ജോലിയില്‍നിന്നു വിരമിച്ചിട്ടും മുഹമ്മദലിക്കു പ്രവാസിയായി തുടരാന്‍ മോഹം

Posted on: February 6, 2016 7:38 pm | Last updated: February 6, 2016 at 9:13 pm
SHARE

MUHAMMEDALIഷാര്‍ജ:രണ്ടു പതിറ്റാണ്ടിലേറെയുള്ള സേവനത്തിനു ശേഷം ജോലിയില്‍നിന്നു പിരിഞ്ഞിട്ടും മുഹമ്മദലി മുഹമ്മദ് കോണോട്ടലിനു പ്രവാസ ലോകത്ത് തന്നെ തുടരാന്‍ മോഹം. ഷാര്‍ജ ഇലക്ട്രിസിറ്റി ആന്റ് വാട്ടര്‍ അതോറിറ്റിയില്‍ ജീവനക്കാരനായിരുന്ന മുഹമ്മദലി 23 വര്‍ഷത്തെ സേവനത്തിനു ശേഷമാണ് വിരമിച്ചത്. 1992ലാണ് കാസര്‍കോട്, മവ്വല്‍ സ്വദേശിയായ അദ്ദേഹം ജോലിയില്‍ പ്രവേശിച്ചത്.
1986ലാണ് യു എ ഇയിലെത്തിയത്. തുടര്‍ന്ന് റാസല്‍ ഖൈമയില്‍ സ്വന്തമായി എയര്‍ കണ്ടീഷന്‍ കട തുടങ്ങി. ഇതിനിടെയാണ് ഇലക്ട്രിസിറ്റിയില്‍ ജോലി ലഭിച്ചത്. 1986 മുതല്‍ കുടുംബസമേതം ഷാര്‍ജയില്‍ താമസം ആരംഭിച്ചു. ഇതിനിടെ മക്കള്‍ക്ക് ഉന്നത വിദ്യാഭ്യാസം നല്‍കുകയും മെച്ചപ്പെട്ട ജോലി നേടിക്കൊടുക്കുകയും ചെയ്തു. അതുകൊണ്ടുതന്നെ പ്രവാസ ജീവിതം തീര്‍ത്തും സന്തോഷമാണ് മുഹമ്മദലിക്കു സമ്മാനിച്ചത്. കഴിഞ്ഞ 36 വര്‍ഷത്തോളമായി പ്രവാസ ഭൂമിയിലുള്ള അദ്ദേഹത്തിനു പോറ്റുനാട് വിട്ടുപോകുന്നതില്‍ താത്പര്യമില്ല. ഇക്കാലയളവിലെ ദുഃഖവും സന്തോഷവും കലര്‍ന്ന ജീവിതത്തിനിടെ കുടുംബമായി ഇവിടെ ജീവിക്കാനും മക്കളെ പഠിപ്പിച്ച് നല്ലനിലയിലെത്തിക്കാനും സാധിച്ചതില്‍ അദ്ദേഹം ഏറെ സന്തോഷിക്കുന്നു. അതുകൊണ്ട് തന്നെ ഭാര്യയോടും മക്കളോടുമൊപ്പം പ്രവാസ ഭൂമിയില്‍ തന്നെ ശിഷ്ടകാലം കഴിച്ചുകൂട്ടാനാണ് മുഹമ്മദലിയുടെ ആഗ്രഹം.
ആസിയ മുഹമ്മദ് ആലിയാണ് ഭാര്യ. മുഹമ്മദ് ഷബീര്‍ (സെയില്‍സ് സൂപ്പര്‍ വൈസര്‍- ഫാംകോ), മുഹമ്മദ് ശരീഫ് (സെയില്‍സ് സൂപ്പര്‍ വൈസര്‍ ലാക്കനൂര്‍), സെയ്ഫ് മുഹമ്മദ് (സെയില്‍സ് സൂപ്പര്‍വൈസര്‍, റാസല്‍ ഖൈമ), സമീഹ മുഹമ്മദലി (വിദ്യാര്‍ഥിനി) എന്നിവരാണ് മക്കള്‍. സര്‍വീസില്‍നിന്നു വിരമിച്ച മുഹമ്മദലിക്ക് ഇലക്ട്രിസിറ്റി ആന്റ് വാട്ടര്‍ അതോറിറ്റി അധികൃതര്‍ യാത്രയയപ്പ് നല്‍കി. അദ്ദേഹത്തിന്റെ സേവനങ്ങളില്‍ സന്തോഷം പ്രകടിപ്പിച്ചു. മികച്ച സേവനത്തിനുള്ള അംഗീകാരമായി പ്രശംസാ പത്രം ചടങ്ങില്‍ കൈമാറി.