Connect with us

National

കസ്റ്റംസ് തീരുവ ഇളവ് നീക്കി, 74 ജീവന്‍രക്ഷാ മരുന്നുകളുടെ വില കൂടും

Published

|

Last Updated

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ കസ്റ്റംസ് തീരുവ ഇളവ് നല്‍കുന്ന പട്ടികയില്‍ നിന്ന് ഒഴിവാക്കിയതോടെ ഇറക്കുമതി ചെയ്യുന്ന 74 ജീവന്‍രക്ഷാ മരുന്നുകളുടെ വില കുത്തനെ കൂടും. ഹീമോഫീലിയ, അര്‍ബുദം തുടങ്ങിയ രോഗങ്ങള്‍ക്കുള്ളതുള്‍പ്പെടെയുള്ള മരുന്നുകളെയാണ് കസ്റ്റംസ് തീരുവ ഇളവ് നല്‍കുന്ന പട്ടികയില്‍ നിന്ന് ഒഴിവാക്കിയത്. ഇതോടെ ഈ മരുന്നുകള്‍ക്ക് 22 ശതമാനം കസ്റ്റംസ് തീരുവയാണ് ചുമത്തുക. മരുന്നുകളുടെ വില ഇരട്ടിയോളം വര്‍ധിക്കുന്നതിന് ഇത് കാരണമാകും. കഴിഞ്ഞ മാസം 28 നാണ് കേന്ദ്ര സര്‍ക്കാര്‍ ഇതുസംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിച്ചത്.

കസ്റ്റംസ് തീരുവ ഇളവ് പിന്‍വലിക്കുന്നതിലൂടെയുണ്ടാകുന്ന വര്‍ധന പ്രകാരം ഇത്തരം മരുന്നുകളുടെ ഒരു യൂനിറ്റിന് നാല് രൂപവരെ വര്‍ധനയുണ്ടാകുമെന്ന് ഈ മേഖലയിലെ വിദഗ്ധര്‍ പറയുന്നു. ഇത്തരം രോഗമൂലം നിത്യ രോഗികളായവര്‍ പ്രതിവര്‍ഷം 1,500 മുതല്‍ 1,700 വരെ യൂനിറ്റുകളാണ് ഉപയോഗിക്കേണ്ടി വരിക. അങ്ങനെ വന്നാല്‍ ഇവര്‍ക്ക് പ്രതിവര്‍ഷം ശരാശരി മുപ്പതിനായിരം രൂപയുടെ വര്‍ധന മരുന്ന് വിലയില്‍ പ്രകടമാകും.
എച്ച് ഐ വി, മൂത്രാശയക്കല്ല്, അര്‍ബുദരോഗ ചികിത്സയുടെ ഭാഗമായ കീമോ തെറാപ്പി, റേഡിയോ തെറാപ്പി, പ്രമേഹം, പാര്‍ക്കിന്‍സണ്‍സ് രോഗം, അണുബാധ തടയുന്നതിനുള്ള ആന്റി ബയോട്ടിക്കുകള്‍, ആര്‍ത്രൈറ്റിസ്, എല്ലു രോഗങ്ങള്‍, അലര്‍ജി, അമിത രക്തസ്രാവമുണ്ടാകുന്ന ഹീമോഫീലിയ നിയന്ത്രിക്കുന്നതിന് ഉപയോഗിക്കുന്ന എട്ട്, ഒമ്പത് വിഭാഗത്തില്‍പ്പെട്ട മരുന്നുകള്‍ ഉള്‍പ്പെടെയുള്ള 74 ജീവന്‍രക്ഷാ മരുന്നുകളുടെ കസ്റ്റംസ് തീരുവ ഇളവാണ് കേന്ദ്ര സര്‍ക്കാര്‍ നീക്കിയത്.
അതേസമയം, ഈ മരുന്നുകള്‍ക്ക് വിലവര്‍ധിക്കുന്നതോടെ തദ്ദേശീയമായി നിര്‍മിക്കുന്ന മരുന്നുകളുടെ വിലയിലും വര്‍ധന പ്രകടമാകും. ഹീമോഫീലിയ നിയന്ത്രിക്കുന്നതിനുള്ള എട്ട്, ഒമ്പത് വിഭാഗത്തില്‍പെട്ട പ്രോട്ടീനുകള്‍ക്കായി ഇന്ത്യയില്‍ നിര്‍മിക്കുന്ന മരുന്നുകള്‍ക്ക് നിലവാരം കുറഞ്ഞതിനാല്‍ നിലവില്‍ അമേരിക്കന്‍ കമ്പനി നിര്‍മിക്കുന്ന മരുന്നാണ് ഉപയോഗിക്കുന്നത്. മാത്രമല്ല, രണ്ട് വിഭാഗത്തില്‍പ്പെട്ട പ്രോട്ടീനുകളും ഒരേസമയം വേണമെന്നിരിക്കെ ഇന്ത്യന്‍ കമ്പനി ഒമ്പത് വിഭാഗത്തില്‍പ്പെട്ട മരുന്ന് മാത്രമേ നിര്‍മിക്കുന്നുള്ളൂവെന്നതും അമേരിക്കന്‍ കമ്പനിയെ ആശ്രയിക്കാന്‍ നിര്‍ബന്ധിതരാകും.