Connect with us

International

സിറിയയിലെ റഷ്യന്‍ ആക്രമണം സമാധാന ചര്‍ച്ചകള്‍ക്ക് തിരിച്ചടിയെന്ന് നാറ്റൊ

Published

|

Last Updated

ദമസ്‌കസ്: സിറിയയിലെ വിമത സേനയെ ലക്ഷ്യം വെച്ച് റഷ്യ നടത്തിയ വ്യോമാക്രമണം ആഭ്യന്തരയുദ്ധം അവസാനിപ്പിക്കാനുള്ള സൈനികേതര പരിഹാര ശ്രമങ്ങളെ അട്ടിമറിച്ചുവെന്ന് നാറ്റൊ തലവന്‍ ജെന്‍സ് സ്റ്റോള്‍ടെന്‍ബര്‍ഗ് പറഞ്ഞു. സിറിയയിലെ പ്രതിപക്ഷ സംഘങ്ങളെ ലക്ഷ്യം വെച്ച് റഷ്യ നടത്തിയ തുടര്‍ച്ചയായ വ്യോമാക്രമണം സംഘര്‍ഷത്തിന് രാഷ്ട്രീയ പരിഹാരം കാണാനുള്ള ശ്രമങ്ങളെ അട്ടിമറിച്ചുവെന്ന് സ്റ്റോള്‍ടെന്‍ബെര്‍ഗ് പറഞ്ഞു. യൂറോപ്യന്‍ യൂനിയനിലെ പ്രതിരോധ മന്ത്രിമാരുമായി ചര്‍ച്ച നടത്താനാണ് ആംസ്റ്റര്‍ഡാമിലെത്തിയതെന്നും അദ്ദേഹം പറഞ്ഞു. റഷ്യന്‍ പിന്തുണയോടെ പ്രസിഡന്റ് ബശര്‍ അല്‍ അസദ് അലപ്പോയില്‍ വിമതര്‍ക്കെതിരെ നടത്തിയ ആക്രമണത്തെത്തുടര്‍ന്ന് ഈ ആഴ്ച ആദ്യം ജനീവയില്‍ നടന്ന സിറിയന്‍ സമാധാന ചര്‍ച്ച തകര്‍ന്നിരുന്നു. സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി യു എന്‍ സുരക്ഷാ കൗണ്‍സില്‍ ഇന്നലെ യോഗം ചേര്‍ന്നിരുന്നു. സിറിയന്‍ പ്രതിപക്ഷത്തെ ലക്ഷ്യമാക്കിയുള്ള ആക്രമണം അവസാനിപ്പിക്കണമെന്ന് അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി കഴിഞ്ഞ ദിവസം റഷ്യക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. സിറിയന്‍ യുദ്ധം അവസാനിപ്പിക്കാനുള്ള ശ്രമങ്ങളെ ശക്തമായി നാറ്റോ പിന്തുണക്കുമെന്ന് സ്റ്റോള്‍ടെന്‍ബര്‍ഗ് പറഞ്ഞു. സിറിയന്‍ ആഭ്യന്തര യുദ്ധത്തില്‍ രണ്ടര ലക്ഷത്തോളം പേര്‍ കൊല്ലപ്പെടുകയും ജനസംഖ്യയുടെ പകുതിയോളം പേര്‍ക്ക് പലായനം ചെയ്യേണ്ടിവരികയുമുണ്ടായി.

Latest