അല്‍ ഖുവൈര്‍ മാര്‍ക്കറ്റ്‌റോഡ് അടച്ചു

Posted on: February 6, 2016 7:13 pm | Last updated: February 6, 2016 at 7:13 pm

ROADഷാര്‍ജ:റോള, അല്‍ ഖുവൈര്‍ റോഡ് അടച്ചു. മാര്‍ക്കറ്റിനകത്തെ റോഡാണ് അടച്ചത്. പുനര്‍ നിര്‍മാണത്തിന്റെ ഭാഗമായാണിത്. മുസല്ല, റോള പ്രധാന റോഡുകളില്‍ നിന്ന് മാര്‍ക്കറ്റിനകത്തേക്ക് പ്രവേശിക്കുന്ന കിഴക്കുഭാഗത്തുള്ള റോഡിന്റെ ഒരു ഭാഗം പൂര്‍ണമായും അടച്ചിട്ടുണ്ട്. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ധ്രുതഗതിയില്‍ പുരോഗമിക്കുകയാണ്. ഗതാഗതത്തിനു ബദല്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്. രാപകല്‍ ഭേദമന്യേ നിര്‍മാണം നടക്കുന്നു. ഈ ഭാഗത്ത് റോഡ് അല്‍പം ഉയര്‍ത്തി പണിഞ്ഞേക്കുമെന്നാണ് കരുതുന്നത്. ഉയരത്തില്‍ മണ്ണിട്ടാണ് പണിനടക്കുന്നത്. െ്രെഡനേജ് സൗകര്യവും ഒരുക്കുന്നുണ്ട്.
മഴക്കാലത്ത് മാര്‍ക്കറ്റിലെ റോഡുകള്‍ വെള്ളത്തില്‍ മുങ്ങുക പതിവാണ്. വെള്ളം ഒഴുകിപ്പോകാന്‍ സൗകര്യമില്ലാത്തതാണ് കാരണം. ഇത് സുഗമമായ ഗതാഗതത്തിനു ഏറെ തടസ്സമാകാറുണ്ട്. മാത്രമല്ല, വ്യാപാരികളും കാല്‍നടയാത്രക്കാരും ഏറെ വിഷമിക്കുകയും ചെയ്യുന്നു. വിപുലമായ െ്രെഡനേജ് സൗകര്യം ഒരുക്കുന്നതോടെ ഈ പ്രശ്‌നത്തിനു പരിഹാരമാകും.
റോള നഗരത്തിന്റെ ഹൃദയഭാഗത്താണ് ഈ മാര്‍ക്കറ്റ്. മലയാളികളുള്‍പെടെ നിരവധിപേര്‍ക്ക് ഇവിടെ കടകളുണ്ട്. എമിറേറ്റിലെ പ്രധാന ചന്തകളിലൊന്നാണ്. അതുകൊണ്ടു തന്നെ സ്വദേശികളും വിദേശികളുമായ ആളുകള്‍ ഈ ചന്തയിലേക്ക് ഒഴുകിയെത്തുന്നു. ഈ സാഹചര്യത്തില്‍ മികച്ച ഗതാഗത സൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായാണ് പുനര്‍ നിര്‍മാണം.