ക്ലിഫ് ഹൗസിലേക്ക് സരിത വിളിച്ചത് 50ലേറെ തവണ: പോലീസ് അസോസിയേഷന് നല്‍കിയത് 20 ലക്ഷം

Posted on: February 5, 2016 2:11 pm | Last updated: February 5, 2016 at 9:45 pm

 

sarithaകൊച്ചി: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലേക്ക് സരിത എസ് നായര്‍ നിരന്തരം ഫോണ്‍ വിളിച്ചതിന്റെ രേഖകള്‍ സോളാര്‍ കമ്മീഷന് മുന്നില്‍ അഭിഭാഷകന്‍ ഹാജരാക്കി.

സരിതയുടെ ഒരു നമ്പറില്‍ നിന്നും 50ലധികം തവണ മുഖ്യമന്ത്രിയുടെ വീട്ടിലേക്ക് വിളിച്ചിട്ടുണ്ട്. രണ്ടാമത്തെ ഫോണില്‍ നിന്ന് വിളിച്ചത് 42 തവണയാണ്. മൂന്നാമത്തെ ഫോണില്‍ നിന്നും 38 തവണ വിളിച്ചു. മുഖ്യമന്ത്രിയുടെ വീട്ടില്‍ നിന്നും തിരിച്ചും നിരവധി തവണ വിളിച്ചതായും രേഖകളുണ്ട്. സമര്‍പ്പിച്ച രേഖകളിലെ അത്രയും തവണ വിളിച്ചോ എന്ന കമ്മീഷന്റെ അഭിഭാഷകന്റെ ചോദ്യത്തിന് വിളിച്ചതാണെന്ന് സരിത മൊഴി നല്‍കി.

മുഖ്യമന്ത്രിയുടെ വസതിയിലേക്ക് വിളിച്ചത് 92 ല്‍ അധികം തവണ
പിസി വിഷ്ണുനാഥ് എംഎല്‍എ സരിതയെ ഒരു നമ്പറില്‍ നിന്ന് 175 തവണയും
രണ്ടാമത്തെ ഫോണില്‍ നിന്നും 12 തവണയുമാണ് വിളിച്ചത്.
മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ 13 തവണയും മന്ത്രി ആര്യാടനെ വിളിച്ചത 81 തവണയുമാണ്
ജോപ്പനെ 1000ലധികവും, മുഖ്യമന്ത്രിയുടെ മുന്‍ പേഴ്‌സണല്‍ സ്റ്റാഫ് ജിക്കുവിനെ 475 തവണയും തോമസ് കുരുവിളയെ 140 തവണയും വിളിച്ചു. അബ്ദുള്ളക്കുട്ടി 23തവണ
കമ്മീഷന്‍ അഭിഭാഷകന്റെ രേഖകള്‍ ശരിയാണെന്ന് സരിത മൊഴി നല്‍കിയിട്ടുണ്ട്. 2012 -2013 കാലഘട്ടത്തിലെ ഫോണ്‍ രേഖകളാണ് കമ്മീഷന്‍ അഭിഭാഷകന്‍ ഹാജരാക്കിയത്.

സോളാര്‍ ബിസിനസ് നടത്തിപ്പുമായി ബന്ധപ്പെട്ട് തനിക്ക് അനുഭവിക്കേണ്ടിവന്ന ലൈംഗിക ചൂഷണങ്ങളെക്കുറിച്ചുള്ളതും അട്ടക്കുളങ്ങര ജയിലില്‍ വച്ചെഴുതിയ കത്തിലെ ഉള്ളടക്കവും മറ്റ് രേഖകളും സരിത എസ് നായര്‍ സോളാര്‍ കമ്മീഷന് കൈമാറി. മുദ്രവച്ച കവറിലാണ് കത്ത് കൈമാറിയത്. ഡിജിറ്റല്‍ തെളിവുകള്‍ നാളെ കൈമാറുമെന്ന് സരിത കമ്മീഷനെ അറിയിച്ചു.

അതേസമയം പൊലീസ് അസോസിയേഷന് 20 ലക്ഷം രൂപ നല്‍കിയതായി സരിത കമ്മീഷനില്‍ മൊഴി നല്‍കി. പദ്ധതിയില്‍ എഡിജിപി ശങ്കര്‍ റെഡ്ഡിക്കും പങ്കുണ്ടെന്നും എല്ലാ സ്‌റ്റേഷനുകളിലും സോളാര്‍ പാനല്‍ സ്ഥാപിക്കാന്‍ പ്രേമേയം പാസാക്കിയതിനു ശേഷം 2013 മാര്‍ച്ചില്‍ അസോസിയേഷന്‍ സെക്രട്ടറി ജിആര്‍ അജിത്തിനാണ് പണം കൈമാറിയതെന്നും സരിത മൊഴി നല്‍കി. ഉപകാരസ്മരണയായി സ്മരണികയില്‍ ടീം സോളറിന്റെ പേരില്‍ പരസ്യം ഉണ്ടായിരിക്കുമെന്നായിരുന്നു വാഗ്ദാനം. എന്നാല്‍ അറസ്റ്റിലായതിനെത്തുടര്‍ന്ന് ഒരു അഭ്യുദയകാംഷി എന്ന നിലയിലാണ് സ്മരണികയില്‍ വന്നത്. ഫെനി ബാലകൃഷ്ണന്‍ മുഖാന്തരമാണ് അസോസിയേഷന്‍ ഭാരവാഹികള്‍ തുക ചോദിച്ചതെന്നും സരിത മൊഴി നല്‍കി.

നേരത്തേ എഴുതിയ കത്തിലുണ്ടായിരുന്ന എല്ലാ വിവരങ്ങളും കമ്മീഷന് കൈമാറിയ രേഖയിലുണ്ടെന്ന് സരിത വ്യക്തമാക്കി.

വിവരങ്ങള്‍ രഹസ്യമൊഴിയായി മുദ്രവച്ച കവറില്‍ സോളാര്‍ കമീഷന് കൈമാറുമെന്ന് സരിത എസ് നായര്‍ കഴിഞ്ഞ ദിവസം കമ്മീഷനെ അറിയിച്ചിരുന്നു. മുദ്രവച്ച കവറില്‍ നല്‍കുന്ന മൊഴിയുടെ രഹസ്യസ്വഭാവം നിലനിര്‍ത്തുമെന്നും അതിലെ ആരോപണവിധേയരെ അക്കാര്യങ്ങള്‍ മാത്രം അറിയിക്കുമെന്നും കമ്മീഷന്‍ അറിയിച്ചിരുന്നു.

സ്വകാര്യതയെ ബാധിക്കുന്ന വിഷയമായതിനാലും തുറന്ന കോടതിയില്‍ ചര്‍ച്ചായോഗ്യമല്ലാത്തതിനാലും ജയിലില്‍വച്ച് താനെഴുതിയ കത്ത് പരസ്യമായി വെളിപ്പെടുത്താന്‍ ബുദ്ധിമുട്ടുണ്ട്. ഇതുസംബന്ധിച്ച മൊഴി കമീഷന്‍ ആവശ്യപ്പെട്ടാല്‍ രഹസ്യമായി നല്‍കാം. സരിത മുദ്രവച്ച കവറില്‍ നല്‍കുന്ന മൊഴിയുടെ രഹസ്യസ്വഭാവം നിലനിര്‍ത്തുമെന്നും അതിലെ ആരോപണവിധേയരെ അക്കാര്യങ്ങള്‍ മാത്രം അറിയിക്കുമെന്നും കമ്മീഷന്‍ അറിയിച്ചിരുന്നു.