കാര്‍ട്ടൂണിസ്റ്റ് സുധീര്‍ തായ്‌ലാംഗ് അന്തരിച്ചു

Posted on: February 6, 2016 11:28 pm | Last updated: February 6, 2016 at 11:28 pm
SHARE

SUDHEERന്യൂഡല്‍ഹി: പ്രശസ്ത കാര്‍ട്ടൂണിസ്റ്റ് സുധീര്‍ തായ്‌ലാംഗ് (55) അന്തരിച്ചു. അര്‍ബുദത്തെ തുടര്‍ന്ന് കഴിഞ്ഞ രണ്ട് വര്‍ഷമായി ചികിത്സയിലായിരുന്നു. ഇന്നലെ ഉച്ചയോടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കഴിഞ്ഞ ഒരു മാസമായി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. സംസ്‌കാരം ഇന്ന് ഉച്ചക്ക് ലോധി റോഡ് ശ്മശാനത്തില്‍.
1960ല്‍ രാജസ്ഥാനിലെ ബിക്കാനീറില്‍ ജനിച്ച സുധീര്‍ തായ്‌ലാംഗ് 1982ല്‍ ഇല്ലസ്‌ട്രേറ്റഡ് വീക്ക്‌ലിയിലൂടെയാണ് കരിയര്‍ ആരംഭിക്കുന്നത്. 1983ല്‍ ഡല്‍ഹിയില്‍ നിന്ന് പ്രസിദ്ധീകരിച്ച നവഭാരത് ടൈംസില്‍ ചേര്‍ന്നു. ഹിന്ദുസ്ഥാന്‍ ടൈംസ്, ടൈംസ് ഓഫ് ഇന്ത്യ, ഇന്ത്യന്‍ എക്‌സ്പ്രസ് തുടങ്ങി പ്രമുഖ ഇംഗ്ലീഷ് ദിനപത്രങ്ങളിലെല്ലാം പ്രവര്‍ത്തിച്ചിട്ടുണ്ട്. അവസാന കാലത്ത് ഏഷ്യന്‍ ഏജ് പത്രത്തിലായിരുന്നു. കാര്‍ട്ടൂണ്‍ മേഖലക്ക് നല്‍കിയ സംഭാവനക്ക് 2004ല്‍ പത്മശ്രീ നല്‍കി രാജ്യം സുധീര്‍ തായ്‌ലാംഗിനെ ആദരിച്ചിരുന്നു. അടുത്തിടെ, സുധീര്‍ പുറത്തിറക്കിയ ‘നോ, പ്രൈം മിനിസ്റ്റര്‍’ എന്ന പുസ്തകം ഏറെ ശ്രദ്ധ നേടിയിരുന്നു.
കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി അനുശോചനം അറിയിച്ചു. സുധീര്‍ തായ്‌ലാംഗിന്റെ നിര്യാണത്തില്‍ കേരള കാര്‍ട്ടൂണ്‍ അക്കാദമി ദുഃഖം രേഖപ്പെടുത്തി. ഉപദേശകനെയും അഭ്യുദയകാംക്ഷിയെയുമാണ് നഷ്ടമായതെന്ന് കാര്‍ട്ടൂണ്‍ അക്കാദമി അനുശോചന സന്ദേശത്തില്‍ പറഞ്ഞു.