പത്ത് ലക്ഷം സിറിയന്‍ കുരുന്നുകള്‍ക്ക് വിദ്യാവെളിച്ചം പകരാന്‍ ഖത്വര്‍

Posted on: February 5, 2016 6:46 pm | Last updated: February 5, 2016 at 6:46 pm
QUATAR
ലണ്ടനിലെ സിറിയന്‍ സമ്മേളനത്തില്‍ എത്തുന്ന ശൈഖ മൗസ

ദോഹ: ഒരു മില്യന്‍ സിറിയന്‍ അഭയാര്‍ഥി കുട്ടികള്‍ക്ക് പ്രാഥമിക വിദ്യാഭ്യാസം നല്‍കുമെന്ന് ശൈഖ മൗസ ബിന്‍ത് നാസര്‍ പ്രഖ്യാപിച്ചു. ലണ്ടനിലെ സിറിയന്‍ സമ്മേളനത്തിന്റെ ഭാഗമായി നടന്ന നൊ ലോസ്റ്റ് ജനറേഷന്‍ പരിപാടിയിലാണ് എജുക്കേഷന്‍ എബവ് ഓള്‍ ഫൗണ്ടേഷന്‍ (ഇ എ എ) ചെയര്‍പേഴ്‌സണും സ്ഥാപകയുമായ ശൈഖ മൗസ ഇക്കാര്യം പ്രഖ്യാപിച്ചത്. ഖത്വര്‍ വിദേശകാര്യമന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുര്‍റഹ്മാന്‍ അല്‍ താനിയും സന്നിഹിതനായിരുന്നു.
നിലവില്‍ സിറിയ, ജോര്‍ദാന്‍, ലെബനോന്‍ തുടങ്ങിയ രാഷ്ട്രങ്ങളില്‍ കഴിയുന്ന അഞ്ച് ലക്ഷം സിറിയന്‍ അഭയാര്‍ഥി കുട്ടികള്‍ക്ക് ഇപ്പോള്‍ പ്രാഥമിക വിദ്യാഭ്യാസം നല്‍കുന്നുണ്ട്. 2017ഓടെ ഇത് 11 ലക്ഷമാകും. അഭയാര്‍ഥി കുട്ടികള്‍ക്ക് വിവിധ ആവശ്യങ്ങളുണ്ട്. വ്യത്യസ്ത അവസ്ഥകളിലുമാണ് അവര്‍ കഴിയുന്നത്. അതിനാല്‍ തന്നെ ഔപചാരിക വിദ്യാഭ്യാസ സംവിധാനം പൂര്‍ണതോതില്‍ ലക്ഷ്യം കാണണമെന്നില്ല. ഔപചാരിക വിദ്യാഭ്യാസത്തിന് പഠിതാക്കളെ ആകര്‍ഷിക്കാന്‍ സാധിക്കാത്ത സാഹചര്യത്തില്‍ ബദല്‍ വിദ്യാഭ്യാസ പരിപാടികള്‍ക്ക് മുന്‍തൂക്കം നല്‍കിയാണ് ഇ എ എ പ്രവര്‍ത്തിക്കുന്നത്. പരിഹാരം കാണുന്നതും യോജിപ്പിക്കുന്നതും ദ്രുതഗതിയിലുള്ളതുമായ പദ്ധതികളാണ് ആവിഷ്‌കരിച്ചത്. അവര്‍ കൂട്ടിച്ചേര്‍ത്തു. അടുത്ത അക്കാദമിക് വര്‍ഷം അവസാനിക്കുമ്പോഴേക്കും എല്ലാ സിറിയന്‍ അഭയാര്‍ഥി കുട്ടികള്‍ക്കും മികച്ച വിദ്യാഭ്യാസം ഉറപ്പുവരുത്താനുള്ള യജ്ഞത്തില്‍ കൈകോര്‍ക്കാന്‍ സര്‍ക്കാറുകളും സഹകാരികളും എന്‍ ജി ഒകളും പരിപാടിയില്‍ തീരുമാനിച്ചിട്ടുണ്ട്. സിറിയന്‍ പ്രതിസന്ധി കാരണം 30 ലക്ഷം കുട്ടികളുടെ സ്‌കൂള്‍ വിദ്യാഭ്യാസം നഷ്ടപ്പെട്ടിട്ടുണ്ട്. വിവിധ രാഷ്ട്രങ്ങളിലെ വിദ്യാഭ്യാസ മന്ത്രിമാരും വിചക്ഷണരും സാമൂഹിക പ്രവര്‍ത്തകരും പരിപാടിയില്‍ സംബന്ധിച്ചു.