നിര്‍മാണാവശിഷ്ടങ്ങളുടെ പുനരുപയോഗം; ഖത്വര്‍ റെയിലിന്റെ വേസ്റ്റ് മാനേജ്‌മെന്റ് മാതൃക

Posted on: February 6, 2016 8:45 pm | Last updated: February 9, 2016 at 8:37 pm

QUATAR RAILദോഹ: നിര്‍മാണ അവശിഷ്ടങ്ങളും ഭൂമി കുഴിച്ചെടുക്കുന്ന മണ്ണും മണലുമെല്ലാം വീണ്ടും ഉപയോഗിച്ച് മാലിന്യ സംസ്‌കരണത്തില്‍ മാതൃക സൃഷ്ടിക്കുന്നു ഖത്വര്‍ റെയില്‍ കമ്പനി. കുഴിച്ചെടുക്കുന്നതു വഴി സൃഷ്ടിക്കപ്പെടുന്ന മാലിന്യങ്ങള്‍ 100 ശതമാനം ഉപയോഗിക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്ന് ഖത്വര്‍ റെയില്‍ എന്‍വിറോണ്‍മെന്റല്‍ ആന്‍ഡ് സസ്റ്റൈനബിലിറ്റി മാനേജര്‍ ഡോ. മാര്‍ക് ഈവന്‍ പറഞ്ഞു.
നിര്‍മാണാവശിഷ്ടങ്ങള്‍ കുറക്കുകയും പുനരുപയോഗത്തിലൂടെ മാനേജ് ചെയ്യുകയും ചെയ്യുക എന്ന ലക്ഷ്യം 95 ശതമാനം പ്രാവര്‍ത്തികമായിയിട്ടുണ്ട്. നൂറു ശതമാനം എന്ന ലക്ഷ്യം കൈവരിക്കുക തന്നെ ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി. വേസ്റ്റ് മാനേജ്‌മെന്റ് ആന്‍ഡ് റീസൈക്കിളിംഗ് സമ്മിറ്റിന്റെ ഭാഗമായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കൃതമായ മാലിന്യ സംസ്‌കരണ ആസൂത്രണത്തിലൂടെ 13 ദശലക്ഷം റിയാലാണ് ഖത്വര്‍ റെയിലിന് ലാഭിക്കാനായത്. റെയില്‍ പദ്ധതിക്കു വേണ്ടിയുള്ള തുരങ്കങ്ങളില്‍നിന്നും കഴികളില്‍നിന്നും ഉണ്ടായ അവശിഷ്ടങ്ങള്‍ കൃത്യമായി പുനരുപയോഗം നടത്തിയതിലൂടെയാണ് ഈ നേട്ടം. കുഴിച്ചെടുക്കുന്ന അവശിഷ്ടങ്ങള്‍ മരുഭൂമിയിലോ മറ്റോ തള്ളുന്നതിനു പകരം ഒരു കേന്ദ്രത്തില്‍ ശേഖരിക്കുകയും അവ പദ്ധതി പ്രദേശങ്ങളില്‍ ഭൂമി നികത്തുന്നതിനു വണ്ടി കൊണ്ടു വന്ന് ഉപയോഗിക്കുകയുമായിരുന്നു. ഭാവിയിലും ഉപയോഗിക്കാവുന്ന വിധം അവശിഷ്ടങ്ങള്‍ ശേഖരിച്ചു വെച്ചിട്ടുണ്ട്.
ഖത്വര്‍ റെയില്‍ കമ്പനിയെ കൂടാതെ പ്രധാന സര്‍ക്കാര്‍ നിര്‍മാണ സംരംഭങ്ങള്‍ക്കും ശേഖരിച്ച അവശിഷ്ടങ്ങള്‍ ഉപയോഗിച്ചു വരുന്നു. മാലിന്യ സംസ്‌കരണത്തില്‍ യോജിച്ച പ്രവര്‍ത്തനം ഉണ്ടായാല്‍ വലിയ ഫലങ്ങള്‍ ഉണ്ടാക്കാന്‍ പറ്റും. ഖത്വര്‍ റെയില്‍ പദ്ധതിക്ക് അശ്ഗാല്‍ ഉള്‍പ്പെടെയുള്ള വിവിധ സര്‍ക്കാര്‍ സംരംഭങ്ങളില്‍നിന്നും മികച്ച പിന്തുണ ലഭിച്ചു. ഖത്വര്‍ നാഷനല്‍ വിഷന്‍ 2030ല്‍ മികച്ച പരിസ്ഥിതി വികസനവും ലക്ഷ്യം വെക്കുന്നു. ഈ ലക്ഷ്യം നേടിയെടുക്കാന്‍ മാലിന്യ സംസ്‌കരണവും അവശിഷ്ടങ്ങളുടെ പുനരുപയോഗവും പ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു.
ഖരമാലിന്യങ്ങളുടെ പുനരുപയോഗം എട്ടു ശതമാനത്തില്‍നിന്നും 38 ശതമാനമാക്കി ഉയര്‍ത്തുന്നതിനാണ് രാജ്യം ലക്ഷ്യം വെക്കുന്നത്. ഭൂമി നികത്തുന്നതിനു വേണ്ടി ഉപയോഗിക്കുന്ന 53 ശതമാനം ഖരമാലിന്യം ഊര്‍ജോത്പാദനത്തിന് ഉപയോഗിക്കുന്നതിന് ആലോചിക്കുന്നു. അതേസമയം, രാജ്യത്തു പ്രവര്‍ത്തിക്കുന്ന ചെറുകിട കമ്പനികള്‍ മാലിന്യ സംസ്‌കരണത്തിലും പുനരുപയോഗത്തിലും അത്ര താത്പര്യം കാണിച്ചിട്ടില്ലെന്ന് ഈവന്‍ പറഞ്ഞു. നിയമനിര്‍മാണത്തിലൂടെ കൂടുതല്‍ കമ്പനികളെ ഈ രംഗത്തേക്കു കൊണ്ടു വരാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.