പെരിന്തല്‍മണ്ണയിലും മലപ്പുറത്തും കഞ്ചാവ് വേട്ട; മുഖ്യകണ്ണി അറസ്റ്റില്‍

Posted on: February 6, 2016 9:27 am | Last updated: February 6, 2016 at 9:27 am

പെരിന്തല്‍മണ്ണ: പെരിന്തല്‍മണ്ണ കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍പന നടത്തിയ രണ്ട് ആസാം സ്വദേശികള്‍ പിടിയില്‍ മൂന്ന് കിലോ കഞ്ചാവുമായി ആസാം മാറിഗോണ്‍ ജില്ലയിലെ സഡക്കാപാരി ഡയാസി സ്വദേശി അജീബുറഹ്മാന്‍ (32), മായോങ് സ്റ്റേഷന്‍ പരിധിയില്‍പെട്ട നൂറുല്‍ഹുസൈന്‍ (28), എന്നിവരാണ് പിടിയിലായത്.
ജില്ലക്കകത്തും അയല്‍ ജില്ലകളിലേക്കുമായി അന്യ സംസ്ഥാനങ്ങളില്‍ നിന്നും കിലോക്കണക്കിന് കഞ്ചാവ് എത്തിച്ച് വിതരണം നടത്തുന്ന കഞ്ചാവ് ലോബിക്കെതിരെ പെരിന്തല്‍മണ്ണ ഡി വൈ എസ് പി പി എം പ്രദീപ്, സി ഐ കെ എം ബിജു, എസ് ഐ മാരായ പി വിഷ്ണു, സി എന്‍ സുകുമാരന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘവും ക്രൈംഡിറ്റക്ഷന്‍ സ്‌കോഡും തുടര്‍ച്ചയായി നടത്തി വന്നിരുന്ന ശക്തമായ നടപടികളെ തുടര്‍ന്നാണ് ഇവരെ പിടികൂടാനായത്.
അന്യ സംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ ലഹരിമരുന്ന് വില്‍പ്പന നടത്തുന്ന സംഘങ്ങളെ പോലീസ് നിരീക്ഷിച്ചതിലൂടെ വ്യാഴാഴ്ച വൈകുന്നേരം ആറ് മണിയോടെയാണ് ഇവരെ പിടികൂടാനായതെന്ന് പോലീസ് പറഞ്ഞു. കഞ്ചാവ് കേസിലെ അന്യ സംസ്ഥാന തൊഴിലാളികള്‍ ഉള്‍പ്പെട്ട നാലാമത്തെ സംഘമാണ് ഇപ്പോള്‍ പിടികൂടിയിട്ടുള്ളത്. ഇതര സംസ്ഥാന തൊഴിലാളികള്‍ അവധിക്ക് നാട്ടില്‍ പോയി വരുമ്പോള്‍ ഉത്തര്‍ പ്രദേശ്, അസം, ബംഗാള്‍ എന്നി സംസ്ഥാനങ്ങളില്‍ നിന്നും തീവണ്ടി മാര്‍ഗമാണ് കഞ്ചാവ് എത്തിക്കുന്നത്. ഈ വിവരം പോലീസിന് നേരത്തെ ലഭിച്ചിരുന്നു. ഇതനുസരിച്ച് ഇവര്‍ കൂട്ടത്തോടെ താമസിക്കുന്ന ക്വാര്‍ട്ടേഴ്‌സുകളും ജോലി ചെയ്യുന്ന സ്ഥലങ്ങളിലും മറ്റും പോലീസ് വേഷം മാറി അവര്‍ക്കിടയില്‍ നിന്നും സൂത്രത്തില്‍ വിവരങ്ങള്‍ ശേഖരിച്ചാണ് പ്രതികളെ വലിയിലാക്കാന്‍ പോലീസിന് കഴിഞ്ഞത്. ഇതിന് മുമ്പും അന്യ സംസ്ഥാന തൊഴിലാളികളെ മാത്രം ലക്ഷ്യം വെച്ച് ലഹരി മരുന്നുകള്‍ വില്‍പ്പന നടത്തിയിരുന്ന രണ്ട് സംഘങ്ങളെ ഡി വൈ എസ് പിയും സി ഐ കെ എം ബിജുവും അടങ്ങുന്ന സംഘം പിടികൂടിയിരുന്നു.
അറസ്റ്റ് ചെയ്ത പ്രതികളെ ചോദ്യം ചെയ്തതില്‍ ഇവര്‍ തുടര്‍ച്ചയായി അഞ്ച് തവണയില്‍ കൂടുതല്‍ ആസമില്‍ നിന്നും കഞ്ചാവ് എത്തിച്ചതായി സമ്മതിച്ചു. ഒരു കിലോക്ക് 10,000 രൂപ നിരക്കില്‍ ആണ് കഞ്ചാവ് എത്തുന്നത്. ഇത് ഇതര സംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ വില്‍പ്പന നടത്തിയിരുന്നതായും പ്രതികള്‍ പോലീസിനോട് പറഞ്ഞു. അറസ്റ്റ് ചെയ്ത പ്രതികളെ വെള്ളിയാഴ്ച വടകര എന്‍ സി പി ഐ കോടതിയില്‍ ഹാജരാക്കി. പോലീസ് ഓഫീസര്‍മാരായ ബി സന്ദീപ്, നെവിന്‍ പാസ്‌കല്‍, വിനോജ് കാറല്‍മണ്ണ, തോമസ്, ജയന്‍, മോഹന്‍ദാസ് കരുളായി, സി പി മുരളി, എന്‍ ടി കൃഷ്ണകുമാര്‍, പി എന്‍ മോഹനകൃഷ്ണന്‍, അഭിലാഷ് കൈപ്പിനി, അഷ്‌റഫ് കൂട്ടില്‍, എന്‍ വി ഷെബീര്‍ തുടങ്ങിയവരാണ് കേസുകളുടെ തുടരന്വേഷണം നടത്തുന്നത്.
മലപ്പുറം: ജില്ലയില്‍ കഞ്ചാവ് മൊത്തമായും ചില്ലറയായും വിവിധ യിടങ്ങളില്‍ വില്‍പ്പന നടത്തുന്ന മുഖ്യകണ്ണി എക്‌സൈസിന്റെ പിടിയിലായി.
മലപ്പുറം കിഴക്കേതലയില്‍ വച്ച് രണ്ട് കിലോ കഞ്ചാവുമായി കിഴക്കേതല സ്വദേശി കുഞ്ഞിപ്പ എന്നു വിളിക്കുന്ന നഈം(41) ആണ് പിടിയിലായത്. മലപ്പുറം കിഴക്കേതലയില്‍ ചില്ലറ വില്‍പ്പനക്കായി ബൈക്കില്‍ കഞ്ചാവ് കൊണ്ടുവരവെയാണ് പിടിയിലായത്. ചട്ടിപ്പറമ്പ്, തിരൂര്‍, മഞ്ചേരി, കൊണ്ടോട്ടി ഭാഗങ്ങളില്‍ കഞ്ചാവ് എത്തിക്കുന്നത് ഇയാളാണ്. തമിഴ്‌നാട്ടിലെ മധുരയില്‍ നിന്നാണ് ഇയാള്‍ കഞ്ചാവ് കൊണ്ടുവരുന്നത്. മധുരയില്‍ നിന്ന് കിലോക്ക് 18000 രൂപക്ക് വാങ്ങുന്ന കഞ്ചാവ് 30000 രൂപക്കാണ് ചില്ലറ വില്‍പ്പന നടത്തിയിരുന്നത്.
ഇതിന് ഇയാള്‍ക്ക് തമിഴ്‌നാട്ടില്‍ ഇടനിലക്കാരുണ്ട്. 3 ഗ്രാം കഞ്ചാവിന് 200 രൂപയാണ് വിദ്യാര്‍ത്ഥികള്‍ക്കിടയിലെ വില്‍പ്പന നടത്തുന്നത് മലപ്പുറം എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ സുധീര്‍, അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍മാരായ കെ മുരളീധരന്‍, കെ വി രവീന്ദ്രനാഥ്, പ്രിവന്റീവ് ഓഫീസര്‍ അനീഷ് പുത്തില്ലന്‍, സി.ഇ.ഒ മാരായ മുഹമ്മദാലി, അരവിന്ദന്‍, വിജയന്‍, ജയപ്രകാശ്, എന്നിവരും പാര്‍ട്ടിയില്‍ ഉണ്ടായിരുന്നു.