എണ്ണ വില പ്രതിസന്ധി മറികടക്കല്‍: വെനിസ്വേല ഖത്വറുമായി ചര്‍ച്ച നടത്തി

Posted on: February 6, 2016 8:41 pm | Last updated: February 6, 2016 at 8:43 pm
SHARE
DOHA
ഖത്വര്‍ ഊര്‍ജമന്ത്രി മുഹമ്മദ് സ്വാലിഹ് അല്‍സാദയും വെനിസ്വേല എണ്ണ മന്ത്രി യൂലോ ജിയോ ഡെല്‍ പിനോയും ചര്‍ച്ച നടത്തുന്നു

ദോഹ: എണ്ണ വില പിടിച്ചു നിര്‍ത്തുന്നതു സംബന്ധിച്ച് ഖത്വര്‍ അധികൃതരുമായി വെനിസ്വേലന്‍ എണ്ണ മന്ത്രി ചര്‍ച്ച നടത്തി. ചര്‍ച്ച ക്രിയാത്മകമായിരുന്നുവെന്ന് വെനിസ്വേല വ്യക്തമാക്കി. വെനിസ്വേല എണ്ണ മന്ത്രി യൂലോ ജിയോ ഡെല്‍ പിനോ ഖത്വര്‍ ഊര്‍ജമന്ത്രി മുഹമ്മദ് സ്വാലിഹ് അല്‍സാദയുമായി കഴിഞ്ഞദിവസം ചര്‍ച്ച നടത്തിയിരുന്നു.

എണ്ണവിലയിലെ ഇടിവ് പിടിച്ചു നിര്‍ത്താനായി വിപണിയില്‍ ഇടപെടാന്‍ എണ്ണ ഉത്പാദക രാജ്യങ്ങളില്‍ (ഒപെക്) സമവായം രൂപപ്പെടുത്തുന്നതിന്റെ ഭാഗമായിട്ടായിരുന്നു ചര്‍ച്ചയെന്ന് രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഒപെക്കിന്റെ പ്രസിഡന്റായ അല്‍സാദയുമായി നടത്തിയ ചര്‍ച്ച ക്രിയാത്മകമായിരുന്നുവെന്നു ഡെല്‍പിനോ പറഞ്ഞു. എന്നാല്‍ ഇതേക്കുറിച്ചുള്ള കൂടുതല്‍ കാര്യങ്ങള്‍ അദ്ദേഹം വിശദീകരിച്ചില്ല. എണ്ണ ഉത്പാദക രാജ്യങ്ങള്‍ അടിയന്തര യോഗം ചേരണമെന്ന ആവശ്യവുമായി വെനിസ്വേല മന്ത്രി ഉത്പാദക രാജ്യങ്ങളില്‍ ചര്‍ച്ച നടത്തി വരികയാണ്. സഊദി അറേബ്യയിലെ എണ്ണ മന്ത്രിയുമായും ഡെല്‍പിനോ ചര്‍ച്ച നടത്തുന്നുണ്ട്. സഊദി എണ്ണ മന്ത്രി അലി അല്‍ നഈമിയുമായി നാളെയാണ് ചര്‍ച്ച. ഒപെക് രാജ്യങ്ങളായ ഇറാന്‍, ഇറാഖ്, ഒപെക് ഇതര രാജ്യങ്ങളായ റഷ്യ, ഒമാന്‍ എന്നിവരുള്‍പ്പെടെ ആറ് രാജ്യങ്ങള്‍ അടിയന്തര യോഗം ചേരാന്‍ സമ്മതമറിയിച്ചതായി ഡെല്‍പിനോ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഒമാന്‍ എണ്ണ മന്ത്രി മുഹമ്മദ് ബിന്‍ ഹമദ് അല്‍റുംഹിയുമായുള്ള ചര്‍ച്ചയില്‍ വിപണി സ്ഥിരപ്പെടുത്താനുള്ള തങ്ങളുടെ ശ്രമങ്ങള്‍ക്ക് പിന്തുണ അറിയിച്ചതായി ഡെല്‍പിനോ പറഞ്ഞു.