Connect with us

Wayanad

അശരണര്‍ക്ക് അഭയമൊരുക്കി അപ്പപ്പാറ ആതുരാലയത്തിലെ ജീവനക്കാര്‍ മാതൃകയായി

Published

|

Last Updated

മാനന്തവാടി: അശരണര്‍ക്ക് അഭയമൊരുക്കി ആതുരാലയത്തിലെ ജീവനക്കാര്‍ മാതൃകയായി. ക്ഷയരോഗം ബാധിച്ച് ചികിത്സയില്‍ കഴിയുന്ന വ്യക്തിക്ക് ജീവകാരുണ്യ സഹായം നല്‍കുന്നതിന് പുറമെ സൗജന്യമായി ഭൂമി നല്‍കി അതില്‍ വീട് വെച്ച് നല്‍കുകയാണ് അപ്പപ്പാറ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ജീവനക്കാര്‍.
ടാക്‌സി ഡ്രൈവറായ തോല്‍പ്പെട്ടി തെക്ക് കുന്നില്‍ വിനോദ്(38) 2013 മുതല്‍ ക്ഷയ രോഗത്തിനുള്ള ചികിത്സ ജില്ലാ ടി ബി സെന്ററില്‍ നിന്ന് പൂര്‍ത്തിയാക്കിയിരുന്നു. എന്നാല്‍ 2015 മാര്‍ച്ചില്‍ വീണ്ടും നടത്തിയ പരിശോധനയില്‍ ക്ഷയരോഗമുണ്ടെന്ന് കണ്ടെത്തുകയും വിദഗ്ധ പരിശോധനയില്‍ ഇത് നട്ടെല്ലിനാണ് ബാധിച്ചിരിക്കുന്നതെന്നും കണ്ടെത്തി. ഇതെ തുടര്‍ന്ന് രണ്ട് വര്‍ഷം നീണ്ടു നില്‍ക്കുന്ന ചികിത്സ മാര്‍ച്ചില്‍ ആരംഭിച്ചു. പൊതുവെ അസൗകര്യങ്ങള്‍ ഏറെയുള്ളതും രോഗികളെ കിടത്തി ചികിത്സിക്കുമ്പോള്‍ സൗകര്യം ഇല്ലാത്തത് കൂടിയായ അപ്പപ്പാറ പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ മെഡിക്കല്‍ ഓഫീസറും ജീവനക്കാരും കൂടി പ്രത്യേക സൗകര്യം ഒരുക്കി വിനോദിനെ കിടത്തി ചികിത്സിക്കാനുള്ള സൗകര്യം ഒരുക്കുകയായിരുന്നു. ജില്ലയില്‍ തന്നെ ആദ്യമായാണ് ഒരു സ്‌പെഷ്യല്‍ വാര്‍ഡ് ടി ബി ചികിത്സക്ക് വിധേയമാക്കുന്നതെന്ന പ്രത്യേകതയും ഉണ്ടായിരുന്നു. 18 മാസം നീണ്ടു നില്‍ക്കുന്ന ചികിത്സക്ക് പ്രാരംഭ കുറിക്കുകയും ചെയ്തു.
സ്വന്തമായി ഒരു വീട് പോലും ഇല്ലാതിരുന്ന മൂന്നു മക്കളുള്ള വിനോദിനെയും കുടുംബത്തേയും ഈ സാഹചര്യത്തില്‍ സഹായിക്കാനായി. ആരോഗ്യവകുപ്പിലെ സുമനസ്സുകള്‍ മുന്നോട്ട് വരികയായിരുന്നു. ഇതിനായി മെഡിക്കല്‍ ഓഫീസറും ജീവനക്കാരും ധനസമാഹരണം നടത്തി വീട് വെച്ച് നല്‍കാന്‍ തീരുമാനിക്കുകയും ചെയ്തു. എന്നാല്‍ വീട് വെക്കാന്‍ ഒരു സെന്റ് സ്ഥലം പോലും വിനോദിന് സ്വന്തമായി ഇല്ല എന്നറിഞ്ഞപ്പോള്‍ ആരോഗ്യ കേന്ദ്രത്തിലെ സ്റ്റാഫ് നഴ്‌സ് വീട് നിര്‍മിക്കാന്‍ എടവക പഞ്ചായത്തില്‍ മൂന്ന് സെന്റ് സ്ഥലം സൗജന്യമായി നല്‍കാന്‍ തയ്യാറാവുകയായിരുന്നു. ക്രിസ്തുമസ്- പുതുവത്സരാഘോഷങ്ങള്‍ ഒഴിവാക്കി ജില്ലാ ടി ബി സെന്റര്‍ ജീവനക്കാര്‍ വീട് നിര്‍മിക്കാന്‍ ഫണ്ട് സമാഹരിക്കുകയും ചെയ്തു. പൊതുജനങ്ങളുടേയും ജീവനക്കാരുടേയും സഹകരണത്തോടെ വീട് നിര്‍മിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ഈ അനുപമ സേവന പ്രവര്‍ത്തനത്തിലൂടെ അപ്പപ്പാറ ആതുരാലയത്തിലെ ജീവനക്കാര്‍ ജില്ലക്ക് അതിലുപരി കേരളത്തിനും മാതൃകയാവുകയാണ്.

Latest