Connect with us

Malappuram

പാവങ്ങള്‍ക്ക് കരുണയുടെ സ്‌നേഹവിരുന്നൂട്ടി മജ്മഅ് വിദ്യാര്‍ഥികള്‍ മാതൃകയായി

Published

|

Last Updated

മൈലാടി കോളനിയിലെ ബദല്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കും ആദിവാസി കുടുംബങ്ങളിലേക്കും അരീക്കോട് മജ്മഅ് ഇംഗ്ലീഷ് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ ഭക്ഷണ വിഭവങ്ങള്‍ വിതരണം ചെയ്യുന്നു.

അരീക്കോട്: യാതനകളനുഭവിക്കുന്ന നിത്യരോഗികള്‍ക്കും അന്ധരും അഗതികളുമായ ആലംബഹീനര്‍ക്കും സ്‌നേഹ വിരുന്നൊരുക്കി അരീക്കോട് മജ്മഅ് വിദ്യാര്‍ഥികള്‍ മാതൃകയായി. മജ്മഅ് സ്ഥാപനങ്ങളുടെ മുപ്പതാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായിട്ടാണ് തെരട്ടമ്മല്‍ മജ്മഅ് ഇംഗ്ലീഷ് സ്‌കൂളിലെ വിദ്യാര്‍ഥികള്‍ പാവപ്പെട്ടവര്‍ക്ക് ഭക്ഷണ വിഭവങ്ങളും, ധനസഹായവുമെത്തിച്ച് കരുണക്കൊരു വേറിട്ട പാഠം പകര്‍ന്നത്. ഭക്ഷണ വിഭവങ്ങളും പണവും ശേഖരിച്ചാണ് വിദ്യാര്‍ഥികള്‍ വിവിധയിടങ്ങളില്‍ സഹായമെത്തിച്ചത്.

പാവങ്ങള്‍ക്ക് ഭക്ഷണം നല്‍കാന്‍ വിഭവങ്ങള്‍ കൊണ്ട് വരണമെന്ന് പറഞ്ഞപ്പോള്‍ തന്നെ കുട്ടികള്‍ ആവേശപൂര്‍വ്വം ഏറ്റെടുത്തു. സ്‌കൂളിലെ മുഴുവന്‍ വിദ്യാര്‍ഥികളും സദുദ്യമത്തില്‍ കരുണയുടെ കരം കോര്‍ത്തപ്പോള്‍ വിഭവങ്ങള്‍ വിചാരിച്ചതിലുമപ്പുറമായി. വീടുകളില്‍ നിന്ന് കൊണ്ട് വന്ന വിഭവങ്ങളില്‍ അരി, പഞ്ചസാര, നാളികേരം, പച്ചക്കറികള്‍ തുടങ്ങിയവയെല്ലാം വിഭവ സമാഹരണത്തെ സമൃദ്ധമാക്കി. വിഭവങ്ങള്‍ സ്‌കൂള്‍ ബസിലാക്കി അരീക്കോട് പ്രദേശത്തെ നിര്‍ദനരായവരെ തേടി സംഘം പുറപ്പെട്ടു. വിവിധയിടങ്ങളില്‍ വിദ്യാര്‍ഥികള്‍ നേരിട്ടെത്തി വിതരണം ചെയ്തു.

കിഴുപറമ്പ് കാഴ്ച്ചയില്ലാത്തവര്‍ക്കുള്ള അഗതി മന്ദിരത്തിലെ അന്തേവാസികള്‍ക്കും, മൈലാടി കോളനിയിലെ ബദല്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കും ആദിവാസി കുടുംബങ്ങളിലേക്കും, അരീക്കോട് ഗവ:ആശുത്രിയിലേക്ക് ഉച്ചഭക്ഷണം നല്‍കുന്ന “സാന്ത്വനം” ചാരിറ്റിയുടെ ഭാരവാഹികള്‍ക്കുമാണ് ഭക്ഷണ വിഭവങ്ങളും ധനസഹായവും വിതരണം ചെയ്തത്. അവരുടെ പ്രശ്‌നങ്ങള്‍ ചോദിച്ചറിഞ്ഞ് തുളുമ്പുന്ന സന്തോഷം മുഖങ്ങളില്‍ കാണാന്‍ സാധിച്ചപ്പോള്‍ എല്ലാവരുടെയും മനസ്സില്‍ നവാനുഭൂതിയുടെ കുളിര്‍മ നിറഞ്ഞു.

എത്രയോ തവണ നടന്നു നീങ്ങിയ വഴിയാണെങ്കിലും അവിടെയെല്ലാം കുറേ പാവങ്ങള്‍ വിഷാദ മുഖങ്ങളുമായി നമ്മെ നോക്കിയിരിപ്പുണ്ടെന്ന കരുണയുടെ ആദ്യ പാഠമായിരുന്നു വിഭവ സാമാഹരണം വിദ്യാര്‍ഥികള്‍ക്ക് പകര്‍ന്നത്. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സജീവ് എലാടത്ത് പരിപാടി ഉദ്ഘാടനം ചെയ്തു. സമൂഹത്തിന്റെ വേദന തിരിച്ചറിയുതാണ് വിദ്യാഭ്യാസത്തിന്റെ ആദ്യപാഠമെന്നും അത് തിരിച്ചറിഞ്ഞ് വിദ്യാര്‍ഥികള്‍ നടത്തുന്ന ഇത്തരം പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.വിതരണത്തിന് സ്‌കൂളിലെ സ്‌കൗട്ട് ജെ ആര്‍ സി വളണ്ടിയേഴ്‌സ് നേതൃത്വം നല്‍കി. അധ്യാപകരായ അലി വാവൂര്‍, റഈസ് കുരിക്കള്‍, സജില്‍, അബ്ദുറഹ്മാന്‍, സജ്‌ന, ജിഷ, സന്ദീപ് തുടങ്ങിയവര്‍ സംബന്ധിച്ചു.