വിമാനത്താവള വികസനം; നിലപാട് മാറ്റാതെ സമര സമിതി

Posted on: February 5, 2016 12:08 pm | Last updated: February 5, 2016 at 12:08 pm
SHARE

കൊണ്ടോട്ടി: കരിപ്പൂര്‍ വിമാനത്താവള വികസനത്തിന് ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് ഡെപ്യൂട്ടി കലക്ടര്‍ വിളിച്ചു ചേര്‍ത്ത ചര്‍ച്ച യോഗത്തില്‍ ഉറച്ച നിലപാടുമായി സമരസമിതി. ഇതേ തുടര്‍ന്ന് യോഗം തീരുമാനങ്ങളൊന്നും കൈകൊള്ളാനാകാതെ പിരിഞ്ഞു.
കരിപ്പൂര്‍ വിമാനത്താവളത്തിനടുത്തെ സ്പഷല്‍ തഹസില്‍ദാറുടെ ലാന്റ് അക്വിസിഷന്‍ ഓഫീസിലാണ് സമരസമിതിയും ഡെപ്യൂട്ടി കലക്ടറും തമ്മില്‍ ചര്‍ച്ച നടത്തിയത്.
പുനരധിവാസത്തിനുള്ള സ്ഥലങ്ങളെക്കുറിച്ച് ഏകദേശ ധാരണയായതിന്റെ അടിസ്ഥാനത്തില്‍ ഇത് കാണാന്‍ ഇരകള്‍ തയ്യാറാവണമെന്ന് കലക്ടര്‍ സമരക്കാരോട് നിര്‍ദേശിച്ചു. ഏറ്റെടുക്കാനുദ്ദേശിക്കുന്ന സ്ഥലം സന്ദര്‍ശിക്കാന്‍ ഉദ്യോഗസ്ഥരെ അനുവദിക്കണമെന്നുമായിരുന്നു ചര്‍ച്ചയിലെ പ്രധാന ആവശ്യം. ലാന്റ് റവന്യൂ കമ്മീഷണറുടെ നിര്‍ദ്ദേശപ്രകാരമാണ് യോഗം വിളിച്ചു ചേര്‍ത്തത്.
സ്ഥലം വിട്ടുനല്‍കാന്‍ ആരും തയ്യാറല്ലാത്തതിനാല്‍ പുനരധിവാസ ചര്‍ച്ചക്ക് പ്രസക്തിയില്ലെന്നും സമാധാന സമരമാണ് ഇപ്പോള്‍ നടക്കുന്നതെന്നും സമാധാന സമരത്തെ സമിതിയുടെ ബലഹീനതയായി കാണരുതെന്നും നേതാക്കള്‍ പറഞ്ഞു. കാലങ്ങളായി പരിസരവാസികളെ അധികാരികള്‍ പീഡിപ്പിക്കുകയാണ്. ആനക്കയം, വണ്ടൂര്‍, പരപ്പനങ്ങാടി എന്നിവിടങ്ങളിലെ ഭൂമിക്കച്ചവടക്കാര്‍ക്ക് ഇവിടെ ഭൂമിയിയുണ്ട്. ഇവരാണ് ഭൂമി വിട്ടു നല്‍കാന്‍ താല്‍പ്പര്യം കാണിക്കുന്നത്. നേരത്തെ ഏറ്റെടുത്ത സ്ഥലം ഇപ്പോഴും ഉപയോഗശൂന്യമായി കിടക്കുകയാണ്.
ഇത് ഉപയോഗപ്പെടുത്താതെ വീണ്ടും ഭൂമി ആവശ്യപ്പെടുന്നതിന് പിന്നില്‍ ഗൂഢ ലക്ഷ്യങ്ങളാണെന്നും സമരസമിതി നേതാക്കള്‍ പറഞ്ഞു.
ഡെപ്യൂട്ടി കലക്ടര്‍ അബ്ദുല്‍ റശീദ്, സ്പഷല്‍ തഹസില്‍ദാര്‍ രതി, വാല്യുവേഷന്‍ അസിസ്റ്റന്റ് മാരായ സുബ്രഹ്മണ്യന്‍, അബ്ദുല്‍ ഹക്കീം എന്നിവര്‍ സര്‍ക്കാറിന്റ ഭാഗത്തു നിന്നും സമരസമിതി നേതാക്കളായ ചുക്കാന്‍ ബിച്ചു, ജാസിര്‍, മൂസക്കുട്ടി, അബ്ദുറഹിമാന്‍ ചിറയില്‍, നൗശാദ് മേലങ്ങാടി തുടങ്ങി നിരവധി പേര്‍ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here