അലപ്പോയില്‍ നിന്ന് തുര്‍ക്കിയിലേക്ക് പതിനായിരങ്ങളുടെ കൂട്ടപലായനം

Posted on: February 6, 2016 12:05 am | Last updated: February 6, 2016 at 12:54 am
SHARE

TURKEYദമസ്‌കസ്: റഷ്യന്‍ പിന്തുണയോടെ സിറിയന്‍ സൈന്യം അലപ്പോയിലേക്ക് കുതിക്കുന്ന സാഹചര്യത്തില്‍ മേഖലയില്‍ നിന്ന് പതിനായിരങ്ങള്‍ തുര്‍ക്കിയിലേക്ക് പലായനം ചെയ്യുന്നു.
സംഘര്‍ഷ മേഖലയില്‍ നിന്ന് 70,000 പേര്‍ തന്റെ രാജ്യത്തേക്ക് തിരിച്ചിട്ടുണ്ടെന്ന് തുര്‍ക്കി പ്രധാനമന്ത്രി അഹ്മദ് ദാവൂദോഗ്‌ലു പറഞ്ഞു. ലണ്ടനില്‍ അന്താരാഷ്ട്ര ദാതാക്കളുടെ സമ്മേളനത്തില്‍ സംസാരിക്കവേയാണ് അദ്ദേഹം മേഖലയിലെ ഭീകരമായ അവസ്ഥ വിവരിച്ചത്. വിമതരുടെ നിയന്ത്രണത്തിലുള്ള അലപ്പോയിലേക്കുള്ള എല്ലാ വിതരണ വഴികളും സര്‍ക്കാര്‍ തടഞ്ഞിരിക്കുകയാണ്. ഇതോടെ മൂന്ന് ലക്ഷം പേരാണ് ഒറ്റപ്പെട്ടിരിക്കുന്നത്. ഇവര്‍ക്ക് ഭക്ഷണമോ മറ്റ് അത്യവാശ്യവസ്തുക്കളോ ലഭ്യമാകുന്നില്ല. സിറിയന്‍ പ്രതിസന്ധിക്ക് പരിഹാരം കാണാനായി ജനീവയില്‍ ചര്‍ച്ചകള്‍ക്ക് തുടക്കം കുറിച്ച സാഹചര്യത്തിലാണ് ഈ മനുഷ്യാവകാശ ലംഘനങ്ങള്‍ നടക്കുന്നത്.
അലപ്പോയിലെ സ്ഥിതിഗതികള്‍ ദുരന്തപൂര്‍ണമാണെന്ന് മേഖലയില്‍ നിന്നുള്ള സന്നദ്ധ പ്രവര്‍ത്തകന്‍ മൗമൂന്‍ അല്‍ ഖതീബ് പറഞ്ഞു. സിവിലിയന്‍മാര്‍ മൂന്ന് ഭാഗത്ത് നിന്നും വളയപ്പെട്ട നിലയിലാണ്. തുര്‍ക്കി ഭാഗത്തേക്കുള്ള വഴി മാത്രമാണ് ആശ്രയം. തെക്ക് ഭാഗത്ത് സര്‍ക്കാര്‍ സൈന്യവും കിഴക്ക് ഭാഗത്ത് ഇസില്‍ സംഘവം പടിഞ്ഞാറ് കുര്‍ദ് സൈനികരും നിലയുറപ്പിച്ചിരിക്കുകയാണെന്ന് മൗമൂന്‍ പറഞ്ഞു. അതിനിടെ, റഷ്യയും തുര്‍ക്കിയും തമ്മിലുള്ള ആരോപണപ്രത്യാരോപണങ്ങള്‍ ശക്തമായി.
തുര്‍ക്കി വിമതരെ സഹായിക്കുകയാണെന്നും സിറിയന്‍ അധിനിവേശമാണ് അവരുടെ ആത്യന്തിക ലക്ഷ്യമെന്നും റഷ്യ കുറ്റപ്പെടുത്തുന്നു. എന്നാല്‍ റഷ്യയുടെ പിന്തുണയിലാണ് അസദ് ഭരണകൂടം യുദ്ധക്കുറ്റങ്ങള്‍ നടത്തുന്നതെന്ന് തുര്‍ക്കി ഭരണകൂടം ആരോപിച്ചു. അസദിനെ സഹായിക്കുന്ന നടപടി റഷ്യ അവസാനിപ്പിക്കണമെന്ന് പശ്ചാത്യ രാജ്യങ്ങളും ആവശ്യപ്പെട്ടിട്ടുണ്ട്. സമാധാന ചര്‍ച്ചയില്‍ ആശാവഹമായ തീര്‍പ്പുണ്ടാകണമെങ്കില്‍ റഷ്യയുടെ ഇടപെടല്‍ അവസാനിപ്പിക്കണമെന്ന് അമേരിക്കയടക്കമുള്ളവര്‍ പറയുന്നു. വ്യാഴാഴ്ച അലപ്പോയില്‍ നടന്ന റഷ്യന്‍ ബോംബാക്രമണത്തില്‍ 21 സിവിലിയന്‍മാര്‍ മരിച്ചുവെന്ന് മനുഷ്യാവകാശ സംഘടനകള്‍ അറിയിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here