മാര്‍കണ്ഡേയ കട്ജു മുഖപുസ്തകം അടച്ച ശേഷം

മറ്റുള്ളവരെ അപമാനിക്കുന്നതും അശ്ലീലകരമായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നതുമായ സാമൂഹികമാധ്യമങ്ങളെ പ്രോസിക്യൂട്ട് ചെയ്യാനാകുമോ എന്ന് സുപ്രീം കോടതി കേന്ദ്രത്തോട് ആരാഞ്ഞിരുന്നു. ഈ സാഹചര്യത്തില്‍ വേണം കട്ജുവിനെ പോലെയുള്ള ഒരാളുടെ സാമൂഹിക മാധ്യമങ്ങളില്‍ നിന്നുള്ള പിന്‍വാങ്ങലിനെ വായിക്കാന്‍. പാര്‍ശ്വവത്കരിക്കപ്പെട്ടവന്റെയും അടിച്ചമര്‍ത്തപ്പെട്ടവന്റെയും സ്വരമായി നിലനില്‍ക്കുമ്പോള്‍ തന്നെ കട്ജുവിനു പോലും ഇത്തരം മാധ്യമങ്ങളില്‍ പിടിച്ചുനില്‍ക്കാന്‍ കഴിയുന്നില്ല എന്നു വരുന്നത് ഉന്നത നീതിപീഠത്തിന്റെ തീരുമാനങ്ങളെ സ്വാധീനിക്കുമെന്ന് തന്നെയാണ് കരുതേണ്ടത്. ഫേസ്ബുക്ക് വേദിയാക്കി ഉന്നത ഐ എ എസ്, ഐ പി എസ് ഉദ്യോഗസ്ഥര്‍ നടത്തുന്ന ഇടപെടലുകള്‍ വഴി അഴിമതിക്കഥകള്‍ പുറത്തുവരുന്ന ഇന്നത്തെ സാഹചര്യത്തില്‍ ഇത് തടയിടാന്‍ നീതിപീഠത്തിന്റെ ഇത്തരം അഭിപ്രായം തേടലുകളോട് അനുകൂലമായി പ്രതികരിക്കാന്‍ സര്‍ക്കാറുകള്‍ തയ്യാറായേക്കും.വിവരാവകാശ നിയമവും സോഷ്യല്‍ മീഡിയയുമാണ് ഭരണകൂടം ഇന്ന് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി.
Posted on: February 6, 2016 6:15 am | Last updated: February 5, 2016 at 11:00 pm

markandey katjuലൈക്കിന്റെയും ഷെയറിന്റെയും ലോകത്ത് നിന്നുള്ള സുപ്രീം കോടതി മുന്‍ ജസ്റ്റിസും പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ മുന്‍ ചെയര്‍മാനുമായ മാര്‍ക്കണ്ഡേയ കട്ജുവിന്റെ പിന്‍വാങ്ങല്‍ സാമൂഹികമാധ്യമങ്ങളെ കുറിച്ചും അതിലെ ഇടപെടലുകളെക്കുറിച്ചുമുള്ള ചര്‍ച്ചകള്‍ക്ക് വീണ്ടും ഇടനല്‍കിയിരിക്കുകയാണ്. ഇക്കഴിഞ്ഞ ജനുവരി അവസാനവാരമാണ് സാമൂഹിക മാധ്യമങ്ങളിലെ തന്റെ ഇടപെടല്‍ അവസാനിപ്പിക്കുകയാണെന്ന് അറിയിച്ച് കട്ജു പോസ്റ്റിട്ടത്. ‘ഇത് മിക്കവാറും എന്റെ അവസാനത്തെ ഫേസ്ബുക്ക് പോസ്റ്റായിരിക്കും. എനിക്ക് 70 വയസ്സായി. ഇനി വളരെ കുറച്ച് വര്‍ഷങ്ങളേ ജീവിതം ബാക്കിയുള്ളൂ. പലയിടത്തുനിന്നായി ഞാന്‍ പഠിച്ച കാര്യങ്ങളും അറിവുകളും നിങ്ങളുമായി പങ്ക് വെക്കാനായിരുന്നു ഞാന്‍ ശ്രമിച്ചിരുന്നത്. എന്നാല്‍ എനിക്ക് തിരിച്ചുകിട്ടിയത് ശകാരങ്ങളും അധിക്ഷേപങ്ങളുമാണ്. നിങ്ങളില്‍ പലരും മന്ദബുദ്ധികളും നിഷേധികളുമാണ്. ഒന്നും പഠിക്കാന്‍ ആഗ്രഹമില്ലാത്തവര്‍. നിങ്ങളെ പഠിപ്പിക്കാന്‍ കൂടി ഞാന്‍ ശ്രമിച്ചല്ലോ. സോറി. ഗുഡ് ബൈ’- ഇതാണ് അവസാനമായി കട്ജു ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഈ പോസ്റ്റ് പേജില്‍ നിന്നും അപ്രത്യക്ഷമായെങ്കിലും ജനുവരി 20ന് ശേഷം ഫേസ്ബുക്കിലോ ട്വിറ്ററിലോ കട്ജു പോസ്റ്റുകളൊന്നും നടത്തിയിട്ടില്ല. മറ്റുള്ളവരെ അപമാനിക്കുന്നതും അശ്ലീലകരമായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നതുമായ സാമൂഹികമാധ്യമങ്ങള്‍ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് പ്രജ്വല എന്ന സംഘടന നല്‍കിയ ഹര്‍ജി തള്ളിക്കൊണ്ട്, ഇത്തരം സൈറ്റുകളെ പ്രോസിക്യൂട്ട് ചെയ്യാനാകുമോ എന്ന് സുപ്രീം കോടതി കേന്ദ്ര സര്‍ക്കാറിനോട് ആരാഞ്ഞിരുന്നു. ഈ സാഹചര്യത്തില്‍ വേണം കട്ജുവിനെ പോലെയുള്ള ഒരാളുടെ സാമൂഹിക മാധ്യമങ്ങളില്‍ നിന്നുള്ള പിന്‍വാങ്ങലിനെ വായിക്കാന്‍. പാര്‍ശ്വവത്കരിക്കപ്പെട്ടവന്റെയും അടിച്ചമര്‍ത്തപ്പെട്ടവന്റെയും സ്വരമായി നിലനില്‍ക്കുമ്പോള്‍ തന്നെ കട്ജുവിനു പോലും ഇത്തരം മാധ്യമങ്ങളില്‍ പിടിച്ചുനില്‍ക്കാന്‍ കഴിയുന്നില്ല, അല്ലെങ്കില്‍ അവഹേളിക്കപ്പെടുന്നു എന്നു വരുന്നത് ഉന്നത നീതിപീഠത്തിന്റെ തീരുമാനങ്ങളെ സ്വാധീനിക്കുമെന്ന് തന്നെയാണ് കരുതേണ്ടത്. ഫേസ്ബുക്ക് വേദിയാക്കി ഉന്നത ഐ എ എസ്, ഐ പി എസ് ഉദ്യോഗസ്ഥര്‍ നടത്തുന്ന ഇടപെടലുകളിലൂടെ ഭരണകൂട രഹസ്യങ്ങളും അഴിമതിക്കഥകളും പുറത്തുവരുന്ന ഇന്നത്തെ സാഹചര്യത്തില്‍ ഇത് തടയിടാന്‍ നീതിപീഠത്തിന്റെ ഇത്തരം അഭിപ്രായം തേടലുകളോട് അനുകൂലമായി പ്രതികരിക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളും തയ്യാറായേക്കും. വിവരാവകാശ നിയമവും സോഷ്യല്‍ മീഡിയയുമാണ് ഭരണകൂടം ഇന്ന് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. രോഹിത് വെമുല, ദീപാ നിശാന്ത്, അസഹിഷ്ണുത, മോദിയുടെ യാത്രകള്‍, താക്കറെയുടെ മരണത്തില്‍ ഹര്‍ത്താല്‍ നടത്തിയതിനെ വിമര്‍ശിച്ച പെണ്‍കുട്ടികള്‍ തുടങ്ങി സാമൂഹിക മാധ്യമങ്ങളുടെ ഇടപെടല്‍ ഉദാഹരണങ്ങള്‍ നീളുന്നു. എതിര്‍ചോദ്യങ്ങളും പരിഹാസവും സോഷ്യല്‍ മീഡിയയുടെ ജനിതക സ്വഭാവമാണെന്ന് പറയാം.
അപരന്റെ വീട്ടില്‍ കയറിച്ചെന്ന് തെറി വിളിക്കുന്നതിന് തുല്യമാണ് ഒരാളുടെ ഒഫീഷ്യല്‍ പേജില്‍ പോയി ചീത്ത വിളിക്കുന്നതും അധിക്ഷേപിക്കുന്നതും. ഇതനുവദിക്കാന്‍ ഒരുവിധമാള്‍ക്കൊന്നുംകഴിയില്ല. അപ്പോള്‍ പിന്നെ താന്‍ സംവദിക്കുന്ന സമൂഹത്തെ കണക്കിലെടുത്ത് അതിനനുസരിച്ച് കാര്യങ്ങള്‍ അവതരിപ്പിക്കുന്നതായിരിക്കും അഭികാമ്യം. അല്ലെങ്കില്‍, അവഗണിക്കാനുള്ള ധൈര്യമുണ്ടാകണം. അല്ലാതെ പത്രത്തിലോ ചാനലിലോ അഭിപ്രായപ്രകടനം നടത്തി മുങ്ങുന്നതുപോലെ സാമൂഹികമാധ്യമങ്ങളില്‍ നടക്കില്ല. ഇവിടെ തത്സമയം ‘പണി’ കിട്ടിയിരിക്കും.
അസഹിഷ്ണുത കാരണം എഴുത്തുകാര്‍ രചനകള്‍ നിര്‍ത്തുമ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍നിന്നുള്ള ഇത്തരം പിന്‍വാങ്ങലുകള്‍ ക്രിയാത്മകമാകില്ല. മറ്റു മാധ്യമങ്ങളില്‍ നിന്നു വ്യത്യസ്തമായി സോഷ്യല്‍ മീഡിയയില്‍ പ്രോത്സാഹനവും പിന്തുണയും മാത്രമല്ല, നാം രേഖപ്പെടുത്തുന്ന ഓരോ അഭിപ്രായത്തിനും വായടപ്പന്‍ മറുപടിയും കൂടെ ലഭിക്കുമെന്നത് എല്ലാവരും ഓര്‍ത്തിരിക്കേണ്ട വസ്തുതയാണ്. അതു തന്നെയാണ് സാമൂഹിക മാധ്യമങ്ങളുടെ പ്രസക്തിയും. പോസ്റ്റ് ചെയ്യുന്നവന്റെയും അതിനെതിരെ പ്രതികരിക്കുന്നവന്റെയും വൈജ്ഞാനികവും സാംസ്‌കാരികവുമായ തലത്തിലെ അന്തരം ഒരു പ്രധാനഘടകമാണ്. നാല് ലക്ഷത്തോളം പേര്‍ ലൈക്ക് ചെയ്ത ഒഫീഷ്യല്‍ ഫേസ്ബുക്ക് പേജില്‍ നിന്നും ഒരു ലക്ഷത്തിലധികം ട്വിറ്റര്‍ അക്കൗണ്ട് പിന്തുടരുന്നവരില്‍ നിന്നും പോസിറ്റീവായി മാത്രം കമന്റുകള്‍ പ്രതീക്ഷിക്കുന്നതില്‍ തന്നെ അസംബന്ധമുണ്ട്. പ്രശസ്ത ടെന്നീസ് താരം മരിയ ഷറപ്പോവ സച്ചിനെ അറിയില്ല എന്നു പറഞ്ഞതിന് അവരുടെ പേജില്‍ പച്ചത്തെറി കമന്റായി നല്‍കിയവരില്‍ നിന്ന് ഇതില്‍ കൂടുതലൊന്നും ആരും പ്രതീക്ഷിക്കേണ്ടതില്ല. സോഷ്യല്‍ മീഡിയയിലെ ഗ്രൂപ്പുകളിലേക്ക് ഒരു പുതിയ ആശയം പോസ്റ്റ് ചെയ്യുന്നതിലും ഭേദം കൂട്ടിലടച്ച ഹിംസ്ര ജന്തുവിന്റെ അടുത്തേക്ക് ചെല്ലുന്നതായിരിക്കും. അതല്‍പ്പം പ്രകോപനപരമാണെങ്കില്‍ പ്രത്യേകിച്ചും.
സാമൂഹിക മാധ്യമങ്ങളിലെ ലൈക്കും ഷെയറും അനുഭൂതിദായകമാണെങ്കിലും കമന്റുകള്‍ പലപ്പോഴും ഇത്തരത്തില്‍ ആയിക്കൊള്ളണമെന്നില്ല. ഇതുതന്നെയായിരിക്കും കട്ജുവിനെ പിന്‍വാങ്ങാന്‍ പ്രേരിപ്പിച്ചത്. വര്‍ത്തമാനകാലത്തെ മിക്ക പ്രശ്‌നങ്ങളില്‍ തന്റേതായ അഭിപ്രായം ജനങ്ങളുമായി പങ്കുവെക്കുന്നതില്‍ മുന്‍പന്തിയിലുണ്ടായിരുന്ന കട്ജുവിന്റെ പല പോസ്റ്റുകളും സാമൂഹികമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു. സമൂഹത്തില്‍ ഉന്നതസ്ഥാനങ്ങള്‍ അലങ്കരിച്ചവര്‍ സാമൂഹികമാധ്യമങ്ങളില്‍ ഇടപെടുമ്പോള്‍ തിരിച്ച് അതേ നിലവാരത്തിലുള്ള പ്രതികരണങ്ങള്‍ ഉണ്ടാകില്ലെന്ന് ഉറപ്പ്. ഈ സാമൂഹിക സമത്വം തന്നെയാണ് സോഷ്യല്‍മീഡിയയുടെ കരുത്ത്. അച്ചടിമാധ്യമങ്ങളിലും ദൃശ്യമാധ്യമങ്ങളിലും ഒരു അഭിപ്രായം പറഞ്ഞാല്‍ അതിനെതിരെ പ്രതികരിക്കാന്‍ എല്ലാവര്‍ക്കും അവസരം ലഭിക്കില്ലെന്നതു തന്നെയാണ് സാമൂഹികമാധ്യമങ്ങളുടെ പ്രസക്തി. സമയവും സ്ഥലവും ദൃശ്യ-ശ്രാവ്യമാധ്യമങ്ങളുടെ പരിമിതികളാകുമ്പോള്‍ ഇത്തരം പരിമിതികളോ പരിധികളോ ഇല്ല എന്നുള്ളതും ആര്‍ക്കും എന്തും പറയാനും എഴുതാനുമുള്ള സ്വാതന്ത്ര്യം തനിക്കെതിരെയും ഉപയോഗിക്കപ്പെടും എന്ന് തിരിച്ചറിയാതെ പോയതാണ് കട്ജുവിന്റെ പിന്‍വാങ്ങലിലേക്കെത്തിച്ചത്. സജീവമായും ക്രിയാത്മകമായും സാമൂഹിക മാധ്യമങ്ങളില്‍ ഇടപെടുന്നവര്‍ തന്നെ പിന്തുടരുന്നവരില്‍നിന്നും വരുന്ന അഭിപ്രായങ്ങള്‍ക്കും വില കല്‍പ്പിക്കേണ്ടതായിട്ടുണ്ട്. അതിന് അവരെ അനുവദിക്കേണ്ടതുമുണ്ട്. അല്ലാതെ താന്‍ പറയുന്നത് മുഴുവന്‍ സമൂഹം അംഗീകരിക്കണമെന്ന നയം ആരുടെ ഭാഗത്തുനിന്നായാലും ഇത്തരം ഇടപെടലുകള്‍ നിര്‍ത്തുകയല്ലാതെ വേറെ പോംവഴിയൊന്നുമില്ല.
സമൂഹത്തിലെ വിവിധ തലങ്ങളില്‍ പ്രവര്‍ത്തിക്കുന്നവരും വ്യത്യസ്ത മത-ആദര്‍ശങ്ങളില്‍ വിശ്വസിക്കുന്നവരും ഉള്‍ക്കൊള്ളുന്ന ഇത്തരം കൂട്ടായ്മയില്‍ അവരെ വേദനിപ്പിക്കുന്നതും സ്വന്തം ആദര്‍ശങ്ങള്‍ക്ക് പരുക്കേല്‍പ്പിക്കുന്നതുമായ പരാമര്‍ശങ്ങള്‍ വരുമ്പോള്‍ തീര്‍ച്ചയായും വൈകാരികമായി പ്രതികരിച്ചെന്നിരിക്കും. ഇതിനെ ശകാരിച്ചു, അധിക്ഷേപിച്ചു എന്നൊക്കെ പറയുന്നതിന് മുമ്പ് തന്റെ അഭിപ്രായപ്രകടനം മറ്റുള്ളവരെ വേദനിപ്പിച്ചോ എന്നും ചിന്തിക്കേണ്ടതുണ്ട്.
ദുരുപയോഗം നിയന്ത്രണത്തിലേക്ക്
‘വായില്‍ തോന്നുന്നത് കോതക്ക് പാട്ട്’ എന്നതാണ് സാമൂഹിക മാധ്യമങ്ങളിലെ നയം തന്നെ. ഈ സ്വാതന്ത്ര്യം പലരും ദുരുപയോഗപ്പെടുത്തുന്നു. ഏത് വിഷയത്തേയും വര്‍ഗീയമായും വംശീയമായും ചിത്രീകരിക്കുകയും അത് പ്രചരിപ്പിക്കുകയും ചെയ്യുകയാണ് പലരും. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് വക്കത്ത് ഒരു യുവാവിനെ പട്ടാപ്പകല്‍ നടുറോഡിലിട്ട് സംഘം ചേര്‍ന്ന് അടിച്ചുകൊന്നപ്പോള്‍ കൊല്ലപ്പെട്ടവന്റെയും കൊന്നവന്റെയും പേരുകള്‍ ചേര്‍ത്ത് അതിനെ വര്‍ഗീയമായി ചിത്രീകരിക്കാന്‍ സോഷ്യല്‍ മീഡിയയില്‍ ശ്രമിച്ചതായി കണ്ടു. പലരും പിന്നീട് തിരുത്തിയെങ്കിലും ‘കാള പെറ്റെന്ന് കേള്‍ക്കുമ്പോഴേക്കും കയറെടുക്കുന്ന’ ഇത്തരം ശ്രമങ്ങള്‍ ഉണ്ടാക്കുന്ന വിപത്തുകള്‍ ചെറുതല്ല. ഇത്തരം പ്രചാരണങ്ങള്‍ക്ക് പിറകെ വലിയ കലാപങ്ങള്‍ പലയിടത്തും ഉണ്ടായത് സമീപകാല സംഭവമാണ്.
കേവലം ലൈക്കിനും ഷെയറിനും വേണ്ടി സമൂഹത്തിലെ പല പ്രമുഖരേയും ‘കൊല്ലുന്ന’വരുടെ എണ്ണവും കൂടിവരികയാണ്. കഴിഞ്ഞവര്‍ഷം അവസാനമാണ് സിനിമാ താരങ്ങളായ മാമുക്കോയ, ജഗതി ശ്രീകുമാര്‍ എന്നിവര്‍ മരിച്ചതായുള്ള റിപ്പോര്‍ട്ടുകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്. വിശ്വാസ്യതക്കുവേണ്ടി പ്രമുഖ പത്രങ്ങളുടെയും ചാനലുകളുടെയും വാര്‍ത്തകളുടെ സ്‌ക്രീന്‍ ഷോട്ടുകളെടുത്ത് അത് എഡിറ്റ് ചെയ്ത് വാര്‍ത്തകള്‍ കെട്ടിച്ചമച്ച് പോസ്റ്റ് ചെയ്യുന്നവര്‍ തങ്ങള്‍ ചെയ്യുന്ന സാമൂഹിക ദ്രോഹത്തിന്റെ വ്യാപ്തി മനസ്സിലാക്കാത്തവരാണ്. ഈ ശ്രമങ്ങളെ അതേ അര്‍ഥത്തില്‍ കണ്ട് അത് ചവറ്റുകൊട്ടയിലേക്ക് വലിച്ചെറിയുകയെന്നല്ലാതെ സാമൂഹികമാധ്യമങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തുക എന്നത് തീര്‍ത്തും തെറ്റായ നടപടിയായിരിക്കും. മുഖ്യധാരാ മാധ്യമങ്ങള്‍ അവഗണിച്ച പലതും സജീവമായി നിലനിര്‍ത്താനും അത്തരം സംഭവങ്ങളില്‍ ജനപക്ഷത്തുനിന്നുള്ള തീരുമാനമെടുക്കാന്‍ അധികാരികളെ പ്രേരിപ്പിക്കാനും സാമൂഹിക മാധ്യമങ്ങളിലെ ഇടപെടലുകള്‍ കാരണമായിട്ടുണ്ടെന്നത് വര്‍ത്തമാനകാല ഇന്ത്യയില്‍ നമുക്ക് കാണാവുന്നതാണ്.
ഫേസ്ബുക്കും വാട്‌സ്ആപ്പും ഉപയോഗിച്ച് ലൈംഗിക അരാജകത്വം സൃഷ്ടിക്കുന്ന രീതിയില്‍ ബലാത്സംഗങ്ങളുടെ വീഡിയോ പ്രചരിപ്പിക്കുക, പെണ്‍വാണിഭങ്ങള്‍ക്ക് ഇത്തരം സൈറ്റുകള്‍ ഉപയോഗിക്കുക തുടങ്ങിയ ശ്രമങ്ങള്‍ സാമൂഹിക മാധ്യമങ്ങളെ നിയന്ത്രിക്കുന്നതിലേക്ക് എത്തിക്കും എന്നത് തീര്‍ച്ചയാണ്. വിദ്വേഷ-അശ്ലീല പ്രവര്‍ത്തനങ്ങളുടെ പേരില്‍ പ്രോസിക്യൂട്ട് ചെയ്യപ്പെടും എന്ന സ്ഥിതി വന്നാല്‍ തീര്‍ച്ചയായും ഓരോ നീക്കങ്ങളും സെന്‍സര്‍ ചെയ്യപ്പെടുകയും അത് ഈ സംവിധാനങ്ങളുടെ തന്നെ തകര്‍ച്ചക്ക് കാരണമാകുകയും ചെയ്യുമെന്നതാണ് ഇതിന്റെ പരിണിതഫലം.
സാമൂഹികമാധ്യമങ്ങളില്‍ ഇടപെടുന്നവര്‍ സ്വയം ബോധവാന്മാരാകുകയും നിയന്ത്രണങ്ങള്‍ പാലിക്കുകയും ചെയ്യുക എന്നതാണ് ഇതിനുള്ള ഏക പ്രതിവിധി. അല്ലാത്ത കാലത്തോളം ഇത്തരം ശ്രമങ്ങള്‍ ഇനിയും തുടരുകയും അത് സമൂഹങ്ങള്‍ക്കിടയില്‍ സ്പര്‍ധ വര്‍ധിപ്പിക്കുകയും ചെയ്യും. ഏതൊരു സാങ്കേതികവിദ്യയും സമൂഹത്തിന്റെ പുരോഗതിക്കും ഉയര്‍ച്ചക്കും ഉപയോഗിക്കുമ്പോള്‍ മാത്രമാണ് സാര്‍ഥമാകുന്നത്. അല്ലാതെ പുതിയ സംവിധാനങ്ങള്‍ ഉപയോഗിച്ച് മനുഷ്യര്‍ക്കിടയില്‍ സ്പര്‍ധ വളര്‍ത്തുക എന്നത് ലക്ഷ്യമാകാന്‍ പാടില്ല. കൂടുതല്‍ ഷെയറും ലൈക്കും കിട്ടുക എന്നതിലുപുരി ജനങ്ങള്‍ക്ക് ഉപകാരപ്പെടുക എന്നതിലേക്ക് സാമൂഹികമാധ്യമങ്ങളിലേ നിറസാന്നിധ്യങ്ങള്‍ മാറേണ്ടതുണ്ട്.
പോസ്റ്റ്: ധാര്‍മികരോഷം കൂടുതലുള്ളവര്‍ സര്‍വീസില്‍നിന്ന് രാജിവെച്ച് രാഷ്ട്രീയ പാര്‍ട്ടിയുണ്ടാക്കണം-ഡി ജി പി സെന്‍കുമാര്‍.
കമന്റ്: പറ്റുമെങ്കില്‍ കാസര്‍കോട്ടുനിന്ന് തിരുവനന്തപുരത്തേക്ക് ഒരു യാത്ര കൂടി സംഘടിപ്പിച്ചാല്‍ കേമമായേനെ.