കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം കാരായി രാജന്‍ രാജിവച്ചു

Posted on: February 6, 2016 5:48 pm | Last updated: February 7, 2016 at 10:15 am

karayi rajanകണ്ണൂര്‍: കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം കാരായി രാജന്‍ രാജിവച്ചു. രാജിക്കത്ത് പാര്‍ട്ടി ജില്ലാ കമ്മിറ്റിക്ക് കൈമാറി. ഫസല്‍ വധക്കേസില്‍ പ്രതിയായ കാരായി രാജന്‍ കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കാന്‍ കോടതി ജാമ്യവ്യവസ്ഥ ഇളവു ചെയ്ത് നല്‍കാതിരുന്നതിനെ തുടര്‍ന്നാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കാന്‍ തീരുമാനിച്ചതെന്നാണു സൂചന.
അതേ സമയം കാരായി ചന്ദ്രേശേഖരന്‍ സ്ഥാനം രാജിവെക്കില്ല. നിലവില്‍ തലശേരി നഗരസഭാ ചെയര്‍മാനാണ് കാരായി ചന്ദ്രശേഖരന്‍. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്ത് ചുമതലയേറ്റ ശേഷം മൂന്ന് പ്രാവശ്യം മാത്രമാണ് കാരായി രാജന് കണ്ണൂരില്‍ പ്രവേശിക്കാന്‍ കഴിഞ്ഞത്. കാരായി ചന്ദ്രശേഖരന്റെയും സ്ഥിതി ഇതു തന്നെ.

നിലവില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ ചുമതല വൈസ് പ്രസിഡന്റ് പി.പി. ദിവ്യയാണ് വഹിക്കുന്നത്. കാരായി രാജന്‍ ജില്ലാ പഞ്ചായത്തില്‍ എത്താതിനെ തുടര്‍ന്ന് സുപ്രധാന ഫയലുകളെല്ലാം എറണാകുളത്തെത്തിച്ചാണ് ഉദ്യോഗസ്ഥര്‍ ഒപ്പിടുന്നത്. ജില്ലാ ആശുപത്രിയടക്കം ജില്ലാ പഞ്ചായത്തിന്റെ കീഴിലുള്ള ആശുപത്രി മാനേജ്‌മെന്റ് കമ്മിറ്റിയുടെ ചെയര്‍മാന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റാണ്.

പിണറായി വിജയന്‍ നയിക്കുന്ന നവകേരള മാര്‍ച്ചിനുശേഷം ഇരുവരെയും സ്ഥാനത്തുനിന്ന്് മാറ്റിയേക്കുമെന്ന് സൂചനയുണ്ടായിരുന്നു. ഫസല്‍ വധക്കേസിലെ ഏഴാം പ്രതിയും സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായ കാരായി രാജന്‍ ജില്ലാ പഞ്ചായത്ത് പാട്യം ഡിവിഷനിലും എട്ടാം പ്രതിയും സിപിഎം തലശേരി ഏരിയാ കമ്മിറ്റിയംഗവുമായ കാരായി ചന്ദ്രശേഖരന്‍ തലശേരി നഗരസഭയിലെ ചെള്ളക്കര വാര്‍ഡിലുമാണ് ഇക്കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിച്ച് വിജയിച്ചത്.