Connect with us

Malappuram

സര്‍വകലാശാല അസിസ്റ്റന്റ് നിയമനം: സംഘടനകള്‍ തമ്മില്‍ വാക്കേറ്റം

Published

|

Last Updated

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലയില്‍ അസിസ്റ്റന്റ് തസ്തികയിലേക്ക് നിയമനം നേടിയ ഉദ്യോഗാര്‍ഥികള്‍ ജോലിയില്‍ കയറാനായി എത്തിയപ്പോള്‍ സംഘടനയില്‍ മെമ്പര്‍ഷിപ്പെടുക്കുന്നതിനെ ചൊല്ലി മുസ്‌ലിം ലീഗ് അനുകൂല സംഘടനയും സി പി എം അനുകൂല സംഘടനയും തമ്മില്‍ വാക്കേറ്റം.
ഇരു സംഘടനകളിലേയും നേതാക്കള്‍ തമ്മില്‍ വാക്ക് തര്‍ക്കം ഒടുവില്‍ പോര്‍വിളികളിലെത്തുകയായിരുന്നു. സര്‍വകലാശാലാ റജിസ്ട്രാര്‍ ഡോ. ടി എ അബ്ദുല്‍ മജീദും സെക്യൂരിറ്റി ഓഫീസറും മറ്റു ജീവനക്കാരും ഇടപ്പെട്ട് ശാന്തരാക്കിയതിനാലാണ് സംഘര്‍ഷമില്ലാതെ പോയത്. ഇന്നലെ ഉച്ചക്ക് മുമ്പ് ഭരണ കാര്യാലയത്തിനുള്ളിലായിരുന്നു സോളിഡാരിറ്റി ഓഫ് യൂണിവേഴ്‌സിറ്റി എംപ്ലോയീസ് നേതാക്കളും എംപ്ലോയീസ് യൂണിയന്‍ നേതാക്കളും തമ്മില്‍ ഏറ്റുമുട്ടിയത്. ജോലിയിര്‍ കയറാനായി എത്തിയ ഉദ്യോഗാര്‍ഥിയുമായി എംപ്ലോയീസ് യൂണിയന്‍ നേതാക്കള്‍ സംസാരിച്ചതാണ് സോളിഡാരിറ്റി യൂണിയന്‍ ഭാരവാഹികളെ ചൊടിപ്പിച്ചത്.
സോളിഡാരിറ്റിയില്‍ അംഗത്വമെടുക്കാന്‍ തയ്യാറായ ഉദ്യോഗാര്‍ഥിയെ എംപ്ലോയീസ് യൂണിയനിലേക്ക് മാറ്റുന്നതിനു വേണ്ടി ശ്രമിച്ചുവെന്നായിരുന്നു സോളിഡാരിറ്റിക്കാരുടെ ആരോപണം. കഴിഞ്ഞ ഒരാഴ്ചയായി അസിസ്റ്റന്റ് നിയമനം ലഭിച്ച ഉദ്യോഗാര്‍ഥികള്‍ ഭരണ കാര്യാലയത്തിലെത്തി ജോലിക്ക് കയറുന്ന തിരക്കിലായിരുന്നു.
ഇവരെ കാന്‍വാസ് ചെയ്യുന്നതിന് വേണ്ടി സര്‍വകലാശാലയിലെ എല്ലാ സംഘടനകളും ആളെ ചേര്‍ക്കാനായി ഭരണ കാര്യാലയത്തില്‍ രംഗത്തുണ്ടായിരുന്നു. കഴിഞ്ഞ ദിവസങ്ങളിലും ഇതേ രീതിയില്‍ സംഘടനകള്‍ തമ്മില്‍ നേരിയ വാക്ക് തര്‍ക്കം ഉണ്ടായിരുന്നുവത്രെ. എന്നാല്‍ ഇന്നലെയാണ് വാക്ക് തര്‍ക്കം കയ്യാങ്കളിയിലേക്ക് വരെ എത്താന്‍ ഇടയാക്കിയത്.

Latest