ഡി എച്ച് എ അര്‍ബുദ ദിനം ആചരിച്ചു

Posted on: February 5, 2016 3:01 pm | Last updated: February 5, 2016 at 3:01 pm
SHARE

ദുബൈ: ദുബൈ ഹെല്‍ത് അതോറിറ്റി സ്മാര്‍ട് ക്ലിനിക് അര്‍ബുദ ദിനം ആചരിച്ചു. നേരത്തെ രോഗനിര്‍ണയ പരിശോധനകള്‍ നടത്തേണ്ടതിന്റെയും രോഗബാധിതര്‍ വിദഗ്ധ ചികിത്സ തേടേണ്ടതിന്റെയും പ്രാധാന്യം ചടങ്ങില്‍ സംബന്ധിച്ചവര്‍ ഊന്നിപ്പറഞ്ഞു.
അടുത്ത 50 വര്‍ഷത്തില്‍ മാനവ സമൂഹം നേരിടാനിരിക്കുന്ന ഏറ്റവും വലിയ ഭീഷണി അര്‍ബുദമായിരിക്കുമെന്നു വേള്‍ഡ് എക്കണോമിക് ഫോറം മുന്നറിയിപ്പ് നല്‍കിയത് ചടങ്ങില്‍ അനുസ്മരിച്ചു. അടുത്ത 20 വര്‍ഷത്തിനുള്ളില്‍ ക്യാന്‍സര്‍ രോഗ ബാധിതരില്‍ 70 ശതമാനത്തിന്റെ വര്‍ധനവിനിടയുണ്ടെന്ന ഫോറത്തിന്റെ മുന്നറിയിപ്പ് ഗൗരവമായെടുക്കണമെന്നും ചടങ്ങ് പൊതുജനങ്ങളെ ഓര്‍മിപ്പിച്ചു.
ആശുപത്രികളിലെത്തുന്ന ക്യാന്‍സര്‍ രോഗികളില്‍ 60 ശതമാനവും രോഗം മൂര്‍ഛിച്ചതിനുശേഷമാണ് പരിശോധനക്കെത്തുന്നത്. അധികൃതരുടെ ഭാഗത്തുനിന്ന് നിരന്തരം ബോധവത്കരണ ശ്രമങ്ങള്‍ നടക്കുന്നുണ്ടെങ്കിലും നേരത്തെയുള്ള പരിശോധനകള്‍ക്ക് വിധേയരാകാത്തതാണ് ഈ അപകടാവസ്ഥക്ക് കാരണമെന്ന് ദുബൈ ഹോസ്പിറ്റലിലെ ക്യാന്‍സര്‍രോഗ വിദഗ്ധ ഡോ. ഡാലിയ ചൂണ്ടിക്കാട്ടി. ആശുപത്രിയില്‍ പരിശോധനക്കെത്തുന്ന കേസുകളില്‍ 35 ശതമാനവും സ്തനാര്‍ബുദക്കാരാണ്. ഇവരിലധികവും രോഗം ഏറെക്കുറെ അപകടാവസ്ഥയിലെത്തിയവരുമാണ്, ഡോ. ഡാലിയ വ്യക്തമാക്കി. നേരത്തെയും നിരന്തരവുമുള്ള പരിശോധനകളിലൂടെ മാത്രമേ രോഗനിര്‍ണയം സാധ്യമാവുകയുള്ളു. ഇത്തരം പരിശോധനകള്‍ക്ക് വിധേയരാകുന്ന യൂറോപ്യന്‍ രാജ്യങ്ങളില്‍ 15 വയസു മുതല്‍ തന്നെ രോഗനിര്‍ണയം സാധ്യമാവുന്നുണ്ട്. പരിശോധനകള്‍ക്ക് നേരത്തെ വിധേയരാകാത്ത നമ്മുടെ രാജ്യത്തെ സ്തനാര്‍ബുദ രോഗികളുടെ പ്രായം 45.55 വയസ്സാണെന്നും ഡോ. ഡാലിയ കൂട്ടിച്ചേര്‍ത്തു.

LEAVE A REPLY

Please enter your comment!
Please enter your name here