയ്ക്ക് കേന്ദ്രസര്‍ക്കാര്‍ അനുമതി

Posted on: February 7, 2016 11:09 am | Last updated: February 8, 2016 at 10:07 am

MEDICALന്യൂഡല്‍ഹി: രാജ്യത്ത് മെഡിക്കല്‍ പ്രവേശനത്തിനായി ദേശീയതലത്തില്‍ ഏകീകൃത പരീക്ഷ നടത്തുന്നതിന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അംഗീകാരം നല്‍കി. മെഡിക്കല്‍ പ്രവേശനത്തിന് ദേശീയതലത്തില്‍ പൊതു പരീക്ഷ നടത്തണമെന്ന മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ ശിപാര്‍ശക്കാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം അംഗീകാരം നല്‍കിയത്. ഇംഗ്ലീഷിനും ഹിന്ദിക്കും പുറമെ തമിഴ്, ബംഗാളി, അസാമി, മറാത്തി, തെലുഗു, ഗുജറാത്തി ഭാഷകളിലും ചോദ്യാവലികള്‍ തയ്യാറാക്കാനുള്ള മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ ശിപാര്‍ശയും ആരോഗ്യ മന്ത്രാലയം അംഗീകരിച്ചിട്ടുണ്ട്. ഏകീകൃത പരീക്ഷാ സംവിധാനം നിലവില്‍ വന്നാല്‍ സര്‍ക്കാര്‍, സ്വകാര്യ മെഡിക്കല്‍ കോളജുകളിലെ പ്രവേശനത്തിന് എം സി ഐ ദേശീയതലത്തില്‍ നടത്തുന്ന പ്രവേശന പരീക്ഷയാകും ബാധകമാകുക.
മെഡിക്കല്‍ ബിരുദ- ബിരുദാനന്തര കോഴ്‌സുകള്‍ക്ക് ഏകീകൃത മെഡിക്കല്‍ പ്രവേശന പരീക്ഷ വീണ്ടും നടപ്പാക്കാന്‍ പഴുതുകളടച്ച് നിയമം കൊണ്ടുവരാനാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം ആലോചിക്കുന്നത്. രാജ്യവ്യാപകമായി ഏകീകൃത പ്രവേശന പരീക്ഷ നടപ്പിലാക്കുന്നതിന് ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ നിയമത്തില്‍ ഭേദഗതി വരുത്തുന്നതുള്‍പ്പെടെയുള്ള തുടര്‍നടപടികളിലേക്ക് ആരോഗ്യ മന്ത്രാലയം ഉടന്‍ കടക്കും. ഇതിന്റെ ആദ്യ ഘട്ടമായി നിയമ മന്ത്രാലയത്തോടും പാര്‍ലിമെന്ററികാര്യ മന്ത്രാലയത്തോടും ഇതുസംബന്ധിച്ച് നിര്‍ദേശം തേടിയിട്ടുണ്ട്. ഇതോടൊപ്പം കുറഞ്ഞ മാര്‍ക്ക്, സംവരണം, പ്രാദേശിക ഭാഷയിലെ ചോദ്യാവലികള്‍ എന്നിവ സംബന്ധിച്ച് മുഴുവന്‍ സംസ്ഥാനങ്ങളുടെ നിര്‍ദേശവും കേന്ദ്രം തേടിയേക്കും.
പ്രവേശന പരീക്ഷകളിലെ വ്യാപകമായ ക്രമക്കേടുകള്‍ കണക്കിലെടുത്താണ് രാജ്യത്തെ മെഡിക്കല്‍ കോളജുകളില്‍ അഖിലേന്ത്യാ പ്രവേശന പരീക്ഷയിലൂടെ മാത്രമേ പ്രവേശനം പാടുള്ളൂവെന്ന തീരുമാനം മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ കൈക്കൊണ്ടത്. രാജ്യത്ത് ആകെ എഴുപതിനായിരം എം ബി ബി എസ് സീറ്റുകളും 21,000 എം ഡി സീറ്റുകളുമാണുള്ളത്. നിലവില്‍ അതാത് സംസ്ഥാനങ്ങളില്‍ സര്‍ക്കാര്‍ പരീക്ഷ നടത്തും. അതുപോലെ സ്വകാര്യ മെഡിക്കല്‍ കോളജ് അസോസിയേഷനും പ്രവേശന പരീക്ഷ നടത്തുന്നുണ്ട്.
മെഡിക്കല്‍ കോഴ്‌സുകള്‍ നടത്തുന്ന കല്‍പ്പിത സര്‍വകലാശാലകള്‍ അവരുടേതായ കോമണ്‍ എന്‍ട്രന്‍സ് ടെസ്റ്റും (സി ഇ ടി) നടത്തുന്നുണ്ട്. വിദ്യാര്‍ഥികളില്‍ ഭൂരിഭാഗം പേരും ഈ പരീക്ഷകള്‍ എഴുതാറുണ്ട്.
വിദ്യാര്‍ഥികള്‍ക്ക് പല സംസ്ഥാനങ്ങളിലെ കേന്ദ്രങ്ങളിലെത്തി പ്രവേശന പരീക്ഷ എഴുതുന്നതിലെ ബുദ്ധിമുട്ടും ഏകീകൃത പരീക്ഷക്കുള്ള ശിപാര്‍ശയില്‍ മെഡിക്കല്‍ കൗണ്‍സില്‍ പ്രധാനമായും ചൂണ്ടിക്കാട്ടിയിരുന്നു. ഇതുകൂടി പരിഗണിച്ചാണ് ആരോഗ്യ മന്ത്രാലയത്തിന്റെ തീരുമാനമെന്നറിയുന്നു.
അതേസമയം, ദേശീയതലത്തില്‍ ഏകീകൃത പൊതു പ്രവേശന പരീക്ഷ നടത്താന്‍ 2012ല്‍ കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയിരുന്നുവെങ്കിലും സംസ്ഥാന സ്വകാര്യ സ്വാശ്രയ സ്ഥാപനങ്ങളുടെ എതിര്‍പ്പിനെ തുടര്‍ന്ന് 2013ല്‍ സുപ്രീം കോടതി ഇത് റദ്ദാക്കുകയായിരുന്നു. ഈ സാഹചര്യത്തിലാണ് ഉത്തരവിന് പകരം ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ നിയമത്തില്‍ ഭേദഗതി കൊണ്ടു വരാന്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയം തീരുമാനിച്ചത്.