Connect with us

National

മരുന്നു കമ്പനികളില്‍ നിന്ന് പാരിതോഷികം സ്വീകരിക്കുന്ന ഡോക്ടര്‍മാര്‍ക്കെതിരെ നടപടി

Published

|

Last Updated

ന്യൂഡല്‍ഹി: മരുന്നു കമ്പനികളില്‍ നിന്ന് പാരിതോഷികങ്ങള്‍ വാങ്ങുന്ന ഡോക്ടര്‍മാര്‍ക്കെതിരെ കര്‍ശന നടപടി നിര്‍ദ്ദേശിക്കുന്ന പുതിയ മാര്‍ഗ്ഗരേഖ മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ പുറത്തിറക്കിറക്കി. ആദ്യഘട്ടത്തില്‍ ചെറിയ കാലത്തേക്കും, കടുത്ത ശിക്ഷയെന്നോണം ആജീവനാന്തവും ഡോക്ടര്‍മാര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്താനാണ് മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ തീരുമാനം. മരുന്നുകളുടെ കൊള്ളവില നിയന്ത്രിക്കാന്‍ ലക്ഷ്യമിട്ടാണ് നീക്കം. മരുന്ന് കമ്പനികളില്‍ നിന്ന് സമ്മാനങ്ങളും വിദേശയാത്രകളും സ്വീകരിക്കുന്ന ഡോക്ടര്‍മാരുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കുന്നതടക്കമുള്ള നടപടികള്‍ക്ക് മാര്‍ഗ്ഗരേഖ ശുപാര്‍ശചെയ്യുന്നു.

ചില മരുന്നുകമ്പനികളുടെയും ഒരു കൂട്ടം ഡോക്ടര്‍മാരുടെയും അവിശുദ്ധകൂട്ടുകെട്ടാണ് മരുന്നുകളുടെ കൊള്ളവിലയ്ക്കുള്‍പ്പെടെ കാരണമെന്നാണ് മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ വിലയിരുത്തല്‍.
കമ്പനികളില്‍ നിന്ന് പാരിതോഷികമോ, ആനുകൂല്യമോ പറ്റുന്ന ഡോക്ടര്‍മാരെ എം.സി.ഐ പ്രത്യേകം നിരീക്ഷിക്കും.

വാങ്ങുന്ന പാരിതോഷികത്തിന്റെ മതിപ്പ് 5000 രൂപ മുതല്‍ 10,000 രൂപ വരെയാണെങ്കില്‍ കേന്ദ്രസംസ്ഥാന മെഡിക്കല്‍ പട്ടികയില്‍ നിന്ന് ഡോക്ടര്‍മാരെ 3 മാസത്തേക്ക് വിലക്കും. 10,000 മുതല്‍ 50,000 രൂപ വരെ മതിപ്പുള്ള പാരിതോഷികമാണ് പറ്റിയതെങ്കില്‍ വിലക്ക് ആറുമാസത്തേക്കാകും. 50,000 മുതല്‍ 1 ലക്ഷം രൂപ വരെയാണെങ്കില്‍ വിലക്ക് ഒരു വര്‍ഷഷത്തേക്ക്. ഒരു ലക്ഷത്തിന് മുകളിലാണ് ഡോക്ടര്‍ ആനുകൂല്യം പറ്റിയതെങ്കില്‍ അതിന് അനുസരിച്ചായിരിക്കും വിലക്കിന്റെ കാലാവധി. ഡോക്ടര്‍മാര്‍ രണ്ടാമതും പിടിക്കപ്പെട്ടാല്‍ ആജീവനകാലം വിലക്ക് നേരിടേണ്ടിവരും.

മരുന്ന് കമ്പനികളില്‍ നിന്ന് സ്വര്‍ണ്ണാഭരണങ്ങളും ഫ്‌ളാറ്റുമൊക്കെ പാരിതോഷികം വാങ്ങിയ മുന്നൂറിലധികം ഡോക്ടര്‍മാരെ എം.സി.ഐയുടെ പരിശോധനയില്‍ കണ്ടെത്തിയിരുന്നു. ഇവര്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കുകയും ചെയ്തു. മരുന്ന് കമ്പനികള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന ഡോക്ടര്‍മാരെ കണ്ടെത്താനുള്ള പ്രത്യേക സംവിധാനവും എം.സി.ഐ ഒരുക്കുന്നുണ്ട്

Latest