പി എസ് സിയിലും വേണം സുതാര്യത

Posted on: February 6, 2016 6:00 am | Last updated: February 5, 2016 at 10:59 pm

SIRAJ.......ഉദ്യോഗാര്‍ഥികള്‍ക്ക് ഏറെ ഗുണകരമാണ് പബ്ലിക് സര്‍വീസ് കമ്മീഷനെ (പി എസ് സി) വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ പെടുത്തിക്കൊണ്ടുള്ള ഹൈക്കോടതി ഉത്തരവ് സാധൂകരിക്കുന്ന സുപ്രീം കോടതി ഉത്തരവ്. പരീക്ഷകളുമായി ബന്ധപ്പെട്ട് ഉദ്യോഗാര്‍ഥികള്‍ക്കുണ്ടായേക്കാവുന്ന സന്ദേഹങ്ങള്‍ പരിഹരിക്കാനും അതുവഴി പി എസ് സിയുടെ വിശ്വാസ്യതയും സുതാര്യതയും വര്‍ധിപ്പിക്കാനും ഇത് സഹായകമാകും. പി എസ് സിയില്‍ ക്രമക്കേടുകളും അഴിമതിയും നടക്കുന്നതായി പരാതികള്‍ ഉയര്‍ന്നു കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ വിശേഷിച്ചും. കേരള ഹൈക്കോടതി പി എസ് സിയെ വിവരാവകാശത്തിന്റെ കീഴില്‍ ഉള്‍പ്പെടുത്തിയതിനെതിരെ സമര്‍പ്പിച്ച ഹരജി തള്ളിക്കൊണ്ടാണ് ജസ്റ്റിസുമാരായ എം വൈ ഇഖ്ബാലും അരുണ്‍ മിശ്രയുമടങ്ങിയ സുപ്രീം കോടതി ബഞ്ച് ഉത്തരവിറക്കിയത്.
സംസ്ഥാനത്തെ ഉദ്യോഗാര്‍ഥികള്‍ പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന ഭരണഘടനാ സ്ഥാപനമാണ് പി എസ് സി. സര്‍ക്കാര്‍ സ്ഥാപനങ്ങിലേക്കും പല പൊതുമേഖലാ സ്ഥാപനങ്ങളിലേക്കും ഇതു വഴിയാണ് നിയമനം നടത്തുന്നത്. സ്ഥാപനങ്ങള്‍ അവരുടെ ഒഴിവുകള്‍ പി എസ് സിയെ അറിയിക്കുകയും പി എസ് സി ഉദ്യോഗാര്‍ഥികളെ വിവരം അറിയിച്ചു പരീക്ഷ നടത്തി തയ്യാറാക്കുന്ന റാങ്ക്‌ലിസ്റ്റിന്റെ അടിസ്ഥാനത്തില്‍ നിയമനം നടത്തുകയും ചെയ്യണമെന്നാണ് ചട്ടം. എന്നാല്‍ പലപ്പോഴും കമ്മീഷന്‍ റാങ്ക് ലിസ്റ്റ് മറികടന്നും ചട്ടവിരുദ്ധമായും നിയമനം നടത്തുന്നതായി ആരോപണം ഉയരാറുണ്ട്. 2013 സെപ്തംബറില്‍ പ്രസിദ്ധീകരിച്ച സബ് ഇന്‍സ്‌പെക്ടര്‍ റാങ്ക ്‌ലിസ്റ്റില്‍ വെയ്‌റ്റേജ് മാര്‍ക്കിന്റെയും കായികക്ഷമതാ പരീക്ഷയുടെയും മറവില്‍ നടത്തിയ അട്ടിമറി വന്‍വിവാദമായതാണ്.
ക്ലാസ് മൂന്ന്, നാല് വിഭാഗങ്ങളിലെ ജീവനക്കാരുടെ നിയമനത്തിന് കായിക ഇനങ്ങളിലെ മികവ് പരിഗണിച്ച് നിശ്ചിത മാര്‍ക്ക് വെയ്‌റ്റേജ് നല്‍കാമെന്ന് 1978 ജനുവരി 11ന് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇതനുസരിച്ച് എഴുത്തുപരീക്ഷയും അഭിമുഖവുമുള്ള നിയമനങ്ങളില്‍ അഭിമുഖത്തിന്റെ നിശ്ചിത ശതമാനം മാര്‍ക്കാകണം വെയിറ്റേജ് നല്‍കേണ്ടത്. 2010ലെ ഉത്തരവിലൂടെ ഹൈക്കോടതിയും ഇക്കാര്യം വ്യക്തമാക്കി. എന്നാല്‍ എസ് ഐ ലിസ്റ്റില്‍ ഇത് അട്ടിമറിക്കുകയും റാങ്ക് ലിസ്റ്റില്‍ താഴേതട്ടിലുളള ചിലര്‍ക്ക് അര്‍ഹതപ്പെട്ടതിനേക്കാള്‍ കൂടുതല്‍ വെയ്‌റ്റേജ് നല്‍കി മുകളിലെത്തിക്കുകയുമായിരുന്നു. ഈ അട്ടിമറിയുടെ രേഖകള്‍ ചാനലുകള്‍ പുറത്തുവിട്ടിരുന്നു. സെക്രട്ടേറിയറ്റ് അസിസ്റ്റന്റ്, സ്‌റ്റേഷന്‍ ഓഫീസര്‍, ജൂനിയര്‍ എംപ്ലോയ്‌മെന്റ് ഓഫീസര്‍, കഴിഞ്ഞ ഒക്‌ടോബറില്‍ ഇംഗ്ലീഷ് ലക്ചറര്‍ തസ്തികയിലേക്കായി തിരുവനന്തപുരത്ത് നടന്ന ഓണ്‍ ലൈന്‍ പരീക്ഷ തുടങ്ങിയവയിലും ക്രമക്കേട് ആരോപിക്കപ്പെട്ടിരുന്നതാണ്.
പരീക്ഷകളുടെ മാര്‍ക്ക് പരിശോധിച്ചാല്‍ നിയമനങ്ങളുമായി ബന്ധപ്പെട്ട് ഉയരുന്ന സന്ദേഹങ്ങളുടെ സത്യാവസ്ഥ മനസ്സിലാക്കാം. പക്ഷേ, ബന്ധപ്പെട്ടവര്‍ ആവശ്യപ്പെട്ടാല്‍ കമ്മീഷന്‍ മാര്‍ക്ക് ലിസ്റ്റോ രേഖകളോ നല്‍കാറില്ല. വിവാദ എസ് ഐ നിയ മനവുമായി ബന്ധപ്പെട്ട് ഉദ്യോഗാര്‍ഥികള്‍ നല്‍കിയ പരാതിയില്‍ സി ഡി ആവശ്യപ്പെട്ടു കൊണ്ടുള്ള സംസ്ഥാന വിവരാവകാശ കമീഷന്റ ഉത്തരവിനോട് പോലും നിഷേധ സമീപനമാണ് കമ്മീഷന്‍ കൈക്കൊണ്ടത്. തങ്ങള്‍ വിവരാവകാശ നിയമത്തിന്റെ പരിധിക്ക് പുറത്താണെന്ന വാദത്തിന്മേലാണ് രേഖകള്‍ നല്‍കാന്‍ വിസമ്മതം പ്രകടിപ്പിക്കുന്നത്. സുപ്രീം കോടതി വിധി ഈ ധാര്‍ഷ്ട്യത്തിന് അറുതി വരുത്തുകയും പ്രതീക്ഷക്കൊത്തു മാര്‍ക്ക് ലഭിച്ചോയെന്ന് ഉദ്യോഗാര്‍ഥിക്ക് മനസ്സിലാക്കാന്‍ അവസരമേകുകയും ചെയ്യും. റാങ്ക് ലിസ്റ്റില്‍ തിരിമറി നടത്തിയിട്ടുണ്ടെങ്കില്‍ അത് കണ്ടെത്താനും ഇതുവഴി സാധിക്കുമെന്നതിനാല്‍ പി എസ് സിയിലെ അഴിമതികള്‍ക്കും വലയൊരളവോളം പരിഹാരമായേക്കും.
തങ്ങളുടെ പല രേഖകളും രഹസ്യസ്വഭാവുള്ളതാണെന്നിരിക്കെ അവ പരസ്യപ്പെടുത്തിയാല്‍ സ്ഥാപനം ഭരണഘടനാ പ്രതിസന്ധിയിലാകുമെന്ന് പി എസ് സി വാദിച്ചങ്കിലും സുപ്രീം കോടതി അംഗീകരിച്ചില്ല. ഫലം പ്രസിദ്ധീകരിക്കുന്നതോടെ പരീക്ഷയുടെ രഹസ്യസ്വഭാവം സ്വാഭാവികമായി ഇല്ലാതാകുമെന്നായിരുന്നു കോടതിയുടെ പ്രതികരണം. മത്സരാധിഷ്ഠിതമായ ഇന്നത്തെ സമൂഹത്തില്‍ ഭരണഘടന ഉറപ്പ് നല്‍കുന്ന സാമാന്യനീതി നടപ്പാകുന്നുണ്ടെന്ന് ഉറപ്പ് വരുത്താന്‍ ഇത്തരം നടപടികള്‍ ആവശ്യമാണെന്നും വിവരാകാശ നിയമത്തിന്റെ പരിധിയില്‍ വരുന്നത് പി എസ് സിയുടെ വിശ്വാസ്യത വര്‍ധിപ്പിക്കുമെന്നും കോടതി ഉണര്‍ത്തുകയുണ്ടായി.
ഉത്തരക്കടലാസ് പരിശോധിക്കുന്നവരുടെ പേരും വിവരങ്ങളും വെളിപ്പെടുത്തണമെന്ന 2011ലെ കേരള ഹൈക്കോടതി ഉത്തരവ് പക്ഷേ, സുപ്രീംകോടതി അംഗീകരിച്ചില്ല. പരാജയപ്പെട്ട ഉദ്യോഗാര്‍ഥികള്‍ അവര്‍ക്കെതിര പ്രതികാരനടപടി സ്വീകരിക്കാനുള്ള സാധ്യതയുള്ളതിനാല്‍ സുരക്ഷ കണക്കിലെടുത്താണ് കോടതി ഇതൊഴിവാക്കിയത്. കോടതിയുടെ ഈ നിരീക്ഷണം വളരെ പ്രധാനമാണ്. വിവരാവകാശ നിയമത്തിന്റെ സുതാര്യത സത്യസന്ധമായും കാര്യക്ഷമമായും ജോലി നിര്‍വഹിച്ചവര്‍ക്ക് വിനയാകുമെന്ന് ആശങ്കയുണ്ടെങ്കില്‍ അത് വെളിപ്പെടുത്താതിരിക്കുന്നത് തന്നെയാണ് ഉചിതം. മാത്രമല്ല, അവരുടെ പേര് വെളിപ്പെടുത്തുന്നത് കൊണ്ട് ഉദ്യോഗാര്‍ഥിക്ക് എന്തെങ്കിലും ഗുണം ഇല്ല താനും.