Connect with us

Kozhikode

ഇരിങ്ങണ്ണൂരില്‍ വീട്ടില്‍ നിര്‍ത്തിയിട്ട രണ്ട് ബൈക്കും കാറും കത്തിച്ചു

Published

|

Last Updated

നാദാപുരം: ഇരിങ്ങണ്ണൂര്‍ ടൗണിലും കല്ലാച്ചേരി കടവിലും വീട്ട് മുറ്റത്ത് നിര്‍ത്തിയിട്ട വാഹനങ്ങള്‍ അജ്ഞാതര്‍ തീ വെച്ച് നശിപ്പിച്ചു. രണ്ട് ബൈക്കുകളും ഒരു കാറുമാണ് വെള്ളിയാഴ്ച പുലര്‍ച്ചയോടെ അഗ്നിക്കിരയാക്കിയത്.
ഉപ്പിലപറമ്പത്ത് റഈസിന്റെ ഉടമസ്ഥതയിലുള്ള എഫ് സെഡ് ബൈക്കും സമീപത്ത് നിര്‍ത്തിയിട്ട റിറ്റ്‌സ് കാറിനുമാണ് തീ വെച്ചത്. ബൈക്ക് പൂര്‍ണമായും കത്തിച്ചാമ്പലായി. കാറിന്റെ പിന്‍ഭാഗം ഭാഗികമായി കത്തിനശിച്ചു. ഗ്ലാസ് തകര്‍ന്നു. വിദേശത്ത് നിന്ന് നാല് മാസം മുമ്പാണ് റഈസ് നാട്ടിലെത്തിയത്. പുലര്‍ച്ചെ രണ്ടരയോടെയാണ് സംഭവം. മുറ്റത്ത് നിന്ന് തീ ഉയരുന്നത് കണ്ട വീട്ടുകാര്‍ വാതില്‍ തുറന്ന് പുറത്തിറങ്ങിയപ്പോള്‍ ആറംഗ സംഘം ഓടി മറയുന്നത് കണ്ടതായി വീട്ടുകാര്‍ പറഞ്ഞു.
റഈസിന്റെ വീടിന് അര കിലോമീറ്ററകലെയുളള കോയമ്പത്തൂരിലെ വ്യാപാരി കല്ലാച്ചേരി കടവ് സ്വദേശിയായ അറക്കല്‍ അബൂബക്കറുടെ ഉടമസ്ഥതയിലുളള ഹീറോ ഹോണ്ട സ്പ്ലന്‍ഡര്‍ ബൈക്ക് വീട്ട് മുറ്റത്തെ ഷെഡില്‍ നിന്ന് ഇറക്കിക്കൊണ്ട് പോയി ഗേറ്റിന് മുന്‍ വശത്ത് വെച്ചാണ് കത്തിച്ചത്. പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് അക്രമമെന്ന് അബൂബക്കര്‍ പറഞ്ഞു.
മൂന്ന് ദിവസം മുമ്പ് മുടവന്തേരി മേഖലയില്‍ തോണിയിലെത്തിയ സംഘം കൊടികളും തോരണങ്ങളും നശിപ്പിച്ചതുമായി ബന്ധപ്പെട്ട് സ്ഥലത്ത് സംഘര്‍ഷാവസ്ഥ നിലനിന്നിരുന്നു. അര്‍ധ രാത്രി തോണിയിലെത്തിയവരെ കാവലിലിരുന്ന യുവാക്കള്‍ തടയുകയും തോണി ഉപേക്ഷിച്ച് ഇവര്‍ പുഴയില്‍ ചാടി രക്ഷപ്പെടുകയായിരുന്നു. തോണി പിന്നീട് ആവടിമുക്ക് പുതിയോട്ടില്‍ കടവിന് സമീപം തീ വെച്ച് നശിപ്പിക്കാന്‍ ശ്രമിക്കുകയുണ്ടായി. ഇതിനിടയിലാണ് വാഹനങ്ങള്‍ക്ക് നേരെ തീവെപ്പ് ഉണ്ടായത്. നാദാപുരം എ എസ് പി ആര്‍. കറുപ്പസ്വാമി, സി ഐ എന്‍ സുനില്‍കുമാര്‍, എസ് ഐ. എം പി രാജേഷ് എന്നിവര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. വാഹന ഉടമകളുടെ പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.