Connect with us

International

സിറിയയിലേക്ക് സഊദി സൈന്യത്തെ അയക്കുന്നു

Published

|

Last Updated

റിയാദ്: ഇസില്‍ ഭീകരര്‍ക്കെതിരെ പോരാട്ടം ശക്തമാക്കുന്നതിനായി അമേരിക്കന്‍ സഖ്യസേന അംഗീകരിക്കുകയാണെങ്കില്‍ സിറിയയിലേക്ക് കരസേനയെ അയക്കാന്‍ സന്നദ്ധരാണെന്ന് സഊദി. 2014 സെപ്തംബര്‍ മുതല്‍ സിറിയയയില്‍ സഊദി വ്യോമസേന ആക്രമണം നടത്തുന്നുണ്ട്. സിറിയയിലെ വിമത സായുധ സേനയെ തുരത്താന്‍ കരസേനയുടെ സാന്നിധ്യം സഖ്യസേനക്ക് മുതല്‍കൂട്ടാകുമെന്നാണ് കരുതുന്നതെന്ന് സൈനിക വക്താവ് കഴിഞ്ഞ ദിവസം പറഞ്ഞു. കരയുദ്ധം ശക്തിപ്പെടുത്താന്‍ യു എസ് നേതൃത്വത്തിലുള്ള സഖ്യസേനയെ സഹായിക്കാന്‍ സഊദി സന്നദ്ധരാണെന്ന് ബ്രിഗേഡിയര്‍ ജനറല്‍ അഹമ്മദ് അസറി പറഞ്ഞു.

തങ്ങളുടെ സൈന്യത്തിന് യമനില്‍ പ്രവര്‍ത്തിച്ച പരിചയമുണ്ട്. ഇസില്‍ ഭീകരരെ തുരത്താന്‍ വ്യോമാക്രമണം മതിയാകില്ലെന്ന് അറിയാം. ഇതിനാല്‍ കരയുദ്ധം ആരംഭിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതേസമയം സിറിയയിലേക്ക് അയക്കുന്ന പട്ടാളക്കാരുടെ എണ്ണം അദ്ദേഹം വെളിപ്പെടുത്തിയില്ല. അടുത്ത ആഴ്ച ബ്രസല്‍സില്‍ അമേരിക്കയുടെ നേതൃത്വത്തില്‍ നടത്തുന്ന ഇസിലിനെതിരെ പോരാട്ടം നടത്തുന്ന രാജ്യങ്ങളിലെ പ്രതിരോധ മന്ത്രിമാരുടെ യോഗത്തില്‍ സഊദിയുടെ വാഗ്ദാനം ചര്‍ച്ച ചെയ്യും. സഊദിയുടെ പുതിയ നടപടി അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി ആശ്ട്ടന്‍ കാര്‍ട്ടര്‍ സ്വാഗതം ചെയ്തു. സഊദിയുടെ പാത പിന്‍തുടര്‍ന്ന് മറ്റ് രാജ്യങ്ങളും സൈന്യത്തെ അയക്കുകയാണെങ്കില്‍ ഇസിലിനെതിരെയുള്ള പോരാട്ടം കൂടുതല്‍ സുഗമമാകുമെന്നും അദ്ദേഹം പറഞ്ഞു. സഊദി വ്യോമസേനയും കരസേനയും നടത്തിയ സംയുക്ത ഓപ്പറേഷനിലൂടെ യമനിലെ ഹൂതി വിമതരെ തുരത്തിയിരുന്നു.