കുന്ദമംഗലത്ത് കാല്‍നടയാത്രക്കാരെ കുരുക്കാന്‍ കേബിളുകള്‍

Posted on: February 5, 2016 2:21 pm | Last updated: February 5, 2016 at 2:21 pm
SHARE

കുന്ദമംഗലം: ഫുട്പാത്തിലൂടെ നടക്കുന്നവരുടെ ശ്രദ്ധതെറ്റിയാല്‍ കഴുത്തില്‍ കേബിള്‍ വയറുകള്‍ കുടുങ്ങും. ടാക്‌സി സ്റ്റാന്‍ഡിന് എതിര്‍വശത്തും മുക്കം റോഡ് ജംഗ്ഷന് സമീപവും പെരിങ്ങോളം റോഡ് ജംഗ്ഷന് എതിര്‍വശത്തും യു പി സ്‌കൂളിനടുത്തുമായി പല ഭാഗത്തും കേബിള്‍ വയറുകള്‍ താഴ്ന്നുകിടക്കുന്നത് കാല്‍നടക്കാര്‍ക്ക് ദുരിതമാകുകയാണ്. ചില ഭാഗങ്ങളില്‍ വൃത്താകൃതിയില്‍ കുടുങ്ങിക്കിടക്കുകയാണ് സ്വകാര്യ കമ്പനികളുടെ കേബിളുകള്‍. തിരക്കുപിടിച്ച ഓട്ടത്തിനിടയില്‍ കേബിള്‍ വയറുകള്‍ ശ്രദ്ധയില്‍പ്പെട്ടില്ലെങ്കില്‍ ഇതിനുള്ളില്‍ കുടുങ്ങും.
ടാക്‌സി സ്റ്റാന്‍ഡിന് എതിര്‍വശത്തുള്ള പഴയ ടെലിഫോണ്‍ പോസ്റ്റിന് മുകളിലുള്ള കേബിള്‍ ലൈനുകള്‍ താഴ്ന്ന് കൂട്ടികെട്ടിയിട്ട നിലയിലാണ്. വീഴാറായ ടെലിഫോണ്‍ പോസ്റ്റിന് മുകളിലെ ബോക്‌സ് ഫുട്പാത്തിലേക്ക് തള്ളിനില്‍ക്കുന്ന നിലയിലുമാണ്. താഴ്ന്നുകിടക്കുന്ന കേബിള്‍ വയറുകള്‍ വഴിയാത്രക്കാര്‍ക്ക് പ്രയാസമുണ്ടാക്കിയിട്ടും ഉയര്‍ത്തിക്കെട്ടാന്‍ നടപടിയെടുക്കുന്നില്ലെന്ന് നാട്ടുകാര്‍ പറയുന്നു.