പ്രിയദര്‍ശിനി ടീ എസ്റ്റേറ്റിന് 2.30 കോടി രൂപ അനുവദിച്ചതായി മന്ത്രി

Posted on: February 5, 2016 2:22 pm | Last updated: February 5, 2016 at 2:22 pm

മാനന്തവാടി: പട്ടികവര്‍ഗക്കാരുടെ പുനരധിവാസ കേന്ദ്രമായ പഞ്ചാരക്കൊല്ലി പ്രിയദര്‍ശിനി ടീ എസ്റ്റേറ്റിന് പട്ടികവര്‍ഗ വികസന വകുപ്പില്‍നിന്ന് 2.30 കോടി രൂപ അനുവദിച്ചതായി വകുപ്പ് മന്ത്രി പി.കെ. ജയലക്ഷ്മി അറിയിച്ചു.
ചായത്തോട്ടം വികസിപ്പിക്കുന്നതിന് 75 ലക്ഷം രൂപയും വീടുകളുടെ നിര്‍മ്മാണത്തിനായി 155 ലക്ഷം രൂപയുമാണ് അനുവദിച്ചിട്ടുള്ളത്. പ്രിയദര്‍ശിനി ടീ എസ്റ്റേറ്റിന് ഇതുവരെ 6 കോടി രൂപയുടെ സാമ്പത്തിക സഹായം യു.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം നല്‍കിയിട്ടുണ്ടെന്ന് മന്ത്രി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. കുരുമുളക് പ്ലാന്റിംഗിന് 3 ലക്ഷം രൂപയും ഫെന്‍സിംഗ് നിര്‍മ്മാണത്തിന് 6 ലക്ഷം രൂപയും ഹെല്‍ത്ത് സെന്റര്‍ നിര്‍മ്മാണത്തിന് 5 ലക്ഷം രൂപയും ഓഫീസ് കമ്പ്യൂട്ടര്‍വല്‍ക്കരണത്തിന് 4 ലക്ഷം രൂപയും 2012ല്‍ നല്‍കിയിരുന്നു. അടച്ചിട്ട ഫാക്ടറി തുറക്കുന്നതിന് 2012 ആഗസ്റ്റ് മാസം 1.14 കോടി രൂപയും അനുവദിച്ചു. ഓഫീസ് കെട്ടിട നിര്‍മ്മാണത്തിന് 13 ലക്ഷം രൂപയും പ്ലാന്റേഷന്‍ പ്രവര്‍ത്തനങ്ങള്‍ക്കായി 12 ലക്ഷം രൂപയും 2013ല്‍ അനുവദിച്ചു.
ഫാക്ടറി തുറന്നു പ്രവര്‍ത്തനം ആരംഭിച്ചപ്പോള്‍ 90 ലക്ഷത്തിന്റെ സാമ്പത്തിക സഹായവും സംസ്ഥാന സര്‍ക്കാര്‍ നല്‍കി. 2015ല്‍ ഫാക്ടറിയുടെ പ്രവര്‍ത്തന മൂലധനമായി 1.31 കോടി രൂപയും പാക്കിംഗ് മെഷീന്‍ വാങ്ങുന്നതിനായി 6 ലക്ഷം രൂപയും സര്‍ക്കാര്‍ അനുവദിച്ചു. 2.30 കോടി രൂപയുടെ സാമ്പത്തിക സഹായം കൂടി ലഭിക്കുന്നതോടെ പ്രിയദര്‍ശിനി ടീ എസ്റ്റേറ്റിന്റെ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് സഹായകരമാകും.മാനന്തവാടി സബ് കളക്ടര്‍ ശീറാം സാംബശിവ റാവുവിന്റെ നേതൃത്വത്തില്‍ ഇവിടെ തൊഴിലാളികളുടെ ക്ഷേമത്തിനും എസ്‌റ്റേറ്റിന്റെ വികസനത്തിനുമായി വിവിധ പദ്ധതികള്‍ ആവിഷ്‌ക്കരിച്ച് നടപ്പാക്കിവരുന്നുണ്ട്. സംസ്ഥാന ടൂറിസം വകുപ്പിന്റെ സഹകരണത്തോടെ ഫാം ടൂറിസവും വളരെ നല്ല രീതിയില്‍ പ്രിയദര്‍ശിനിയില്‍ നടന്നുവരുന്നു.