Connect with us

Ongoing News

നാഗ്ജി ഫുട്‌ബോള്‍: ഇന്ന് ബ്രസീല്‍ - ഇംഗ്ലണ്ട്

Published

|

Last Updated

കോഴിക്കോട്: കോര്‍പറേഷന്‍ സ്റ്റേഡിയത്തിലെ പുല്‍തകിടില്‍ ഇന്ന് വൈകിട്ട് ഏഴിന് പന്തുരുളും; ചരിത്ര തിരുച്ചുവരവിന്റെ നേര്‍ സാക്ഷ്യത്തിലേക്ക്. കാല്‍പന്ത് കളിയെ പ്രാണവായു പോലെ കരുതുന്ന മലബാര്‍ ജനത സ്റ്റേഡിയത്തിലേക്ക് ഒഴുകും. ലോക ഫുടബോളിലെ മഹാരഥന്‍മാരുടെ നാട്ടില്‍ നിന്ന് വരുന്നവരുടെ മിന്നലാട്ടം നേരിട്ട് കാണാന്‍. ലോകഫുടബോളില്‍ ഇന്ത്യയുടെ സ്ഥാനം ആദ്യ നൂറില്‍ പോലുമില്ലെങ്കിലും കോഴിക്കോട്ടുകാരുടെ മനസില്‍ ഫുട്‌ബോളിന്റെ സ്ഥാനം ഒന്നാമതാണ്. ഓരോ ലോകകപ്പ് ഫുട്‌ബോള്‍ വരുമ്പോഴും ഈ കളി ഭ്രാന്ത് ലോകമറിയാറുണ്ട്. 21 വര്‍ഷം മുമ്പ് വരെ മലബാറുകാര്‍ ലോകകപ്പ് ഫുട്‌ബോള്‍ പോലെ കരുതിയിരുന്ന നാഗ്ജി ടൂര്‍ണമെന്റിന് ഇന്ന് വീണ്ടും വിസില്‍ മുഴങ്ങുമ്പോള്‍ വലിയ ആരവങ്ങള്‍ക്കാകും സ്റ്റേഡിയം സാക്ഷ്യം വഹിക്കുക.
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ പത്താം സ്ഥാനത്തുള്ള വാട്്‌ഫോഡ് എഫ് സിയുടെ യൂത്ത് ടീമും ബ്രസീലിയന്‍ കരുത്തരായ ക്ലബ് അത്‌ലറ്റിക്കോ പരാനെന്‍സിന്റെ യുവനിരയും തമ്മിലാണ് നാഗ്ജി ഇന്റര്‍നാഷണല്‍ ക്ലബ്ബ് ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിലെ ആദ്യ മത്സരം.
ലാറ്റിനമേരിക്കയുടെയും യൂറോപ്പിന്റെയും കാല്‍പന്ത് കളിയിലെ വശ്യ സൗന്ദര്യം ആവാഹിച്ച് ഇരു ടീമും മുഖാമുഖം വരുമ്പോള്‍ ശരിക്കും അതൊരു ബ്രസീല്‍ – ഇംഗ്ലണ്ട് മത്സരം പോലെയാകും.
മുന്‍ ലിവര്‍പൂള്‍ താരവും 2006 ലോകകപ്പില്‍ ആസ്‌ത്രേലിയയെ നോക്കൗട്ട് ഘട്ടത്തിലെത്തിച്ച ഹാരിക്യൂവലിന്റെ ശിക്ഷണത്തിലാണ് ഇംഗ്ലണ്ട് ക്ലബ് ടീം ഇറങ്ങുന്നത്. അതേസമയം മാര്‍സലോ പരിശീലിക്കുന്ന ബ്രസീല്‍ ടീമില്‍ ഏത് പ്രതിരോധ കോട്ടകളും നിലംപരിശാക്കാന്‍ കഴിവുള്ള 17കാരന്‍ ബ്രൂണോ, മിഡ്ഫീല്‍ഡര്‍ ഓസ്‌കാര്‍ സെക്യൂറ എന്നിവരാണ് ശ്രദ്ധേയ താരങ്ങള്‍. ഗോളി ലൂക്കാസ് മക്കാനയാണ് ടീം ക്യാപ്റ്റന്‍.
ഇന്ത്യയില്‍ നിന്നും ഒരു ടീമും ഇല്ലാതെ യൂറോപ്യന്‍, ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള എട്ട് ക്ലബുകളെ ഉള്‍പ്പെടുത്തിയാണ് ചാമ്പ്യന്‍ഷിപ്പ്. രണ്ട് ഗ്രൂപ്പുകളായി നടക്കുന്ന മത്സരത്തിന്റെ പ്രാഥമിക റൗണ്ട് മത്സരങ്ങള്‍ ഈ മാസം 16വരെ നീണ്ടുനില്‍ക്കും. 18, 19 തീയ്യതികളില്‍ സെമി ഫൈനല്‍ മത്സരങ്ങളും 21ന് ഫൈനലും നടക്കും.
മത്സരം വീക്ഷിക്കുന്നതിനായി 40000 കാണികള്‍വരെ സ്റ്റേഡിയത്തിലേക്ക് ഒഴുകിയെത്തുമെന്നാണ് സംഘാടകര്‍ പ്രതീക്ഷിക്കുന്നത്. ഇന്ത്യയില്‍ നിന്ന് ഒരും ടീമും ഇല്ലെങ്കിലും മലബാറില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള അര്‍ജന്റീനയില്‍ നിന്നും ബ്രസീലില്‍ നിന്നമുള്ള ക്ലബ്ബുകള്‍ ചാമ്പ്യന്‍ഷിപ്പിലുള്ളത് സംഘാടകര്‍ക്ക് പ്രതീക്ഷയേറ്റുന്നതാണ്. ഫിഫയുടെ മാനദണ്ഡങ്ങള്‍ അനുസരിച്ചുള്ള സൗകര്യങ്ങളാണ് സ്റ്റേഡിയത്തില്‍ ഒരുക്കിയിരിക്കുന്നത്. രണ്ടായിരം ലക്ഷം വാട്ട് വെളിച്ചം പകരുന്ന ഫഌഡ്‌ലിറ്റ് ടവറുകള്‍, ടീമുകള്‍ക്ക് ആധുനിക സൗകര്യമുള്ള ഡ്രസിംഗ് റൂം, മീഡിയ സെന്റര്‍, പവലിയന്‍ എന്നിവയെല്ലാം അടങ്ങിയ തീര്‍ത്തും അന്താരാഷ്ട്ര നിലവാരമുള്ള മത്സരങ്ങളാണ് മലയാളിക്ക് വിരുന്നെത്തിയിരിക്കുന്നത്.

ടീം അത്‌ലറ്റിക്കോ പാരനെന്‍സ്. ലൂക്കാസ് മക്കാന്‍ ഫെറീറ (ക്യാപ്റ്റന്‍), വാര്‍ലെസന്‍ സ്റ്റെയ്‌ലന്‍ ലിസ്‌ബോവ, ഗുസ്താവോ കാസ്‌കാഡോ, ഗെര്‍സണ്‍ ഗാല്‍ഡിനോ, ഓസ്‌കാര്‍ എഡ്വേഡോ, ജോസ് ഇവാല്‍ഡോ, മൈക്കിള്‍ ക്വിന്റാനില, നിക്കോളസ് വിക്യാറ്റോ, ഇഗര്‍ ഡി സില്‍വ, കായോ ഫെര്‍ണാണ്ടോ ഡി സില്‍വ, വെസ്്‌ലി ലിമ, വിക്ടര്‍ ഫീറ്റോസ, ലൂക്കാസ് കോസ്റ്റ, ലിയോണാഡോ പെരേര, വിക്ടര്‍ ഡി അല്‍മീഡ, ആന്ദ്രേ ലൂയിസ്, ഒലാവിയോ വയീര, ബ്രൂണോ റാഫേല്‍. മാര്‍സിലോ വില്യാനോ സില്‍വ (കോച്ച്).

ടീം വാട്്‌ഫോര്‍ഡ്
ജോര്‍ജ് ബയസ് (ക്യാപ്റ്റന്‍), ആഷ്‌ലി ചാള്‍സ്, ജോഷ് ഡിഹേര്‍ട്ടി, ആന്‍ഡ്രൂ എലിഫ്ത്തര്‍, മൈക്കിള്‍ ഫൊലീവി, ക്രിസ്റ്റഫര്‍ ഹേ, മാത്യു ഹാള്‍, അലക്‌സാണ്ടര്‍ ജാക്കൂബ്, ജോറല്‍ ജോണ്‍സണ്‍, ഡെനോണ്‍ ലെവിസ്, മഹ്്‌ലോണ്ടോ മാര്‍ട്ടിന്‍, ബ്രാന്‍ഡന്‍ മേസണ്‍, ബെര്‍നാഡ് മെന്‍ഷ, ഒലാജ്വന്‍ അഡീമോ, ലൂക്ക് സിംസണ്‍, റെല്‍ ഒവന്‍ഡന്‍, കാള്‍ സ്റ്റുവര്‍ട്ട്, ആല്‍ഫി യംഗ് സീന്‍ മുറെ. ഹാരി ക്യൂവല്‍ (കോച്ച്).

Latest