ഭരണകൂട ഉച്ചകോടി തിങ്കളാഴ്ച ആരംഭിക്കും

Posted on: February 6, 2016 7:21 pm | Last updated: February 6, 2016 at 7:28 pm
SHARE

WORLD GV SUMMITദുബൈ: ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് ഭരണാധികാരികള്‍ അടക്കം നിരവധിപേര്‍ പങ്കെടുക്കുന്ന ഭരണകൂട ഉച്ചകോടി തിങ്കളാഴ്ച ആരംഭിക്കും. മദീനാ ജുമൈരയിലാണ് പരിപാടി. യു എസ് പ്രസിഡന്റ് ബരാക് ഒബാമ വീഡിയോയിലൂടെ അഭിസംബോധന ചെയ്യും.
സമൂഹത്തിന് വേഗത്തിലും ഗുണപരമായും എങ്ങിനെ സേവനങ്ങള്‍ എത്തിക്കാം എന്നതാണ് ഭരണകൂട ഉച്ചകോടിയുടെ ലക്ഷ്യം. യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമിന്റെ നിര്‍ദേശപ്രകാരമാണ് എല്ലാവര്‍ഷവും ഭരണകൂട ഉച്ചകോടി നടക്കുന്നത്.
കഴിഞ്ഞ വര്‍ഷത്തെ ഉച്ചകോടി പല നിലയിലും ശ്രദ്ധേയമായിരുന്നുവെന്ന് സംഘാടക സമിതി ചെയര്‍മാനും ക്യാബിനറ്റ്കാര്യ മന്ത്രിയുമായ മുഹമ്മദ് അബ്ദുല്ല അല്‍ ഗര്‍ഗാവി പറഞ്ഞു. ഐക്യരാഷ്ട്ര സഭ, അറബ് ലീഗ്, ഗള്‍ഫ് കോര്‍പറേഷന്‍ കൗണ്‍സില്‍, വേള്‍ഡ് ബേങ്ക്, ഓര്‍ഗനൈസേഷന്‍ ഫോര്‍ എക്കണോമിക് കോര്‍പറേഷന്‍ ആന്റ് ഡവലപ്‌മെന്റ്, വേള്‍ഡ് എക്കണോമിക് ഫോറം എന്നിവയുമായി സഹകരിച്ചാണ് ഉച്ചകോടി. വേള്‍ഡ് ബേങ്ക് പ്രസിഡന്റ് ജിം യോങ് കിം, ഐക്യ രാഷ്ട്രസഭ ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ ജാന്‍ എലിയേസണ്‍, അറബി ലീഗ് സെക്രട്ടറി ജനറല്‍ നബീല്‍ അല്‍ അറബി തുടങ്ങിയവര്‍ സംസാരിക്കും. 10 മേഖലകളില്‍ ഭരണ നിര്‍വഹണത്തില്‍ എന്തൊക്കെ മാറ്റങ്ങള്‍ വരുത്തണമെന്നത് ഉച്ചകോടി ചര്‍ച്ചചെയ്യും. 125 രാജ്യങ്ങളില്‍ നിന്ന് 3,000 പേര്‍ പങ്കെടുക്കും.

LEAVE A REPLY

Please enter your comment!
Please enter your name here