വെട്ടം പഞ്ചായത്തില്‍ പ്രസിഡന്റ് സ്ഥാനത്തെ ചൊല്ലി ലീഗില്‍ പൊട്ടിത്തെറി

Posted on: February 6, 2016 9:28 am | Last updated: February 6, 2016 at 9:28 am
SHARE

തിരൂര്‍: വെട്ടം പഞ്ചായത്തില്‍ പ്രസിഡന്റ് സ്ഥാനത്തെ ചൊല്ലി മുസ്‌ലിംലീഗില്‍ കലാപം.
രണ്ട് പഞ്ചായത്തംഗങ്ങള്‍ രാജിക്കത്ത് സമര്‍പ്പിച്ചു. പഞ്ചായത്ത് ബോര്‍ഡ് പ്രസിഡന്റ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ രൂക്ഷമായ അഭിപ്രയ ഭിന്നത പൊട്ടിത്തെറിയിലേക്ക് എത്തുകയായിരുന്നു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി പ്രസിഡന്റ് സ്ഥാനത്തിന് പിടിവലി നടന്നിരുന്നു. വ്യാഴാഴ്ച ചേര്‍ന്ന ലീഗ് പാര്‍ലമെന്ററി ബോര്‍ഡ് യോഗത്തില്‍ നാലും ഒന്നും വര്‍ഷം പ്രസിഡന്റ് പദവി വീതിച്ചു നല്‍കാമെന്ന തീരുമാനത്തില്‍ എത്തിച്ചേര്‍ന്നു.
എന്നാല്‍ ഇതില്‍ അസംതൃപ്തി പ്രകടിപ്പിച്ച ഒരുവിഭാഗം നേതാക്കള്‍ ഏകപക്ഷീയമായ തീരുമാനമാണെന്ന് ആരോപിച്ച് യോഗത്തില്‍ നിന്നും ഇറങ്ങിപ്പോവുകയായിരുന്നു. വാര്‍ഡ് രണ്ട് പറവണ്ണയില്‍ നിന്നും വിജയിച്ച പിപി മെഹറുന്നിസ, വാര്‍ഡ് 17 വാക്കാട് നിന്നുള്ള നെല്ലാഞ്ചേരി റംല എന്നിവരായിരുന്നു പാര്‍ട്ടി പരിഗണനയില്‍ ഉണ്ടായിരുന്നത്. എന്നാല്‍ പാര്‍ട്ടിക്കുള്ളില്‍ ഭൂരിപക്ഷ പിന്തുണയുണ്ടായിരുന്ന നെല്ലാഞ്ചേരി റംലക്ക് അവസാനത്തെ ഒരു വര്‍ഷമേ നല്‍കൂ എന്ന തീരുമാനത്തില്‍ പഞ്ചായത്ത് മുസ്‌ലിംലീഗ് നേതൃത്വം ഉറച്ചു നിന്നതോടെ നേതൃത്വത്തിനെതിരെയുള്ള പ്രതിഷേധം പാര്‍ട്ടിക്കുള്ളില്‍ ശക്തമാകുകയായിരുന്നു. തുടര്‍ന്ന് മൂന്ന് വാര്‍ഡുകളടങ്ങിയ വാക്കാട് മേഖലാ കണ്‍വെണ്‍ഷന്‍ യോഗത്തില്‍ രണ്ട് ബോര്‍ഡ് അംഗങ്ങള്‍ രാജിവെക്കാനും ഈ വര്‍ഡുകളില്‍ നിന്നുള്ള പ്രവര്‍ത്തനങ്ങള്‍ മരവിപ്പിക്കാനും തീരുമാനിച്ചു. ഇന്നലെ വാക്കാട് വച്ചു ചേര്‍ന്ന യോഗത്തില്‍ നൂറിലധികം മുസ്‌ലിംലീഗ്, യൂത്തിലീഗ്, എം എസ് എഫ് പ്രവര്‍ത്തകര്‍ പങ്കെടുത്തു. വാര്‍ഡ് 16, 17 ല്‍ നിന്നുള്ള ബോര്‍ഡ് അംഗങ്ങളുടെ രാജി പഞ്ചായത്ത് മുസ്‌ലിംലീഗ് പ്രസിഡന്റിന് സമര്‍പ്പിച്ചു. വാക്കാട്, പടിയം, വാക്കാട്അഴിക്കല്‍ എന്നീ ശാഖാ കമ്മിറ്റികളില്‍ നിന്നുള്ള മുഴുവന്‍ പാര്‍ട്ടി ഭാരവാഹിത്വവും രാജിവെയ്ക്കാനും തീരുമാനിച്ചു. പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ശാഖാ കമ്മിറ്റികളോടുള്ള നേതൃത്വത്തിന്റെ അവഗണനയില്‍ പ്രതിഷേധിച്ചാണ് രാജയെന്ന് കത്തില്‍ വ്യക്തമാക്കി. ഫെബ്രുവരി ഒന്നിന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ വെട്ടം പഞ്ചായത്തില്‍ ഈ മാസം എട്ടിനാണ് പ്രസിഡന്റ് തിരഞ്ഞെടുപ്പ്. പ്രശ്‌ന പരിഹാരത്തിന് ഇതുവരെയും നേതൃത്വം ഇടപെട്ടിട്ടില്ല.
നിയമസഭാ തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ വെട്ടം പഞ്ചായത്തിലെ തീരദേശ വാര്‍ഡുകളില്‍ നിന്നുള്ള കൂട്ടരാജി നേതൃത്വത്തിന് തലവേദനയായിരിക്കുകയാണ്. പ്രസിഡന്റ് വിഷയത്തില്‍ ലീഗ് നേതൃത്വം തീരുമാനം പിന്‍വലിച്ചില്ലെങ്കില്‍ അടുത്ത ദിവസം രാജി പഞ്ചായത്ത് സെക്രട്ടറിക്ക് കൈമാറുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here