ബാബു പണം വാങ്ങിയതിന് തെളിവില്ലെന്ന് വിജിലന്‍സ് റിപ്പോര്‍ട്ട്

Posted on: February 6, 2016 12:04 am | Last updated: February 6, 2016 at 10:11 am
SHARE

babuകൊച്ചി:എക്‌സൈസ് മന്ത്രി കെ ബാബു ബാറുടമകളില്‍ നിന്ന് കോഴ വാങ്ങിയതിന് തെളിവില്ലെന്ന് വിജിലന്‍സിന്റെ ക്വിക്ക് വെരിഫിക്കേഷന്‍ റിപ്പോര്‍ട്ട്. കേസെടുത്ത് അന്വേഷിക്കാന്‍ ആവശ്യമായ പ്രാഥമിക തെളിവുകളൊന്നും ബാബുവിനെതിരെ ഇല്ലെന്നാണ് വിജിലന്‍സ് എസ് പി. ആര്‍ നിശാന്തിനി തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്. നേരത്തെ വിജിലന്‍സ് ഡി വൈ എസ് പി നടത്തിയ പ്രാഥമികാന്വേഷണത്തില്‍ പരിശോധിക്കാതിരുന്ന ബേങ്ക് ഇടപാടുകളടക്കം ക്വിക്ക് വെരിഫിക്കേഷനില്‍ പരിശോധിച്ചതായി വിജിലന്‍സ് വൃത്തങ്ങള്‍ വ്യക്തമാക്കി. ബാറുടമ ബിജു രമേശിന്റെയും അദ്ദേഹം ഹാജരാക്കിയ സാക്ഷികളുടെയും മൊഴികളില്‍ പൊരുത്തക്കേടുകളുണ്ടെന്നും വിജിലന്‍സ് പറയുന്നു.
മുപ്പത് ലക്ഷമായി നിശ്ചയിച്ച ബാര്‍ ലൈസന്‍സ് ഫീസ് 23 ലക്ഷമാക്കാനാണ് 2013 ഏപ്രിലില്‍ ബാബുവിന് അമ്പത് ലക്ഷം രൂപ നല്‍കിയതെന്നാണ് ബിജുവിന്റെ ആരോപണം. അസോസിയേഷന്‍ പിരിച്ചുനല്‍കിയ നാല്‍പ്പത് ലക്ഷവും തന്റെ വിഹിതമായി പത്ത് ലക്ഷവും ചേര്‍ത്താണ് ഇത്രയും തുക നല്‍കിയതെന്നും ബിജുവിന്റെ മൊഴിയില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍, പണം നല്‍കിയെന്ന് പറയുന്ന ബാറുടമകളുടെയും വാങ്ങിയെന്ന് പറയുന്ന കെ ബാബുവിന്റെയും ബേങ്ക് അക്കൗണ്ടുകളിലൂടെ നടന്ന പണമിടപാടുകളുടെ വിശദവിവരങ്ങള്‍ വിജിലന്‍സ് ശേഖരിച്ചു. മന്ത്രിക്ക് കോഴ നല്‍കിയെന്ന് ആരോപിക്കപ്പെട്ട കാലയളവില്‍ ഇത്തരത്തിലുള്ള പണമിടപാടുകള്‍ അക്കൗണ്ടുകളിലൂടെ നടന്നിട്ടില്ല.
ബാര്‍ ലൈസന്‍സ് ഫീസ് 23 ലക്ഷമായി നിശ്ചയിച്ച് 2013 മാര്‍ച്ചില്‍ തന്നെ എക്‌സൈസ് കമ്മീഷണര്‍ ഉത്തരവിറക്കിയിരുന്നുവെന്നും അതുകൊണ്ടു തന്നെ പ്രീ ബജറ്റ് യോഗത്തില്‍ നിശ്ചയിച്ച മുപ്പത് ലക്ഷത്തില്‍ നിന്ന് ബാര്‍ ലൈസന്‍സ് ഫീസ് 23 ലക്ഷമാക്കി കുറക്കാന്‍ പണം നല്‍കിയെന്ന വാദം നിലനില്‍ക്കില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്. ഇന്നലെ വിജിലന്‍സ് ഡയറക്ടര്‍ക്ക് നല്‍കിയ റിപ്പോര്‍ട്ട് ഇന്ന് കോടതിയില്‍ ഹാജരാക്കും.

 

LEAVE A REPLY

Please enter your comment!
Please enter your name here