കരിപ്പൂരില്‍ പക്ഷി ഭീഷണിക്ക് അറുതിയില്ല

Posted on: February 5, 2016 12:07 pm | Last updated: February 5, 2016 at 12:07 pm
SHARE

കൊണ്ടോട്ടി: പക്ഷികളുടെയും കാട്ടു ജന്തുക്കളുടെയും നിരന്തര ഭീഷണി നേരിടുന്ന കരിപ്പൂര്‍ വിമാനത്താവളത്തിന് പുതിയ വെല്ലുവിളിയായി മീന്‍ ലോറിത്താവളവും. വിമാനം ഇറങ്ങാനും ഉയരാനും ഉപയോഗിക്കുന്ന റണ്‍വേയുടെ കിഴക്കെ അറ്റത്തോട് ചേര്‍ന്നു നില്‍കുന്ന സ്വകാര്യ വ്യക്തിയുടെ പറമ്പിലാണ് മീന്‍ ലോറിത്താവളം പ്രവര്‍ത്തിക്കുന്നത്.
വിവിധ സംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന ലോറികളും ഗുഡ് സ് ലോറികളും മീന്‍ പെട്ടികള്‍ കയറ്റുന്നതും ഇവിടെ നിന്നാണ്. സ്ഥലത്ത് മീന്‍ അവശിഷ്ടങ്ങള്‍ തിന്നുന്നതിന് പക്ഷികളും നായ്ക്കളുടെയും ആധിക്യമാണ്. പന വെരുക്, കുറുക്കന്‍ തുടങ്ങിയ ജീവികള്‍ രാത്രികാലങ്ങളില്‍ കൂട്ടമായെത്തുന്നത് സമീപ വീടുകളിലുള്ളവര്‍ക്കും പ്രയാസം സൃഷ്ടിക്കുകയാണ്. രാത്രിയാകും മുമ്പു തന്നെ ഈ ജീവികള്‍ കോഴികളെ കൊന്നു തിന്നുന്നു. പക്ഷി, ജന്തു ഭീഷണികള്‍ കരിപ്പൂരില്‍ സുരക്ഷാ യാത്രക്ക് എന്നും ഭീഷണി തന്നെയാണ്. വിമാനം വരുന്നതിനും പോകുന്നതിനും മുമ്പ് ഗുണ്ടിന് തീ കൊടുത്തു ആകാശത്തേക്കെറിഞ്ഞ് പൊട്ടിച്ച് പക്ഷികളെ അകറ്റിയതിനു ശേഷമാണ് വിമാനങ്ങള്‍ക്ക് സുഗമമായ യാത്ര ഒരുക്കുന്നത്.
ഗുണ്ടു പൊട്ടിക്കാതെ ഇവിടെ വിമാന സര്‍വീസില്ല. ഇതിനു ജീവനക്കാരെയും നിയോഗിച്ചിട്ടുണ്ട്. ഒരു വര്‍ഷം മുമ്പ് പനവെരുക് വിമാനത്തിന്റെ ഫാനിനുള്ളില്‍ കുടുങ്ങി എയര്‍ ഇന്ത്യയുടെ ഷാര്‍ജ വിമാനം വന്‍ ദുരന്തത്തില്‍ നിന്നും ഭാഗ്യം കൊണ്ടു രക്ഷപ്പെട്ടു. പറന്നുയര്‍ന്ന ശേഷം ആകാശത്ത് വെച്ച് സാങ്കേതിക തകരാര്‍ ഉണ്ടായതിനെ തുടര്‍ന്ന് വിമാനം തിരിച്ചിറക്കുകയായിരുന്നു. കോടികളാണ് അന്ന് വിമാനത്തിന്റെ സാങ്കേതിക തകരാര്‍ തീര്‍ക്കുന്നതിന് ചെലവായത്.
ഒരു മാസം മുമ്പ് ഖത്തര്‍ എയര്‍ വേയസ് വിമാനവും പക്ഷി ഇടിച്ചത് കാരണം അപകടത്തില്‍പെട്ടു. വിമാനത്തിന്റെ ഫാനിന്റെ മൂന്ന് ലീഫുകള്‍ ഒടിഞ്ഞു തകര്‍ന്നു. അന്നും കോടികളാണ് കേടുപാടുകളാണ് തീര്‍ക്കാന്‍ ചെലവായത്. റണ്‍വേക്ക് സമീപം പല ഭാഗങ്ങളിലായി മീന്‍ പെട്ടികളുടെ ഷെഡുകള്‍ സ്ഥാപിച്ചിട്ടുണ്ട്. റണ്‍വേക്ക് 200 മീറ്റര്‍ അകലെ തറയിട്ടാലില്‍ പുതുതായി ആരംഭിച്ച മീന്‍ മൊത്ത വിതരണ കേന്ദ്രവും കരിപ്പൂരിലെവ്യോമഗതാഗതത്തിന് പുതിയ ഭീഷണിയാണ്.